ആത്മായനം
ആ പലായനം നമുക്ക് പാഠപുസ്തകമാണ്
വിശ്വാസത്തേയും ആദർശജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലങ്ങളെ കണ്ടറിഞ്ഞ് അനുകൂലമായ അവസ്ഥകളിലേക്ക് മനസ്സിനെ നയിക്കണം. മാനസികമായ ഹിജ്റകൾ വ്യക്തിജീവിതത്തിൽ ഇടക്കിടെ അനിവാര്യമാണ്. നിങ്ങളെ വിചാരണ ചെയ്യും മുമ്പേ ആത്മവിചാരണ ചെയ്യണമെന്ന പാഠം അതാണ്. ക്രമംതെറ്റിയ സംസാര ദൃശ്യ ശ്രാവ്യങ്ങൾക്ക് അവസരമുണ്ടാകരുത്. അത്തരം അപായങ്ങളിൽ നിന്നും അകന്നുകഴിയണം.
വേവുന്ന മരുപ്പരപ്പിൽ ആരോ കരയുന്നുണ്ടല്ലോ? ആരാണത് ? ഉമ്മുസലമ (റ) യാണ്. കുടുംബത്തോടൊപ്പം ഹിജ്റക്കിറങ്ങിയ അവരെ ഭർത്താവിൽ നിന്നും മകനിൽ നിന്നും കരുണ വറ്റിയ ശത്രുക്കൾ വേർപെടുത്തിയിരിക്കുന്നു.
ഇയാശുബ്നു അബീറബീഅ നടന്ന് സറഫ് താഴ്്വാരത്തെത്തിയപ്പോഴാണ് ചിലർ യാത്ര മുടക്കാൻ ഒരുങ്ങിയത്. ഉമ്മയുടെ പേരു പറഞ്ഞ് അനുനയിപ്പിച്ച് അവർ ഇയാശിനെ തിരികെ കൊണ്ടുപോയി ബന്ധിയാക്കി. ദിവസങ്ങൾ കഴിഞ്ഞാണ് ഹിജ്റക്ക് ഭാഗ്യമുണ്ടായത്.
സർവായുധ വിഭൂഷിതനായി നെഞ്ചു വിരിച്ച് കഅ്ബയിൽ ത്വവാഫ് ചെയ്യുന്നത് ഉമറാണ്(റ). മഖാമു ഇബ്റാഹിമിനു പിന്നിൽ നിന്ന് നിസ്കരിച്ച് ഉറക്കെ പോരാട്ട വെല്ലുവിളി. അതിനു മുന്നിൽ ജനം വെറുങ്ങലിച്ചു, പിന്മാറി. പ്രതിഷേധമുയർത്തി പരസ്യമായൊരു പലായനം.
അകത്ത് സൗർ ഗുഹയുടെ ഇരുൾ. പുറത്ത് ക്രൂരന്മാരുടെ കാൽപെരുമാറ്റം. അബൂബക്കർ(റ) പേടിച്ചരണ്ടു. എന്തിന് ആകുലപ്പെടണം? അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന തിരുനബി(സ)യുടെ വാക്ക് അകമേ കുളിര് കോരിയിട്ടു. ശത്രുക്കൾ വന്നവഴിക്ക് പോയി. അബ്ദുല്ലാഹിബ്നു ഉറൈഖത്തിന്റെ കൂടെ ആ മലമ്പാതയിറങ്ങി അവരിരുവരും നടന്നു. ഖുദൈദയിലൂടെ ഖസ്സാറും കടന്ന് മുർറത്ത് മലമ്പാത വഴി ലിഖ്ഫ, മിജാജ്, ദീകശ്ർ, അജ്റദ്, ദൂസലം തുടങ്ങി നിരവധി ഇടങ്ങളിലൂടെ നീണ്ട സാഹസിക യാത്ര. ആരുടെ കണ്ണിലും പെടാതെ ദുർഘടവഴികളിലൂടെയിതാ കരിമ്പാറകൾ അതിരിട്ട ഈന്തപ്പനത്തോപ്പുകളുടെ നാട്ടിലേക്ക്.
