Connect with us

Articles

ആ ഇരുട്ട് ക്ലാസ്സ് മുറികളിലും അരിച്ചെത്തിയിരിക്കുന്നു

അജ്ഞതയുടെ അന്ധകാരം അകറ്റി വെളിച്ചം നിറക്കുകയാണ് അധ്യാപക ധര്‍മം. മനുഷ്യനാകണമെന്ന്, മതം നോക്കിയുള്ള വിഭജനം ഇന്ത്യക്കാര്‍ക്ക് നിരക്കുന്നതല്ലെന്ന് ഓതിക്കൊടുക്കാനാണ് പാഠപുസ്തകങ്ങളും ക്ലാസ്സ് മുറികളും. എന്നാല്‍ തൃപ്ത ത്യാഗിയും നേഹ പബ്ലിക് സ്‌കൂളും വന്നു നില്‍ക്കുന്നതെവിടെയാണെന്ന് നോക്കൂ. എന്ത് കഷ്ടമാണിത്?

Published

|

Last Updated

മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ ആ വീഡിയോ കണ്ട് മുഴുവനാക്കാന്‍ സാധിക്കാത്തവരായിരിക്കും കൂടുതല്‍. ഒരു മാസം മുമ്പ് മണിപ്പൂരില്‍ നിന്ന് മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നല്ലോ. രണ്ട് സ്ത്രീകളെ നഗ്നരാക്കി മാനഭംഗപ്പെടുത്തിയും മര്‍ദിച്ചും പരേഡ് നടത്തുന്ന ഒരു ആണ്‍കൂട്ടത്തിന്റെ ദൃശ്യങ്ങള്‍. അത്തരം കാഴ്ചകള്‍ ‘പുതിയ ഇന്ത്യ’യില്‍ സര്‍വസാധാരണമാകുകയാണ്. ന്യൂനപക്ഷങ്ങളും ദളിതുകളും ആദിവാസികളും രണ്ടാംതര പൗരന്മാരെന്നതിനേക്കാള്‍ ദയനീയമാം വിധം പീഡനങ്ങള്‍ക്ക് വിധേയരാകുന്നതാണ് സ്ഥിതി. എല്ലാ ദൃശ്യങ്ങളിലും ഒരു സാമ്യതയുണ്ട്. സംഘ്പരിവാരം കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി വിതച്ചും നട്ടു നനച്ചു വളര്‍ത്തിയും കൊയ്തുമെടുക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് എല്ലായിടത്തും വേട്ട നടത്തുന്നത്. ഇരയാകുന്നത്. മുസ്ലിമും ദളിതനും ക്രിസ്ത്യാനിയും ആദിവാസിയും നിരാലംബരായ സ്ത്രീകളും മാത്രമല്ല ഇന്ത്യയുടെ ആത്മാവ് കൂടിയാണ്.

നേഹ പബ്ലിക് സ്‌കൂളിലെ തൃപ്ത ത്യാഗി എന്ന ഒരു അധ്യാപിക അവരുടെ ക്ലാസ്സിലെ ഹിന്ദു വിദ്യാര്‍ഥികളോട് ഒരു മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ ആവശ്യപ്പെടുന്നതും അതനുസരിക്കുന്ന കുട്ടികളില്‍ ചിലര്‍ ഒരു മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളില്‍. ഏഴും എട്ടും ഒമ്പതുമൊക്കെയാണ് ആ കുഞ്ഞുങ്ങളുടെ പ്രായം. തന്റെ സഹപാഠിയായ ഒരു മുസ്ലിം തന്റെ തല്ലുകൊള്ളേണ്ടവനാണെന്ന് ഒരു ഹിന്ദു ബാലന്റെ മനസ്സില്‍ കൊത്തിവെക്കുകയാണ് ആ ടീച്ചര്‍ ചെയ്തത്. അവരെ അധ്യാപിക എന്ന് വിളിക്കുന്നതുപോലും മാനവികതയോടുള്ള മഹാ അപരാധമാണ്. വെറുപ്പിന്റെയും അപരവത്കരണത്തിന്റെയും ചാലകമാകുന്ന തൃപ്ത ത്യാഗി ഒരു നാടിന്റെ ഭാവിയെ വിഷം പുരട്ടി ഇരുട്ടത്ത് നിര്‍ത്തുകയാണ്. അജ്ഞതയുടെ അന്ധകാരം അകറ്റി വെളിച്ചം നിറക്കുകയാണ് അധ്യാപക ധര്‍മം. മനുഷ്യനാകണമെന്ന്, മതം നോക്കിയുള്ള വിഭജനം ഇന്ത്യക്കാര്‍ക്ക് നിരക്കുന്നതല്ലെന്ന് ഓതിക്കൊടുക്കാനാണ് പാഠപുസ്തകങ്ങളും ക്ലാസ്സ് മുറികളും. എന്നാല്‍ തൃപ്ത ത്യാഗിയും നേഹ പബ്ലിക് സ്‌കൂളും വന്നു നില്‍ക്കുന്നതെവിടെയാണെന്ന് നോക്കൂ. എന്ത് കഷ്ടമാണിത്? പണ്ട് ഹിറ്റ്ലറുടെ നാസി ജര്‍മനിയിലെ സ്‌കൂളുകള്‍ക്ക് സമാനമായ രംഗമാണ് നമ്മള്‍ ഉത്തര്‍ പ്രദേശില്‍ കണ്ടത്.

