Prathivaram
ആ സ്വപ്‌നം ഇന്നും അകലെ
ദീർഘകാലം ജയപ്രകാശ് നാരായണന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി എബ്രഹാം അക്കാര്യം പറയുമ്പോൾ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറയുന്നതു കാണാം. സൂര്യനസ്തമിക്കാത്ത നാടിന്റെ ഉടമകളെ സഹനസമരത്തിലൂടെ കെട്ടുകെട്ടിച്ചു സമ്പൂർണ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ അതിനു നേതൃത്വം നൽകിയവർ സ്വപ്‌നം കണ്ട ഇന്ത്യ അകലെയാണെന്ന സങ്കടവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നു.
“പട്ടിണിപ്പാവങ്ങളില്ലാത്ത ഇന്ത്യ, തൊഴിലില്ലാത്തവരായും കിടപ്പാടമില്ലാത്തവരായും ഒരാളുപോലും ഇല്ലാത്ത ഇന്ത്യ, മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ, എല്ലാ പൗരനും തുല്യ പരിഗണന നൽകുന്ന ഇന്ത്യ, എല്ലാ വർക്കും മാന്യമായും സമാധാനത്തോടെയും ജീവിക്കാനാകുന്ന ഇന്ത്യ… ഇതൊക്കെയായിരുന്നു സർവോദയ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ സ്വപ്‌നം കണ്ട ഇന്ത്യ. ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. അതിനു രാഷ്ട്രീയവും മറ്റും തടസ്സമാകരുത്.’
ദീർഘകാലം ജയപ്രകാശ് നാരായണന്റെ പ്രൈവറ്റ് സെക്രട്ടറിയും മനം സൂക്ഷിപ്പുകാരനും നിഴലുമായിരുന്ന ചെങ്ങന്നൂർ മാന്നാർ കുട്ടമ്പേരൂർ കുന്നക്കൽ ടി എബ്രഹാം ഇതുപറയുമ്പോൾ മുഖത്തു പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറയുന്നു. സൂര്യനസ്തമിക്കാത്ത നാടിന്റെ ഉടമകളെ സഹനസമരത്തിലൂടെ കെട്ടുകെട്ടിച്ചു സമ്പൂർണ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാം വാർഷികം ഇന്ത്യൻ ജനത ആഘോഷിക്കുമ്പോൾ അതിനു നേതൃത്വം നൽകിയവർ സ്വപ്‌നം കണ്ട ഇന്ത്യ ഇന്നും അകലെയാണെന്ന സന്ദേശവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നു.
” പ്രതീക്ഷ അസ്തമിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിട്ടെങ്കിലും ഇനിയും അതിനു സമയം ഏറെയുണ്ട്. അതിനു കൂട്ടായ ശ്രമം വേണം. ഊണും ഉറക്കവും ഉപേക്ഷിച്ചു പാർലിമെന്ററി വ്യാമോഹം അശേഷമില്ലാതെ ജനമധ്യത്തിൽ ജീവിച്ച ജയപ്രകാശ് നാരാണനെപ്പോലെ നിസ്വാർഥ പ്രവർത്തകരാകണം ഓരോ പൊതുപ്രവർത്തകരും. അവർ ഉത്തരവാദിത്വങ്ങൾ ലാഭേഛയില്ലാതെയാകണം ഏറ്റെടുക്കേണ്ടത്. അത് ആത്മാർഥത നിറഞ്ഞ സേവനങ്ങളാകണം. ഒരേ മനസ്സോടെ പ്രയത്‌നിച്ചാൽ ജെ പിയുടെ മാത്രമല്ല, ഗാന്ധിജിയും നെഹ്്റുവുമൊക്കെ സ്വപ്‌നം കണ്ട ഇന്ത്യ സാക്ഷാത്കരിക്കാവുന്നതേയുള്ളൂ. അതോടൊപ്പം വർഗീയത ഓരോ പൗരന്റെയും ഉള്ളിൽ നിന്നും വലിച്ചെറിയണം.’ ജെ പി യുടെ സോഷ്യലിസ്റ്റ് ആശയങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന എബ്രഹാം എന്ന 88 കാരൻ ഇതു പറയുമ്പോൾ ജനാധിപത്യ ഇന്ത്യയിലെ നേതാക്കൾക്കിടയിൽ കണ്ടുവരുന്ന അഴിമതിക്കഥകളും വ്യാപകമാകുന്ന വർഗീയ വികാരങ്ങളും പറയാതെ പറയുകയും ചെയ്യുന്നു. ഒപ്പം ജയപ്രകാശ് നാരായണനോടൊപ്പം ചെലവഴിച്ച ഒരോ നിമിഷങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു.