പോകാൻ പുറപ്പെട്ട നേരം തിരിഞ്ഞുനിന്ന് “മക്കാ…’ യെന്ന വിളിയുടെ നീറ്റൽ ഒരു തുടം കണ്ണീരായി അവിടെ തന്നെ തളംകെട്ടി നിൽക്കുന്നുണ്ടാകും. ചരിത്രത്തിന്റെ ശകലങ്ങളിൽ തൊട്ടപ്പോൾ കണ്ട സംഭവങ്ങൾക്കിടയിൽ നിന്ന് എന്താണ് നമ്മൾ അനുഭവപ്പെടുന്നത്. വിരഹവേദനയുടെ കണ്ണീരുപ്പിനൊപ്പം ഈമാനിന്റെ സൗരഭ്യം. ഹാ… വിശ്വാസ ദൃഢതക്കു മുന്നിലെന്തു വേദന?!
ഹിജ്റയുടെ ഒരുക്കമാണെല്ലാം. വിശ്വാസികളെ വീർപ്പുമുട്ടിക്കാൻ ഭൂരിപക്ഷം ഉടുത്തൊരുങ്ങിയപ്പോൾ സജ്ജമാക്കിയ ക്രിയാത്മക പ്രതിരോധമായിരുന്നു ആ യാത്ര.
പതുങ്ങലോ മുട്ടുമടക്കലോ തോറ്റുപിന്മാറലോ ആയിരുന്നില്ല, കുതിപ്പിന്റെ ചുവടൊരുക്കമായിരുന്നു.വിശ്വാസദാർഢ്യം, സമർപ്പണം, ധീരത, സാഹസികത, പ്രതിഷേധം, നെഞ്ചുറപ്പ്, സാഹോദര്യം, സ്നേഹം തുടങ്ങിയ അനേകം ഘടകങ്ങൾ ഉള്ളടക്കമായ പലായനം. തുടർന്നങ്ങോട്ട് വിജയകഥകൾ, ബൃഹത്തായ സംസ്കാരത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്, പ്രഫുല്ലമായൊരു നാഗരികത, കരുത്തുറ്റ ഭരണകൂടം, ഭൂപടങ്ങൾ മുറിച്ചുകടന്ന് പടർന്നുപന്തലിച്ച ആ വിജയക്കൊടി ആട്ടിയോടിക്കാൻ വന്ന ശത്രുക്കളുടെ നെഞ്ചത്ത് ഒടുവിൽ നാട്ടിയ ചരിത്രമാണതിന്റെത്.
ഹിജ്റ അഭയാർഥികളുടെ പലായനമായിരുന്നില്ല, വേദന പേറിയുള്ള നാടുവിടലുമല്ല. മറിച്ച് ഒരു രാഷ്ട്രശിൽപ്പിയുടെയും അനുയായികളുടെയും വിപ്ലവസഞ്ചാരമായിരുന്നു. ഊഷര മേട്ടിൽ നിന്നും ഫലഭൂയിഷ്ഠമായ മേച്ചിൽപുറം തേടിയുള്ള സഞ്ചാരമാണത്. സ്ഫുടമായ ഒരൊഴുക്കാണത്.
പറഞ്ഞാൽ നീണ്ടുപോകും. ഇസ്ലാമിക ചരിത്രത്തിന്റെ നാഴികക്കല്ലാണത്. പക്ഷേ, ആ ചരിത്രത്തിന് ഇന്നെന്തു പ്രസക്തി? അതിന് വല്ല ഉത്പാദനക്ഷമതയുമുണ്ടോ? ഈ ചോദ്യവും അതിനുള്ള ഉത്തരവും ചരിത്രത്തിൽ തന്നെയുണ്ട്. അതേ കുറിച്ചറിയാനാണ് ഈ കുറിപ്പ് നമ്മൾ വായിക്കുന്നതും.