കലാലയങ്ങളില്‍ ഹിജാബ് നിരോധിക്കുന്നത്, മദ്റസകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നത്, ജാമിഅ മില്ലിയ്യ, അലിഗഢ് പോലുള്ള സര്‍വകലാശാലകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നത്, ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കുന്നത്, സിലബസ് പരിഷ്‌കരണത്തിന് ഹിന്ദുത്വ അജന്‍ഡകളുടെ ചുവടുപിടിക്കുന്നത് എന്നിങ്ങനെ ചാണിന് ചാണായും മുഴത്തിനു മുഴമായും ഇന്ത്യയിലെ ഹിന്ദുത്വര്‍ നാസികള്‍ക്ക് പഠിക്കുകയാണ്. ഇന്ത്യ ഒരു ലക്ഷണമൊത്ത നാസി സ്റ്റേറ്റ് ആകുകയാണ്.

മുസ്ലിമായതിന്റെ പേരില്‍ സഹപാഠികളുടെ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന ആ കുഞ്ഞ് ഇതിനകം ഏറ്റിട്ടുള്ള മാനസിക ആഘാതം എത്രയായിരിക്കും? ‘ഇതൊരു വലിയ പ്രശ്നമാക്കാതിരിക്കാന്‍’ ആ ബാലന്റെ വീട്ടുകാരുടെ മേല്‍ സമ്മര്‍ദമുണ്ടത്രെ. തല്ലിയ കുട്ടിയും തല്ലുകൊണ്ട കുട്ടിയും ആലിംഗനം ചെയ്യുന്ന വീഡിയോ പിടിച്ച് പ്രചരിപ്പിച്ചാല്‍ തൃപ്ത ത്യാഗി ഈ ദേശത്തിന് വരുത്തിവെച്ച നാണക്കേട് ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെ ഒരു ദൃശ്യം വന്നതോടെ ആദ്യത്തെ ദൃശ്യത്തെ പറ്റിയുള്ള ആശങ്കകള്‍ തീര്‍ന്നു. അതൊരു ഒറ്റപ്പെട്ട സംഭവമല്ലേ എന്നാണ് പലരുടെയും മട്ടും ഭാവവും. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് പുതിയ ഇന്ത്യയുടെ നൈരന്തര്യവും നേര്‍ക്കാഴ്ചയുമാണ്. മുസ്ലിം എന്ന ലേബലും വിശ്വാസവും പേരും വസ്ത്രവും മറ്റു അടയാളങ്ങളും വരെ ഇവിടെ രാജ്യ സുരക്ഷക്ക് വരെ പൊട്ടന്‍ഷ്യല്‍ ത്രെട്ട് ആണ് പോലും. തൃപ്ത ത്യാഗി ഇപ്പോഴും പറയുന്നത് അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. ഇത്തരം സാധാരണ സംഭവങ്ങളൊക്കെ ഇങ്ങനെ പര്‍വതീകരിക്കണോ എന്നാണവരുടെ ചോദ്യം! അവരെ സംബന്ധിച്ചിടത്തോളം മുസ്ലിംകള്‍ അവരുടെ സൈ്വര ജീവിതത്തിന് വിഘാതമാണ്, തടസ്സങ്ങളാണ്. സംഘ്പരിവാര്‍ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ട് ഈ നാട്ടില്‍ ഉണ്ടായിട്ടുള്ള സാമ്പത്തികവും സാമൂഹികവുമായ മുഴുവന്‍ പ്രശ്നങ്ങളുടെയും മുഖ്യഹേതു മുസ്ലിംകളുടെ സാന്നിധ്യമാണെന്ന ഹിന്ദുത്വ ദുഷ്പ്രചാരണങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്ന പതിനായിരങ്ങളില്‍ ഒരാളാണ് അവര്‍. ‘എന്റെ ഗ്രാമം മുഴുവന്‍ എന്റെ കൂടെയുണ്ട്’ എന്ന അവരുടെ അവകാശവാദം കൂടിയാകുമ്പോള്‍ ഹിന്ദുത്വ നുണകളുടെ വ്യാപ്തി ഒന്നാലോചിച്ചുനോക്കണം.