സന്തത സഹചാരി
1957ൽ തൊഴിൽ തേടിയാണ് ഉത്തരേന്ത്യയിൽ എബ്രഹാം എത്തുന്നത്. മൂന്ന് വർഷം ഭോപ്പാലിൽ സർക്കാർ സർവീസിലായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബൽവന്ത്‌റായി മേത്ത കമ്മീഷന്റെ ശിപാർശപ്രകാരം ഓൾ ഇന്ത്യാ പഞ്ചായത്ത് പരിഷത്തിന്റെ കീഴിൽ “സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻ പഞ്ചായത്തീരാജ്’ എന്ന സ്ഥാപനം ഡൽഹിയിൽ സ്ഥാപിച്ചു. അവിടെ ജോലി ചെയ്യുമ്പോഴാണ് ജെ പിയെ ആദ്യമായി കാണുന്നത്. അദ്ദേഹം സ്ഥാപക ഡയറക്ടറായി ബനാറസിൽ ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആരംഭിച്ചപ്പോൾ ഒപ്പം കൂട്ടി. ടോട്ടൽ റവല്യൂഷൻ എന്ന നാല് വാല്യങ്ങളുള്ള പുസ്തകത്തിന്റെ എഡിറ്ററായിരുന്ന ബ്രഹ്മാനന്ദായിരുന്നു അപ്പോൾ ജെ പിയുടെ സെക്രട്ടറി. പിന്നീട് എന്നെ സെക്രട്ടറിയാക്കുകയായിരുന്നു. ഏറെ ആശങ്കയോടെയാണ് ആ പദവി ഏറ്റെടുത്തതെങ്കിലും 15 വർഷത്തോളം ആ പദവി അലങ്കരിച്ചു. ജെ പി മരണപ്പെടുന്ന 1979 ഒക്ടോബർ എട്ട് വരെ ഞാൻ മാത്രമായിരുന്നു സെക്രട്ടറി. ഊണിലും ഉറക്കത്തിലും എല്ലാ കാര്യത്തിനും ഞാൻ എപ്പോഴും അടുത്തുണ്ടായിരിക്കണം. 20 മണിക്കൂറുകൾ വരെ ജോലി ചെയ്യേണ്ടി വന്ന സന്ദർഭം ഉണ്ടായിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്നു പറയുമായിരുന്നു. ആ കാലയളവിൽ ഇന്ത്യയിലെ ഒട്ടനവധി ദേശീയ നേതാക്കളുമായി ബന്ധപ്പെടാനും പരിചയപ്പെടാനും അവസരം ലഭിച്ചു. ചന്ദ്രശേഖർ, ജോർജ് ഫെർണാണ്ടസ്, കർപ്പൂരി ഠാക്കൂർ, രാമാനന്ദ് തീവാരി അങ്ങനെ എത്രയോ പേർ. അടിയന്തരാവസ്ഥക്കാലത്ത് കർപ്പൂരി ഠാക്കൂർ പാറ്റ്‌നയിലെ എന്റെ വീട്ടിലായിരുന്നു ഒളിവിൽ താമസിച്ചിരുന്നത്. അവരിൽ ഒരാളായ ചന്ദ്രശേഖരൻ ഭാരതയാത്ര നടത്തിയപ്പോൾ കേരളം സന്ദർശിച്ച അവസരത്തിൽ കുട്ടമ്പേരൂരിലുള്ള എന്റെ വീട്ടിലും എത്തിയിരുന്നു.
