Connect with us

kodiyeri Balakrishnan

മിഴിയടച്ചു ആ സൗമ്യസാന്നിധ്യം

വിഭാഗീയത തലപൊക്കിയ കാലം പാര്‍ട്ടിക്കു തിരിച്ചടികള്‍ സമ്മാനിച്ച ഇരുണ്ടകാലത്തെ മറികടക്കുന്നതില്‍ ഒരു കപ്പിത്താന്റെ കരുത്തോടെ കോടിയേരി പാര്‍ട്ടിയെ നയിച്ചു.

Published

|

Last Updated

കോഴിക്കോട് | സൗമ്യ സാന്നിധ്യംകൊണ്ടു പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ  സി പി എം അതിന്റെ ചരിത്രത്തില്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു വിഭാഗീയതയുടെ കാലം. കമ്യൂണിസ്റ്റ് സംഘടനാ ശൈലിയിലൂടെ അതെല്ലാം പരിഹരിച്ച് പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിച്ച് കരുത്തുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ സി പി എം കോടിയേരിയെന്ന നേതാവിനോട് എന്നും കടപ്പെട്ടിരിക്കുന്നു.

ചിരിക്കുന്ന ഈ മുഖത്തോടെ, വൈരനിര്യാതനമില്ലാതെ സഖാക്കളെ വിപ്ലവകാരികളായി നിലനിര്‍ത്തുന്നതില്‍ കോടിയേരിയുടെ ഉന്നതമായ കമ്യൂണിസ്റ്റ് ബോധം കരുത്തായി.
വിഭാഗീയത തലപൊക്കിയ കാലം പാര്‍ട്ടിക്കു തിരിച്ചടികള്‍ സമ്മാനിച്ച ഇരുണ്ടകാലത്തെ മറികടക്കുന്നതില്‍ ഒരു കപ്പിത്താന്റെ കരുത്തോടെ കോടിയേരി പാര്‍ട്ടിയെ നയിച്ചു. പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തെ തൂത്തെറിഞ്ഞ് അടിമുടി വിപ്ലവ ബഹുജന പാര്‍ട്ടിയായി കേരളത്തില്‍ സി പി എമ്മിനെ വീണ്ടെടുക്കുന്നതില്‍ കോടിയേരിയുടെ കരങ്ങള്‍ വലിയ പങ്കു വഹിച്ചു. 2015ല്‍ വി എസ് അച്യുതാനന്ദന്‍ മടങ്ങിപ്പോയ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുന്നത്. സമ്മേളനം  ബഹിഷ്‌കരിച്ച വി എസിനെ പാര്‍ട്ടി പുറത്താക്കുകയോ വി എസ് പാര്‍ട്ടി വിടുകയോ ചെയ്യുമെന്ന പ്രതീതിയുണ്ടായി. അത്തരമൊരു പ്രതിസന്ധിയില്‍  അനുരഞ്ജനത്തിന്റെ സാധ്യത കണ്ടെത്തിയതു കോടിയേരിയുടെ പക്വമായ ഇടപെടലുകളായിരുന്നു. ഉള്‍ക്കാഴ്ചയും ജാഗ്രതയും കൈമുലായ ആ നേതൃത്വത്തില്‍ കീഴില്‍ പിറ്റേവര്‍ഷം എല്‍ ഡി എഫ് അധികാരത്തിലെത്തി. ചരിത്രം രചിച്ച തുടര്‍ഭരണത്തിലേക്കു വരെ പാര്‍ട്ടിയെ എത്തിച്ച നായകത്വമാണ് ഇപ്പോള്‍ കണ്ണടച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ രോഗാവസ്ഥയാല്‍ കോടിയേരിക്ക് സെക്രട്ടറി ചുമതലയില്‍ നിന്നു മാറി നില്‍ക്കേണ്ടിവന്നു. എന്നാലും പാര്‍ട്ടിയും മുന്നണിയും വച്ച ഓരോ ചുവടുകളിലും അദ്ദേഹത്തിൻ്റെ മേല്‍നോട്ടമുണ്ടായിരുന്നു.

സര്‍ക്കാറിനെ സമ്പൂര്‍ണമായി വിശ്വാസത്തിലെടുത്ത പാര്‍ട്ടി സെക്രട്ടറിയായി. പിണറായി വിജയന്‍ എന്ന മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം നയിക്കുന്ന സര്‍ക്കാറിനെ ജനകീയമാക്കുന്നതിൽ കോടിയേരിയുടെ ആ നയം വലിയ പങ്കുവഹിച്ചു. നയപരമായ എല്ലാ വിഷയങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടുപോവുക എന്ന മുഖ്യമന്ത്രി പിണറായിയുടെ രീതി ഫലപ്രദമായതിനാല്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ ഒരു ഘട്ടത്തിലും പിരിമുറുക്കമുണ്ടായില്ല. പാര്‍ട്ടിയെ അധികാര കേന്ദ്രമായി മാറ്റാതെ സര്‍ക്കാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്ന കോടിയേരിയുടെ തത്വം മാതൃകാപരമായിരുന്നു. മുന്നണിയിലെ ഘടക കക്ഷികളുമായി കൃത്യമായ ആശയവിനിമയത്തിലൂടെ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തേയും ഇടതുപക്ഷ രാഷ്ട്രീയത്തേയും കോര്‍ത്തിണക്കുന്നതിലും കോടിയേരിക്ക് പ്രത്യേകമായ കഴിവുണ്ടായിരുന്നു. മുഖ്യമന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ തലപൊക്കിയ ഘട്ടത്തിലെല്ലാം ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ കോടിയേരി ജാഗ്രത പുലര്‍ത്തി. കോടിയേരിയും കാനവും തമ്മിലുള്ള വ്യക്തപരമായ സൗഹൃദം മുന്നണി ബന്ധം സുദൃഢമാക്കുന്നതില്‍ പ്രയോജനപ്പെട്ടു. 1982ല്‍ കാനവും കോടിയേരിയും ഒരുമിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. അന്നു മുതലുള്ള സൗഹൃദം പിന്നീട് സി പി എം- സി പി ഐ ബന്ധത്തിന്റെ അടിസ്ഥാനമായി മാറി. കോടിയേരി ഇല്ലാതാവുന്നതോടെ ഇടതു മുന്നണിയെ കൂട്ടിണിയക്കിയ സ്‌നേഹ സാന്നിധ്യമാണ് ഇല്ലാതാവുന്നത്.