കതയില്‍ ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കെട്ടിയിട്ട് ഒരു മുസ്ലിം നാടോടി ബാലികയെ കുറച്ചുപേര്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് നമ്മള്‍ മറന്നുകാണില്ലെന്ന് വിചാരിക്കുന്നു. അന്ന് പ്രതികള്‍ക്ക് വേണ്ടി ഒരു ഗ്രാമം മുഴുവന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു. ബി ജെ പി ജനപ്രതിനിധികളായിരുന്നു അവരുടെ മുന്നില്‍. സംഘ്പരിവാരം ഗ്രാമഗ്രാമാന്തരങ്ങളില്‍ സാധിച്ചെടുത്ത ആഴത്തിലുള്ള സാമൂഹിക സംവിധാനത്തിന്റെ ശക്തിയാണത്. എത്ര വലിയതും കിരാതവുമായ കുറ്റകൃത്യം ചെയ്തുവന്നാലും സംഘ്പരിവാരം നെഞ്ചേറ്റുമെന്ന്, വേണ്ടിവന്നാല്‍ കോടതികള്‍ കൈയേറുമെന്ന്, മാലയിട്ടു സ്വീകരിക്കുമെന്ന്, ജയിലില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുവരുമെന്ന് അവര്‍ അണികള്‍ക്ക് വാക്കുകൊടുക്കുകയാണ്. ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ കുഞ്ഞിനെയും കുടുംബത്തെയും ചുട്ടുകൊല്ലുകയും ചെയ്ത പ്രതികളെ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. തെരുവുകള്‍ തോറും സ്വീകരണങ്ങളും നല്‍കി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെയും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവരെയും വര്‍ഗീയ വിഷം പരത്തുന്നവരെയും ആദരിച്ചും ആഘോഷിച്ചുമാണ് ഹിന്ദുത്വ രാഷ്ട്രീയം തിടം വെക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനക്കും നിയമ സംഹിതകള്‍ക്കും അതീതമായ ഒരു സമാന്തര രാഷ്ട്ര സംവിധാനം അവര്‍ എണ്ണയിട്ട യന്ത്രം പോലെ നടപ്പാക്കുകയാണ്. ആകെയുള്ള തടസ്സം, ഇവിടെയുള്ള വേണ്ടാത്തരങ്ങള്‍ അരങ്ങേറുന്ന വേളകളിലെല്ലാം രാജ്യാന്തര സമൂഹത്തില്‍ മോദിയും സര്‍ക്കാറും സമ്മര്‍ദത്തിലാകുന്നു എന്നതാണ്. മണിപ്പൂരിലെ വീഡിയോയും മുസഫര്‍ നഗറിലെ വീഡിയോയും രാജ്യാന്തരതലത്തില്‍ ഇന്ത്യക്ക് ഉണ്ടാക്കിയ നാണക്കേട് അത്രമേല്‍ ഭീമമാണല്ലോ. ഇന്റര്‍നെറ്റ് വിഛേദിച്ചും ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തിയും ഒരു വംശീയ ഉന്മൂലനത്തിനും വേണ്ടി വന്നാല്‍ അവര്‍ ശ്രമിക്കും. ലോകത്തിലേറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദനം നടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നത് ഇവിടെ കൂട്ടിവായിക്കണം. മണിപ്പൂരില്‍ പലയിടങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ല എന്നതും ഓര്‍ക്കുക.