ഇന്ത്യയിലെ മുതിർന്ന സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണനോടൊപ്പം ചെലവഴിച്ച നാളുകൾ തന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങളായിരുന്നുവെന്ന് എബ്രഹം ഓർമിക്കുന്നു. വലിയ മനുഷ്യസ്‌നേഹിയായിരുന്നു ജെ പി. ഓരോ പൗരന്റെയും ജീവിതത്തെക്കുറിച്ചു ഏറെ ചിന്തിച്ചിരുന്ന അദ്ദേഹം പാവങ്ങളുടെ ജീവിത നിലവാരം എങ്ങനെ ഉയർത്താം എന്ന ചിന്തയിലായിരുന്നു ഓരോ നിമിഷവും. എന്റെ കുടുംബത്തോടും മക്കളോടുമെല്ലാം വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രഭാവതിദേവിക്കും. ഞാൻ അവരെ ദീദി എന്നാണ് വിളിച്ചിരുന്നത്. അവർ എനിക്കു ഒരമ്മയേപ്പോലെയായിരുന്നു. എവിടെപ്പോയാലും അവർ എന്നെയും കൂട്ടും. ചെല്ലുന്നിടത്തെല്ലാം അവർ ആതിഥേയരോടു പറയും “എബ്രഹാം കേരളക്കാരനാണ്. ചോറും തൈരും കൊടുക്കണം.’ ക്യാൻസർ ബാധിച്ചുള്ള അവരുടെ വേർപാട് വലിയ ദുഃഖമായിരുന്നു.
അടിയന്തരാവസ്ഥയെപ്പറ്റി
വിവിധ കാരണങ്ങളാൽ ബിഹാറിൽ മാത്രമല്ല അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരേയും നിരവധി പ്രക്ഷോഭങ്ങൾ നടക്കുന്ന കാലം. അതിന്റെയെല്ലാം നേതൃസ്ഥാനത്ത് ജയപ്രകാശ് നാരായണനായിരുന്നു. അതിന്റെ ഭാഗമായി 1974ൽ ജയപ്രകാശ് നാരായണൻ സമ്പൂർണ വിപ്ലവത്തിനു തുടക്കം കുറിച്ചിരുന്നു. ഇന്ദിരാഗാന്ധി ഏകാധിപത്യ ഭരണം നടത്തുന്നു എന്നതായിരുന്നു ജെ പി ഉയർത്തിയ പ്രധാന ആരോപണം. 1975 ജൂൺ ആയപ്പോഴേക്കും കേന്ദ്രത്തിലെ അഴിമതി ഭരണം രാജിവെക്കണമെന്നാവശ്യപ്പെട്ടു ജെ പിയുടെ നേതൃത്വത്തിൽ പൊതുസമൂഹം പ്രക്ഷോഭ പരിപാടികളുമായി കൂടുതൽ ശക്തമായി മുന്നോട്ടു വന്നു. ഇതിനിടയിലാണ് 1975 ജൂൺ 11ന് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി വരുന്നത്. രാജ്‌നാരായൺ കൊടുത്ത ഹരജിയിൽ ജസ്റ്റിസ് എം എൽ സിൻഹയുടെതായിരുന്നു വിധി. സുപ്രീം കോടതിയിൽ നിന്നും ഇതിനെതിരെ നിരൂപാധികം സ്റ്റേക്ക് ഇന്ദിരാ ഗാന്ധി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ആ ദിവസം തന്നെയായിരുന്നു മൊറാൻജി ദേശായിയുടെ നേതൃത്വത്തിൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷം വിജയിക്കുന്നതും കോൺഗ്രസ്സ് പരാജയപ്പെടുന്നതും. ഇതെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണങ്ങളായി. അങ്ങനെയാണ് 1975 ജൂൺ 25നു അർധരാത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലാകുന്നതും.