പാഠം ഒന്ന്
ബഹുലമായ ത്യാഗത്തിന്റെ ആവിഷ്കാരമാണ് ഹിജ്റ. എന്താണ് ത്യാഗം? മറ്റാർക്കും സാധിക്കാത്ത കാര്യം ചെയ്യുന്നതാണോ? അല്ല, നമുക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സൗകര്യവും സ്വാതന്ത്ര്യവും എമ്പാടുമുള്ള കാര്യങ്ങൾ, നമ്മുടെ ആവശ്യങ്ങൾ മാറ്റിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത്, മറ്റുള്ളവർക്കനുഭവിക്കാൻ നൽകുന്നതാണ് ത്യാഗമനസ്സ്. ആരാണ് മുഹാജിർ എന്ന് നബി (സ) യോട് ചോദിക്കുകയുണ്ടായി. നബി(സ) നൽകിയ മറുപടി ഹിജ്റയുടെ ആത്മാവ് എക്കാലത്തും സൂക്ഷിക്കാൻ ഉപയുക്തമാണ്. “അല്ലാഹു വിലക്കിയത് വെടിയുന്നവനാണ് മുഹാജിർ.’
വെടിയാനുള്ള ത്യാഗസന്നദ്ധത അതിന്റെ മൂർത്തഭാവം പ്രാപിക്കുമ്പോഴാണ് ഹിജ്റയുടെ സമർപ്പണമെന്ന സന്ദേശം അന്വർഥമാകുന്നത്. ഉപേക്ഷിക്കേണ്ടതൊക്കെ മാറ്റിവെച്ചശേഷം, ജീവിതത്തിൽ നന്മ കുറച്ചേയുള്ളൂവെങ്കിലും അതാർക്കു മുമ്പിലും സമർപ്പിക്കാം. എന്നാൽ, വെടിയേണ്ടവയുടെ സാന്നിധ്യത്തിൽ നന്മകളുടെ തിളക്കം തീർത്തും കുറയും. അതിന്റെ ചുവടെ വളരുന്നത് തിന്മകളായിരിക്കും. കൃഷിക്ക് നൽകുന്ന വളവും വെള്ളവും ഊറ്റിക്കുടിച്ച് കള വളർന്നാലെങ്ങനെയിരിക്കും?മുഹാജിറുകളുടെ ഭൗതികവിരക്തിയെ, വിശ്വാസിജീവിതത്തിൽ പരമാവധി ആവിഷ്കരിക്കപ്പെടണം.
ലൗകികജീവിതത്തിന്റെ സൗകര്യങ്ങൾ ദൈവിക പ്രീതിക്കും പ്രവാചക കൽപ്പനകൾക്കും മുമ്പിൽ അവർക്ക് വലുതല്ലായിരുന്നു. ബഹുലമായ ബിസിനസ്സ് വളർച്ചനേടിത്തന്ന സമ്പന്ന പദവിയെ തെല്ലും ഗൗനിക്കാതെ തിരുനബി(സ)ക്കൊപ്പം ഇറങ്ങിപ്പോകാൻ ബഹുമാനപ്പെട്ട സുഹൈബ് (റ) തയാറായത് അതുകൊണ്ട് തന്നെയാണ്. നിന്റെ സ്വർണഖനികളുടെ അധികാരം ഇനി ഞങ്ങളുടെ കൈയിലിരിക്കട്ടെയെന്ന ഭീഷണി അവരെ പുറകോട്ട് വലിച്ചില്ല. കരുത്തോടെ മുന്നോട്ട് നയിച്ചു.