അധികാരത്തിന് വേണ്ടി, മതം പറഞ്ഞുള്ള രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഉണ്ടാക്കിയവര്‍ ഈ നാടിനെ കൊണ്ടെത്തിച്ചിരിക്കുന്ന അങ്ങേയറ്റം അപകടകരമായ സ്ഥിതി വിശേഷം തിരിച്ചറിയാതെ പോകുന്ന ജനങ്ങളാണ് കൂടുതലെങ്കില്‍ നമുക്ക് നമ്മുടെ ഇന്ത്യയെ ശരവേഗം നഷ്ടമാകുന്നു എന്ന് മാത്രമാണ് അര്‍ഥം. വാര്‍ത്താ ചാനലുകള്‍, സിനിമ പോലുള്ള ദീര്‍ഘദൂര സ്വാധീനമുള്ള കലകള്‍ തുടങ്ങി പാഠപുസ്തകങ്ങളും ക്ലാസ്സ് മുറികളും വരെ സംഘ്പരിവാര്‍ കൈയടക്കി, വിഭജന രാഷ്ട്രീയത്തിന്റെ പ്രോപഗണ്ട പ്രചരിപ്പിക്കാനുള്ള മാര്‍ഗമൊരുക്കിയിരിക്കുന്നു. പോലീസ് സേനകളും അര്‍ധ സൈനിക സേനകളും രഹസ്യാന്വേഷണ ഏജന്‍സികളും ഭരണഘടനാ സ്ഥാപനങ്ങള്‍ വരെയും ഹിന്ദുത്വ വിഷം കലര്‍ന്ന് മലിനമായിരിക്കുന്നു. ഒന്നുരണ്ട് പതിറ്റാണ്ടു കൊണ്ട് നീതിപീഠം വരെ പക്ഷം പിടിക്കുമോ എന്ന പേടി ഇതിനകം ജനിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം ട്രെയിനില്‍ സഹയാത്രികരായ മുസ്ലിംകളെ വെടിവെച്ചുകൊന്ന ഒരു ആര്‍ പി എഫ് ജവാന്‍ ഈ യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. അഗ്നിപഥ് പോലുള്ള പദ്ധതികള്‍ ഇതുപോലെയുള്ള ആയുധ ധാരികളായ അപകടകാരികളെ കുറെയധികം നിര്‍മിക്കാനിരിക്കുകയാണ്.

ഞാനിതെഴുതുന്ന വേളയില്‍ ഹരിയാനയിലെ മേവാത്തില്‍ അതിഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂഹിലൂടെ വി എച്ച് പിയും ഭജ്‌റംഗ്ദളും പ്രഖ്യാപിച്ച ഘോഷയാത്രക്ക് അനുമതി ലഭിച്ചിട്ടില്ല. പോലീസിന്റെ അനുമതി തങ്ങള്‍ക്കാവശ്യമില്ലെന്നാണ് ഹിന്ദുത്വ വാദികളുടെ നിലപാട്. യു എ പി എയും എന്‍ എസ് എയും ഒന്നും ആ വഴിക്കേ വരില്ല. ഒന്ന് ഉറപ്പിച്ചു കണ്ണുരുട്ടാന്‍ പോലും അവിടുത്തെ ബി ജെ പി സര്‍ക്കാര്‍ മുതിരില്ല. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ രാജ്യം മുഴുവന്‍ നടന്ന് മണ്ണെണ്ണ ഒഴിക്കുകയാണ് ഇവര്‍. ഇനി തീപ്പെട്ടി ഉരച്ച് എല്ലാം കത്തിച്ചുമുടിച്ചു കളയാനാണ് അവരുടെ പുറപ്പാട്. ഇന്ത്യയെ തന്നെയാണ് അവര്‍ കൊല്ലുന്നത്. ഭാരത മാതാവ് എന്ന സഹവര്‍ത്തിത്വത്തിന്റെ സങ്കല്‍പ്പത്തെയാണ് അവര്‍ ബലികഴിക്കുന്നത്.

ഉടനടി ഒരു പരിഹാരം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം ജയിക്കുക എന്നതാണ്. കര്‍ണാടകയിലെയും ഹിമാചലിലെയും മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ വിജയം ഇന്ത്യ ഒട്ടുക്കുമുണ്ടാകുക എന്നത് നിലവിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിന് ഒരു അര്‍ധ വിരാമം കുറിക്കും. എന്നാല്‍ ഗ്രാമങ്ങളിലും നഗര മധ്യവര്‍ഗങ്ങള്‍ക്കിടയിലും ആഴത്തില്‍ താഴ്ന്നിറങ്ങിയ വര്‍ഗീയതയുടെ വിചാരങ്ങളെ വേരറുത്ത് കളയാന്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് വ്യക്തമായ പദ്ധതികള്‍ വേണ്ടിവരും. ഭാരതത്തെ ഒരുമിപ്പിക്കാനുള്ള യാത്രകള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തേണ്ടി വരും. അതിന് തുടര്‍ച്ചകളും വേണ്ടിവരും.

 

Latest