തെറ്റിദ്ധരിക്കപ്പെട്ട സമ്പൂർണ വിപ്ലവം
ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹി രാംലീലാ മൈതാനിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ റാലിയും പ്രതിഷേധ സംഗമവും നടക്കുന്നു. ആ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ജയപ്രകാശ് നാരായണൻ “ഇതാ വരുന്നു ജനശക്തി…സിംഹാസനങ്ങൾ അവർക്കായി കൈമാറൂ…’ എന്ന രാംധാരി ദിനകരിന്റെ കവിതകൾ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു.. “സഖാക്കളേ, ഭാവി ഇന്ത്യ നമ്മുടേതാണ്. സമ്പൂർണ വിപ്ലവമാണ് നമ്മുടെ മുദ്രാവാക്യം. അന്യായമായ ഉത്തരവുകൾ നാം അനുസരിക്കേണ്ടതില്ല. ജനങ്ങൾക്കും സേനാവിഭാഗങ്ങൾക്കുപോലും ഇത്തരം ഉത്തരവുകൾ ചുമക്കേണ്ട ബാധ്യതയില്ല…’ അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ജനം ഇളകിമറിയുകയായിരുന്നു. അന്നു പാതിരാത്രിയോടെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഇതേസമയം, ജയപ്രകാശ് നാരായണൻ മുന്നോട്ടുവെച്ച സമ്പൂർണ വിപ്ലവം എന്ന ആശയം ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു എബ്രഹാം പറയുന്നു. നിലവിലുള്ള ഭരണകൂടത്തിനെതിരാണ് സമ്പൂർണ വിപ്ലവമെന്നു പലരും ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. അതേസമയം, സർക്കാറുമായി പല കാര്യങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നപോലെതന്നെ പല കാര്യങ്ങളിലും സർക്കാറിനെ അനുകൂലിക്കേണ്ടതായും സമ്പൂർണ വിപ്ലവം എന്ന ആശയത്തിൽ അടങ്ങിയിരുന്നു. അതു ഗാന്ധിയൻ മാനവികതാ ദർശനത്തിനു വളരെ അടുത്തതും അടിയുറച്ചതുമായിരുന്നു. കേവലം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്. സാമൂഹിക രംഗത്തും അതു പ്രസക്തമായിരുന്നു. വിദ്യാഭ്യാസ-സാംസ്കാരിക-പാരിസ്ഥിതിക മേഖലകളിലും അതിനു പ്രസക്തിയുണ്ടായിരുന്നു. എന്നാൽ സർക്കാറിനെതിരെ കലാപം ഉണ്ടാക്കുകയാണ് ജെ പി ചെയ്തതെന്നായിരുന്നു മിക്കവരും ധരിച്ചത്. പോലീസിനേയും പട്ടാളത്തേയും ലഹളക്കു പ്രേരിപ്പിക്കുന്നു എന്ന ആരോപണവും തെറ്റായിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ തുറന്നു പറയാൻ തങ്ങൾക്കു അവസരം ലഭിച്ചിരുന്നില്ല എന്നും എബ്രഹം ഓർക്കുന്നു. അതേസമയം, ഇന്ദിരാഗാന്ധിയെ മകളെപ്പോലെയാണ് ജയപ്രകാശ് നാരായണൻ കരുതിയിരുന്നത്. വളരെ ഊഷ്മളമായ ബന്ധമായിരുന്നു അവർ തമ്മിൽ. ഇന്ദു എന്നായിരുന്നു ഇന്ദിരയെ ജെ പി വിളിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു പിൽക്കാലത്ത് എബ്രഹാമിനോടു ജെ പി ചോദിച്ചുവത്രെ… “ഇന്ദുവിനു എങ്ങനെ ഇതൊക്കെ ചെയ്യാൻ കഴിയുന്നുവെന്നു.’