പാഠം രണ്ട്
വിശ്വാസത്തേയും ആദർശജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലങ്ങളെ കണ്ടറിഞ്ഞ് അനുകൂലമായ അവസ്ഥകളിലേക്ക് മനസ്സിനെ നയിക്കണം. മാനസികമായ ഹിജ്റകൾ വ്യക്തിജീവിതത്തിൽ ഇടക്കിടെ അനിവാര്യമാണ്. നിങ്ങളെ വിചാരണ ചെയ്യും മുമ്പേ ആത്മവിചാരണ ചെയ്യണമെന്ന പാഠം അതാണ്. ക്രമംതെറ്റിയ സംസാര ദൃശ്യ ശ്രാവ്യങ്ങൾക്ക് അവസരമുണ്ടാകരുത്. അത്തരം അപായങ്ങളിൽ നിന്നും അകന്നുകഴിയണം. നമ്മുടെ ചുറ്റുപാടുകൾ സാംസ്കാരിക നിലവാരമുള്ളതാക്കണം. മുജാലസാത്തു സ്വാലിഹീനൽ ഫുള്ളലാ എന്ന നല്ല പരിഹാരത്തെ സ്വീകരിക്കുക എന്ന് ചുരുക്കം.”താങ്കളെ കുഴപ്പത്തിലകപ്പെടുത്തി, നാം അയക്കുന്ന ദിവ്യസന്ദേശങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഈ ജനം ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
നീ സ്വയംകൃത വചനങ്ങൾ നമ്മുടെ പേരിൽ ആരോപിക്കാൻ വേണ്ടിയാണിതൊക്കെ. അങ്ങനെ ചെയ്താൽ തീർച്ചയായും അവർ നിന്നെ സുഹൃത്തായി സ്വീകരിക്കും’ (അൽ ഇസ്റാഅ്: 73). തിരുനബി(സ)ക്ക് മക്കയിൽ അഭിമുഖീകരിക്കേണ്ടിവന്ന ഒരു പതിറ്റാണ്ടു കാലത്തെ അവസ്ഥയെപ്പറ്റിയാണ് പ്രസ്തുത സൂക്തം വിവരിക്കുന്നത്. മക്കയിലെ സത്യനിഷേധികൾ നബി (സ) യെ പ്രബോധനത്തിൽനിന്ന് തെറ്റിക്കാനും അവർ അനുവർത്തിച്ചുപോരുന്ന വികലവാദങ്ങളോട് സന്ധിയാക്കാനുമുള്ള തീവ്രശ്രമമാണ് നടത്തിയിരുന്നത്. “ഈ മണ്ണിൽനിന്ന് താങ്കളുടെ പാദമിളക്കാനും താങ്കളെ ഇവിടെനിന്ന് പുറത്താക്കാനും അവർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. എന്നാൽ അത് നടപ്പിലായാൽ പിന്നെ നിനക്കു ശേഷം അധികകാലമൊന്നും അവരവിടെ വാഴാൻ പോകുന്നില്ല’ (അൽ ഇസ്റാഅ്: 76). മക്കയിലെ നിഷേധികൾ നബി തിരുമേനിയെ ദേശത്യാഗത്തിന് നിർബന്ധിതനാക്കുകയായിരുന്നു. പിന്നീട് എട്ട് വർഷത്തിലധികം വേണ്ടി വന്നില്ല, അവിടുന്ന് ജേതാവായി മക്കയിൽ തിരികെ പ്രവേശിക്കാൻ. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ തന്നെ അറേബ്യൻ അർധദ്വീപ് സമ്പൂർണമായും ഇസ്്ലാമിന്റെ വഴിയിൽ നടന്നു.
“പ്രാർഥിക്കുക: നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ, എവിടെ നിന്നു പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കൽ നിന്നുള്ള ഒരു അധികാരശക്തിയെ എനിക്ക് തുണയാക്കി തരികയും ചെയ്യേണമേ!’ (അൽ ഇസ്റാഅ്: 80). ഈ പ്രാർഥന ദേശത്യാഗത്തിന്റെ (ഹിജ്റ) സമയം ആസന്നമായിരിക്കുന്നുവെന്ന സൂചനയാണ് നൽകിയത്. സത്യം എപ്പോഴും താങ്കളുടെ കൂടെ ഉണ്ടായിരിക്കണമെന്നും എവിടെ നിന്ന് പുറത്തുപോവുകയാണെങ്കിലും സത്യത്തിനു വേണ്ടി പുറത്തുപോകണമെന്നും എവിടെ പ്രവേശിക്കുന്നതും സത്യത്തോട് കൂടിയായിരിക്കണമെന്നുമാണല്ലോ പ്രാർഥന.
