Connect with us

Articles

ആ നിയമം ഭരണഘടനാവിരുദ്ധം

ശിവസേനയുടെ നേതൃത്വത്തിൽ ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ബോംബെയിൽ മണ്ണിന്റെ മക്കൾ വാദവും അതിനുവേണ്ടി രക്തരൂഷിതമായ പ്രക്ഷോഭവുമെല്ലാം നടന്നിട്ടുണ്ട്. രാജ്യത്തെവിടെയും ജോലി ചെയ്ത് ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിനുമേൽ നടന്ന നഗ്നമായ ധ്വംസനമായിരുന്നു അത്. കർണാടകയിൽ സ്വകാര്യ വ്യവസായ മേഖലയിൽ ആ സംസ്ഥാനത്ത് ഉള്ളവർക്ക് സംവരണം നിർബന്ധമാക്കി സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടതും ഭരണഘടനാ ധ്വംസനമാണ്

Published

|

Last Updated

.ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ വെച്ച് ഏറ്റവും മൗലികമായിട്ടുള്ളത് വ്യക്തി സ്വാതന്ത്ര്യമാണ്. 19ാം വകുപ്പ് മുതൽ 22ാം വകുപ്പ് വരെ ഈ മൗലികാവകാശത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. തൊഴിലവകാശം ആർട്ടിക്കിൾ 19 (1) ജി, 19 (6) എന്നിവയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 19 (1) ജി ഏത് തൊഴിലിലും ഏർപ്പെടുന്നതിനും വ്യാപാരവും ബിസിനസ്സും നടത്താനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു.

ഓരോരുത്തർക്കും ഇഷ്ടംപോലെയുള്ള തൊഴിലോ, ഉദ്യോഗമോ വ്യാപാരമോ ബിസിനസ്സോ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ ഉറപ്പ് ചലനാത്മകവും ജനാധിപത്യപരവുമായ ഒരു സമുദായം കെട്ടിപ്പടുക്കുന്നതിന് ഗണ്യമായി സഹായമാകുമെന്നുള്ളത് തീർച്ചയാണ്. ഈ അവകാശങ്ങൾ മൗലികാവകാശങ്ങളുടെ അധ്യായത്തിൽ ഉൾപ്പെടുത്തുന്നതിന് ഭരണഘടനാ നിർമാതാക്കൾ പ്രവർത്തിക്കുകയും യഥാർഥ സമൂഹത്തിന്റെ വളർച്ചക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ആർട്ടിക്കിൾ 19 (6)ഉം ഏത് ജോലി ചെയ്യുന്നതിനും വ്യാപാര, വ്യവസായാദികളും നടത്തുന്നതിനുമുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നു. ചിന്താമൺറാവുവും മധ്യപ്രദേശ് ഗവൺമെന്റും തമ്മിലുണ്ടായ കേസിൽ 1948ലെ സെൻട്രൽ പ്രൊവിൻസസ് ആൻഡ് ബീഡി നിർമാണ നിയമം സുപ്രീം കോടതി അസാധുവാക്കിയത് ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ കൃഷിയിറക്കുന്ന കാലങ്ങളിൽ ബീഡി നിർമാണം പൂർണമായി നിരോധിക്കാൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. അത്തരം നിരോധനം പ്രഥമദൃഷ്ട്യാ തന്നെ സ്വേച്ഛാപരമായ സ്വഭാവത്തോടു കൂടിയതാണെന്നും അതിനാൽ തൊഴിലോ, വ്യാപാരമോ, ബസിനസ്സോ നടത്തുന്നതിനുള്ള അവകാശ വിനിയോഗത്തിൻമേലുള്ള അന്യായമായ നിയന്ത്രണമാണെന്നും കോടതി വിധിച്ചു. പൗരന്റെ തൊഴിലവകാശം ഉയർത്തിപ്പിടിക്കുന്ന വിധികളാണ് എക്കാലവും പരമോന്നത കോടതികളിൽ നിന്ന് ഉണ്ടായിട്ടുള്ളത്.
ഓരോ പ്രദേശത്തും അവിടെ വരുന്ന തൊഴിലുകൾ അവിടത്തുകാർക്ക് തന്നെ നൽകണമെന്നുള്ള പ്രാദേശിക വാദം നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. ശിവസേനയുടെ നേതൃത്വത്തിൽ ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ബോംബെയിൽ മണ്ണിന്റെ മക്കൾ വാദവും അതിനുവേണ്ടിയുള്ള രക്തരൂഷിതമായ പ്രക്ഷോഭവുമെല്ലാം നടന്നിട്ടുണ്ട്. അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന ആയിരക്കണക്കിന് മലയാളികളെയും തമിഴരെയും ശിവസേനക്കാർ ആട്ടിയോടിക്കുകയാണ് ചെയ്തത്. രാജ്യത്തെവിടെയും ജോലി ചെയ്ത് ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിനുമേലെ നടന്ന നഗ്നമായ ധ്വംസനമായിരുന്നു അത്.