ജെ പിയുടെ ദുഃഖം
ജയപ്രകാശ് നാരായണനുമായി ചെലവഴിച്ച ഒന്നര പതിറ്റാണ്ടുകാലത്തെ അനുഭവങ്ങൾ എത്ര പറഞ്ഞാലും തീരാത്തതായി ബാക്കി നിൽക്കുമ്പോൾ ജെ പിയുടെ ജീവിതശുദ്ധിയെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മദ്രാസിൽ വെച്ച് ടർലിൻ ഷർട്ട് ധരിച്ച എബ്രഹാമിനെക്കണ്ട ചിലർ ജയപ്രകാശിനോടു തന്നെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ “അത് ധരിക്കുന്നത് എബ്രഹാമിന്റെ ഇഷ്ടം’ എന്നു അവരോടു പറഞ്ഞതും പിറ്റേ ദിവസം തന്നെ ടർലിൻ ഷർട്ട് മാറ്റി ഖദർ ഷർട്ട് ധരിച്ചതും എബ്രഹാമിന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്. പോകുന്നിടത്തെല്ലാം അദ്ദേഹം തന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. എല്ലാവരേയും തന്നെ പരിചയപ്പെടുത്താൻ മറന്നിരുന്നില്ല. തന്റെ മക്കളോടും കുടുംബത്തോടും ഏറെ സ്നേഹമായിരുന്നു അദ്ദേഹത്തിന്. ജയപ്രകാശ് നാരായണൻ അദ്ദേഹത്തിനു പലപ്പോഴായി എഴുതിയ ഒട്ടേറെ വിലപിടിപ്പുള്ള കത്തുകൾ അദ്ദേഹം സൂക്ഷിച്ചു െവച്ചിരുന്നുവെങ്കിലും പലരും പലപ്പോഴായി പല കാരണം പറഞ്ഞു കൊണ്ടുപോയെങ്കിലും മടക്കിക്കൊടുത്തില്ല. മാധ്യമപ്രവർത്തകരും കേരളത്തിലെ ഒരു പ്രമുഖ നേതാവും അതിൽ ഉൾപ്പെടുന്നതായി അദ്ദേഹം പറയുമ്പോൾ ആ നേതാവിന്റെ പേര് തത്്കാലം വെളിപ്പെടുത്താനില്ലായെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു..
ഇന്ത്യയുടെ ഭാവിയേക്കുറിച്ചും 75ാം സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള എബ്രഹാം ഇന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്നിട്ടില്ല. എന്നാൽ ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും നിലനിൽക്കണം. അതിനായി കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. നാടിന്റെ ഇന്നത്തെ പോക്കിൽ ആശങ്കയുണ്ട്.
ഭാരിച്ച കുടുംബസ്വത്തുക്കൾ മുഴുവനും സർവോദയ പ്രസ്ഥാനത്തിനു വിട്ടുകൊടുത്ത ജയപ്രകാശ് നാരായണൻ തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഗാന്ധിതത്വചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഏക പ്രമാണമെന്നും എബ്രഹാം സ്മരിക്കുന്നു. ജനതാപാർട്ടി ഛിന്നഭിന്നമായതിൽ അതീവ ദുഃഖിതനായിരുന്ന ജെ പി ഒരിക്കൽ എബ്രഹാമിനോടു പറഞ്ഞു. “അതും കാണേണ്ടിവന്നല്ലോ’ എന്ന്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചു അവസാന നാളുകളിൽ ഏറെ ദുഃഖിതനായിരുന്ന അദ്ദേഹം “എന്റെ ലോകം എനിക്കു ചുറ്റും തകർന്നടിയുകയാണ്.’ എന്ന് ആശങ്കപ്പെട്ടിരുന്നു. എല്ലാ സമയത്തും ജെ പിയുടെ സന്തത സഹചാരിയായി നടന്ന എബ്രഹാമിന് നിരവധി കാര്യങ്ങൾ ഇനിയും ഓർമയിലുണ്ട്. ജെ പി രംഗമൊഴിഞ്ഞെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പേറി എബ്രഹാം ഇന്നത്തെ ലോകത്തെ വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെ മാറ്റത്തെ അറിഞ്ഞുകൊണ്ടേയിരിക്കുന്നു.