അങ്ങനെ തങ്ങളുടെ ദൗത്യനിർവഹണത്തിന്റെ ഭാഗമായി ദൈവിക കൽപ്പനകൾക്കനുസൃതമായി എതോപ്യയിലേക്കും മദീനയിലേക്കും റസൂലും സ്വഹാബത്തും യാത്ര തിരിക്കുകയായിരുന്നു. വിശ്വാസി സമൂഹത്തിന്റെ ഉയിർപ്പിനു വേണ്ടിയുള്ള യാത്ര. നാടുകളിൽനിന്ന് നാടുകളിലേക്ക്, ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക്. ഈ യാത്രയാണ് നമുക്കെന്നും പ്രചോദനം. ഇരുൾ പരക്കുന്ന കാലത്തും പ്രതീക്ഷകളൊരിക്കലും അസ്തമിക്കുന്നില്ലെന്ന് ഹിജ്റ നമ്മോട് വിളിച്ചു പറയുന്നു.
പാഠം മൂന്ന്
തിരുനബി(സ)യുടെ പലായനം അതീവ ജാഗ്രതയോടെയും മികച്ച ആസൂത്രണത്തോടുകൂടിയുമായിരുന്നു. അതുപോലെ നന്മയെ, തേടിയുള്ള മനസ്സിന്റെ പലായനവും സൂക്ഷ്മതയോടെ പഴുതടച്ചതായിരിക്കണം. കുലീന വേഷമണിഞ്ഞ ചൂഷണങ്ങൾക്ക് പിടികൊടുക്കരുത്. സഞ്ചാരപാതയെ കുറിച്ച് നല്ല ബോധമുണ്ടാകണം. അതിനു പറ്റിയ വഴികാട്ടികളെ തിരഞ്ഞുപിടിക്കണം. വഴിമുടക്കികൾ ഭയപ്പെടുത്തി പിറകെ കൂടിയേക്കാം (സുറാഖയെ ഓർമയില്ലേ?). ഭീതിയുടെ ഇരുട്ട് മുടിയേക്കാം (സൗർ ഗഹ്വരം പോലെ). അപ്രതീക്ഷിതമായി വേദനകൾ കടന്നുവന്നേക്കാം (സർപ്പം അബൂബക്കറിനെ(റ) കൊത്തിയിരുന്നല്ലോ?). നിങ്ങളുടെ പരാജയം കാണാൻ കൊതിച്ച് പലരും പിന്തുടർന്നേക്കാം (തിരുനബി (സ) യെ തേടി ശത്രുക്കൾ എത്രയാണ് നടന്നത്!).
ഇസ്ലാമിനെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നത് പ്രതിയോഗികളുടെ എക്കാലത്തെയും വലിയ ലക്ഷ്യമാണ്. അതിനു വേണ്ടി അവർ ആസൂത്രണങ്ങളും തന്ത്രങ്ങളും നിരന്തരം മെനഞ്ഞുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെന്നല്ല, വർത്തമാനത്തിലും അതിനൊട്ടും കുറവ് വന്നിട്ടില്ല. തിരുനബി (സ) യെയും ഇസ്്ലാമിനെയും നിഷ്കാസനം ചെയ്യാൻ ശത്രുക്കൾ നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് ഖുർആൻ പലയിടത്തായി വിവരിക്കുന്നുണ്ട്. “നിന്നെ തടവിലാക്കുകയോ വധിച്ചു കളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിന് വേണ്ടി സത്യവിരോധികൾ കുതന്ത്രങ്ങളാവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭവും അനുസ്മരണീയമാകുന്നു. അവർ സ്വന്തം കുതന്ത്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നു.
അതിന് അതേ നാണയത്തിൽ പ്രതികരിക്കാൻ ഏറ്റവും സമർഥൻ അല്ലാഹുവത്രെ’ (അൽ അൻഫാൽ: 30).നബി(സ)ക്ക് മുമ്പിൽ പ്രതിയോഗികളുടെ നീക്കങ്ങളൊക്കെയും പാളുകയാണ് ചെയ്തത്. ആസൂത്രണ മികവോടെ നടത്തിയ ഹിജ്റ എന്ന തന്ത്രം തടയാൻ അവർക്ക് കഴിഞ്ഞില്ല. ഇസ്ലാമിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഹിജ്റ. അതിന് വേണ്ടി മണ്ണും മനസ്സും ഒരുപോലെ പാകപ്പെടുത്തുകയായിരുന്നു നബി (സ) യും കൂട്ടരും. എത്ര വലിയ പ്രതിബന്ധങ്ങളുണ്ടായാലും വേറൊരു നാട്ടിൽ പോയി ലക്ഷ്യം പൂർത്തീകരിക്കുകയെന്ന ചിന്തയിലാണ് പ്രവാചകൻ പുറപ്പെട്ടത്. കൃത്യവും വിദഗ്ധവുമായ ആസൂത്രണമുണ്ടായിരുന്നു ഹിജ്റക്ക് പിന്നിലെന്ന് അതിന്റെ ഫലങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകും.