കർണാടകയിൽ സ്വകാര്യ വ്യവസായ മേഖലയിൽ ആ സംസ്ഥാനത്ത് ഉള്ളവർക്ക് സംവരണം നിർബന്ധമാക്കി സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടതും ഭരണഘടനാ ധ്വംസനമാണ്. തത്കാലം മരവിപ്പിച്ചെങ്കിലും ആ നീക്കം ഉയർത്തുന്ന ചോദ്യങ്ങൾ ഒടുങ്ങിയിട്ടില്ല. സ്വകാര്യ കമ്പനികളിലെ ഗ്രൂപ്പ് സി, ഡി തസ്തികകളിലെ നിയമനം പൂർണമായി കന്നഡിഗർക്കും തദ്ദേശവാസികൾക്കും മാത്രമാക്കി ചുരുക്കുകയാണ് കർണാടക സർക്കാർ ചെയ്തത്. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളിലും 50 ശതമാനം തദ്ദേശീയർക്കായി സംവരണം ചെയ്തു. മാനേജ്‌മെന്റിതര വിഭാഗങ്ങളിൽ 75 ശതമാനമാണ് സംവരണം. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വ്യവസായ മേഖലയുടെ രൂക്ഷമായ എതിർപ്പിന് വഴിയൊരുക്കിയ ബില്ല് അംഗീകരിച്ചത്. ബില്ലിന്റെ വിവരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ വിമർശനം കനത്തത്തോടെ ഇത് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. എന്നാൽ വിഷയത്തിൽ വിപുലമായ ചർച്ചകൾ നടത്തുമെന്നും സർക്കാൻ പിന്നീട് അറിയിച്ചു.

കർണാടക സ്റ്റേറ്റ് എംപ്ലോയിമെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്‌സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്- 2024 എന്ന പേരിലുള്ള ഈ ബില്ല് നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കന്നഡിഗർക്കൊപ്പം സംസ്ഥാനത്ത് ജനിച്ചു വളർന്നവരും കന്നഡ എഴുതാനും വായിക്കാനും അറിയാവുന്നവരുമായ തദ്ദേശവാസികൾക്കും ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വർഷക്കാലമായി ഇവർ കർണാടകത്തിൽ താമസിക്കുന്നവരായിരിക്കണം. അപേക്ഷകർ കന്നഡ ഭാഷ ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസ്സ് പരീക്ഷ പാസ്സായിരിക്കണം. അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം ചെയ്യുന്ന നോഡൽ ഏജൻസി നടത്തുന്ന കന്നട നൈപുണി ടെസ്റ്റ് പാസ്സായിരിക്കണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയർ എത്തിയില്ലെങ്കിൽ നിയമത്തിൽ ഇളവ് വരുത്താൻ അപേക്ഷ നൽകണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴയിടാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്.

കന്നഡിഗർക്ക് കൂടുതൽ അവസരം ഉറപ്പാക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. എന്നാൽ വ്യവസായ രംഗത്തെ വിദഗ്ധരോടും മറ്റ് വകുപ്പുകളോടും ചർച്ച ചെയ്ത ശേഷമേ ബില്ലിലെ വ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകാനും നടപ്പാക്കാനും പാടുള്ളൂവെന്ന് സംസ്ഥാന വ്യവസായ മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം തദ്ദേശീയർക്ക് തൊഴിൽ നൽകാൻ കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഖാർഗെ പറഞ്ഞു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യവസായങ്ങളിലെ ജോലി ഒഴിവുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്ന് തൊഴിൽ വകുപ്പ് തയ്യാറാക്കിയ ബില്ലിൽ അവകാശപ്പെടുന്നു. സംസ്ഥാനത്ത് നിന്ന് ഭൂമിയും വെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്ന വ്യവസായങ്ങൾ തദ്ദേശവാസികൾക്ക് ജോലിയിൽ സംവരണം നൽകണമെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ കന്നഡ സംവരണ ബില്ലിൽ ആശങ്ക അറിയിച്ച് വ്യവസായ ലോകം രംഗത്തുവന്നിട്ടുണ്ട്. ടെക് ഹബ് എന്ന നിലയിൽ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ ഈ നീക്കം ബാധിക്കരുതെന്ന് ബൂകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൻ കിരൺ മജുംദാർ പ്രതികരിച്ചു. ബില്ല് ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്ന് ഇൻഫോസിസ് മുൻ എക്‌സിക്യൂട്ടീവ് മോഹൻദാസ് പൈ പറഞ്ഞു. ഇത് ഫാസിസ്റ്റ് ബില്ലാണെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത കാഴ്ചപ്പാടോടെയുള്ള ബില്ലാണിതെന്നും വ്യവസായികളെ കർണാടകയിൽ നിന്ന് ഓടിക്കാനേ ഈ ബില്ല് ഉപകരിക്കൂവെന്നും പല വ്യവസായ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വകാര്യമേഖലയിൽ തെലുങ്കർക്ക് 75 ശതമാനം സംവരണത്തിന് ആന്ധ്രാപ്രദേശ് 2019ലും താഴ്ന്ന തസ്തികകളിൽ ഹരിയാനക്കാർക്ക് 75 ശതമാനം സംവരണത്തിന് ഹരിയാന സർക്കാർ 2023ലും നിയമം കൊണ്ടുവന്നെങ്കിലും ഭരണഘടനാവിരുദ്ധമാണെന്ന് കാട്ടി അതാത് ഹൈക്കോടതികൾ ഇവ അസാധുവാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന- എൻ സി പി സർക്കാർ താഴ്ന്ന തസ്തികകളിൽ 2022ൽ മറാഠികൾക്ക് 80 ശതമാനം സംവരണത്തിന് തയ്യാറാക്കിയ നിയമം അവിടത്തെ നിയമ വകുപ്പ് തന്നെ തള്ളുകയായിരുന്നു.