ആര്‍ക്കും കടന്നുവന്നു കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായിരുന്നു. ഒന്നിനോടും മുന്‍വിധിയില്ലാത്ത കോടിയേരിയുടെ സമീപനം ഏവര്‍ക്കും സ്വീകാര്യമായിരുന്നു. ക്യാന്‍സര്‍ വ്യക്തിജീവിതത്തെ ക്രൂരമായി കടന്നാക്രമിക്കുമ്പോഴും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും തന്റെ പ്രസ്ഥാനത്തെ അക്ഷീണം നയിക്കുന്നതിലും അസാമാന്യ പാടവം പ്രകടമാക്കി. കടുത്ത വേദന തിന്നുമ്പോഴും ശാന്തമായ സ്വരത്തില്‍ എല്ലാ ഫോണ്‍ വിളികളോടും അദ്ദേഹം പ്രതികരിച്ചു. ഫോണ്‍ എടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ തിരിച്ചുവിളിച്ചു വിവരങ്ങള്‍ ആരായുമായിരുന്നു.

ചിരിക്കുന്ന മുഖത്തോടു മാത്രം കാണാന്‍ കഴിയുന്ന കോടിയേരി പക്ഷേ, സംഘടനാരംഗത്തു കണിശക്കാരനായിരുന്നു. സഖാക്കള്‍ക്കു വീഴ്ച സംഭവിച്ചാല്‍  ശാസിക്കാനും തിരുത്താനും അദ്ദേഹം ഒരു വൈമുഖ്യവും കാണിച്ചില്ല. പാര്‍ട്ടി നിലപാടുകള്‍ മാധ്യമങ്ങളുമായി പങ്കിടുന്ന ഘട്ടത്തിലെല്ലാം എന്ത് പ്രകോപനമുണ്ടായാലും അതിനെയെല്ലാം ഉന്നതമായ കമ്യൂണിസ്റ്റ് ബോധത്തോടെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. 2019 ഒക്ടോബറിലാണ് ശരീരത്തില്‍ അര്‍ബുദം പിടിമുറുക്കിയതായി കണ്ടെത്തുന്നത്.  അമേരിക്കയില്‍ വിദഗ്ധ ചികിത്സ തേടിയതോടെ സുഖം പ്രാപിച്ചു. രോഗത്തെ പൂര്‍ണമായി അതിജീവിച്ചപോലെ അദ്ദേഹം പൂര്‍വാധികം ശോഭയോടെ രാഷ്ട്രീയത്തില്‍ നിറഞ്ഞു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ക്കിടെ അര്‍ബുദത്തിന്റെ കഠിന വേദനകള്‍ വീണ്ടും തലപൊക്കി. കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം തവണയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ശരീരത്തെ വേദനകള്‍ കാര്‍ന്നുതിന്നുന്നുണ്ടായിരുന്നുവെങ്കിലും പൊതു വേദിയില്‍ അദ്ദേഹത്തിന്റെ നേതൃ പാടവത്തിന് ഒരു ക്ഷീണവും സംഭവിച്ചിരുന്നില്ല. വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി. അതിനിടെ കുടുംബത്തില്‍ സംഭവിച്ച സംഘര്‍ഷങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.

സ്ഥാനമൊഴിയുന്നതിനു മുമ്പു നടന്ന സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിയ കോടിയേരിയെ കണ്ട് കേരളമാകെ സങ്കടപ്പെട്ടു. അത്രമാത്രം അവശനായിപ്പോയിരുന്നു അദ്ദേഹം. എന്നിട്ടും സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്തത്തോടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിക്കുകയും ചെയ്തു. ഒടുവില്‍ സെക്രട്ടറിയുടെ ചുമതലയില്‍നിന്നു മാറി പൂര്‍ണമായും ചികിത്സക്കായുള്ള യാത്ര. അര്‍ബുദം കാര്‍ന്നുതിന്നുന്ന കോടിയേരിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നതായിരുന്നു യാഥാര്‍ഥ്യം. എന്നാലും ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തെ സ്‌നേഹിക്കുന്ന മനുഷ്യരെല്ലാം പങ്കുവച്ചത്.
എന്നാല്‍ എല്ലാവരേയും ദുഃഖത്തിലാഴ്ത്തി ആ വാര്‍ത്തയെത്തിയിരിക്കുന്നു; ഇനി കോടിയേരിയില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്