ചരിത്രത്തിൽനിന്ന് വർത്തമാനത്തിലേക്ക് വരുമ്പോൾ ആധുനിക മുസ്ലിം പ്രതിസന്ധി ആസൂത്രണത്തിലെ വീഴ്ചകളാണെന്നു കാണാം. നിലനിൽപ്പിനും പുരോഗതിക്കും ആധാരമായ ആസൂത്രണങ്ങളും നയതന്ത്രങ്ങളും കാലത്തിനനുസൃതമായി ആവിഷ്കരിക്കുകയാണ് മധ്യമ സമുദായത്തിന്റെ (ഉമ്മതുൻ വസ്വത്) ഉത്തരവാദിത്വം. ഹിജ്റ മുസ്്ലിം സമൂഹത്തെയേൽപ്പിക്കുന്ന വലിയ ദൗത്യവും അതുതന്നെ. കലുഷിത കാലത്ത് ആരാധനയനുഷ്ഠിക്കുന്നത്, എന്നെ ലക്ഷ്യമിട്ട് ഹിജ്റ ചെയ്യുന്നതിന് തുല്യമാണെന്ന ഹദീസ് (മുസ്്ലിം, മിശ്കാത് 5391) ചേർത്തുവായിക്കണം.
പാഠം നാല്
മദീനയിലെ വിപ്ലവം, ബദ്റിന്റെ വിജയം, മക്കാവിജയം, ഇസ്്ലാമിന്റെ വ്യാപനം തുടങ്ങി അതിഗംഭീരമായ സ്മരണകൾ ഒരു പലായനത്തിന്റെ ഉത്പന്നമായിരുന്നെന്ന് തീർത്തുപ റയാം. ഗുഹയുടെ ഭീതിയുടെയും ശത്രുക്കളുടെ പോർവിളികളുടെയുമിടയിൽ ആകുലതകൾ വേണ്ട, അല്ലാഹു നമുക്കൊപ്പമുണ്ടെന്ന ദൃഢമായ സമർപ്പണബോധമായിരുന്നു എല്ലാറ്റിനും ഊർജമായത്. ശക്തമായ തവക്കുൽ ഉണ്ടായാൽ വിജയം കെട്ടിപ്പടുക്കാനാകും. പിന്നീട് എല്ലാം എളുപ്പമാകും. തീർച്ച സങ്കീർണതകൾക്കൊടുവിൽ ആയാസങ്ങളുണ്ട്.
“ഒതുക്കിപ്പറഞ്ഞാൽ, ഒരു വ്യക്തി തന്റെ ഭവനത്തിൽ നിന്ന് അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്റയിറങ്ങിത്തിരിക്കുകയും അവനെ മരണം പിടികൂടുകയും ചെയ്താൽ അല്ലാഹുവിങ്കൽ അവന്റെ പ്രതിഫലം ഉറച്ചുകഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ് (സൂറ: നിസാഅ, 100) എന്ന ഖുർആനിക വാക്യം ചരിത്രത്തിലൊതുക്കേണ്ടതല്ലാം. ആത്യന്തിക വിജയം നേടുംവരെയുള്ള, ഓരോ വിശ്വാസിയുടെയും ദൗത്യമായിനിരന്തര ഹിജ്റകൾ നടന്നുകൊണ്ടിരിക്കണം. അഥവാ സംശുദ്ധമായ ആദർശത്തിനെ ബാധിക്കുന്ന സർവതിനെയും ഉപേക്ഷിക്കുന്ന പ്യൂരിഫിക്കേഷൻ പ്രക്രിയ ശീലമാക്കണം.