ബെംഗളൂരുവിൽ ഐ ടി ജീവനക്കാർ പതിനെട്ട് ലക്ഷമുണ്ടെന്നാണ് കണക്ക്. ഇതിൽ മലയാളികൾ 2.18 ലക്ഷമാണ്. അവിടുത്തെ വൻകിട ഐ ടി കമ്പനികളുടെ എണ്ണം 8,785 വരും. ബെംഗളൂരുവിൽ ഐ ടി മേഖലയിലല്ലാതെ എട്ട് ലക്ഷം മലയാളികൾ ജോലിയെടുക്കുന്നുണ്ട്. ഈ നിയമം നടപ്പാക്കിയാൽ ഏറ്റവും വലിയ പ്രഹരം ലഭിക്കുന്നത് മലയാളികൾക്കായിരിക്കും.
ഈ നിയമം രാജ്യത്തെ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് നോർക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ പറഞ്ഞു. മലയാളികൾക്ക് ഉൾപ്പെടെ വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന ഈ ബില്ലിനെതിരായി പോരാടുമെന്നും കേരള സർക്കാർ ഇതിൽ ഇടപെടണമെന്നും ബെംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി പ്രജികുമാർ പറഞ്ഞു. കർണാടക സർക്കാറിന്റെ നടപടി രാജ്യത്തിന്റെ ഐ ടി തലസ്ഥാനമായ ബെംഗളൂരുവിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇതര സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വലിയ വൈദഗ്ധ്യം ആവശ്യമില്ലാത്ത സി, ഡി ക്യാറ്റഗറി ജോലികൾ നൂറ് ശതമാനവും കർണാടകക്കാർക്ക് മാത്രം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യം പ്രസ്താവിച്ചെങ്കിലും വിവാദമായതോടെ അത് തിരുത്തിയിട്ടുണ്ട്. കന്നഡ അനുകൂല സർക്കാറാണിതെന്നും കന്നഡക്കാർക്ക് ജന്മനാട്ടിൽ തന്നെ ജോലി ഉറപ്പാക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും സിദ്ധരാമയ്യ പറയുന്നു.

നമ്മുടെ രാജ്യത്തെ പ്രധാന പ്രതിപക്ഷവും ദേശീയ പാർട്ടിയുമായ കോൺഗ്രസ്സ് കർണാടകയിൽ സങ്കുചിത പ്രാദേശിക വാദത്തിന് കീഴ്‌പ്പെടുന്നതിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഈ ദേശീയ പാർട്ടി പഴയ ശിവസേനയുടെ നിലവാരത്തിലേക്ക് താഴുന്നതിൽ യാതൊരു നീതീകരണവുമില്ല. തെറ്റായതും പ്രാദേശിക വാദത്തിൽ മാത്രം ഊന്നിനിൽക്കുന്നതുമായ ഈ നിയമം എത്രയും പെട്ടെന്ന് പൂർണമായി പിൻവലിക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്. കനത്ത പ്രതിഷേധത്തെ തുടർന്ന് ബില്ല് താതകാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് സിദ്ധരാമയ്യ അറിയിച്ചിട്ടുള്ളത്.

രാജ്യം ബഹുസ്വര ദേശീയതയിൽ ഊന്നിനിന്നാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യൻ ദേശീയത ശക്തമായ ഫെഡറലിസത്തിന്റെ അടിത്തറയിലുള്ളതാണ്. ഈ ഫെഡറലിസം രാജ്യത്തെ ജനങ്ങൾക്ക് എവിടെയും പോയി ജോലിചെയ്തു ജീവിക്കാനുള്ള അവകാശമാണ് നൽകുന്നത്. ഈ അവകാശത്തിന് നേരെയാണ് കർണാടകയിലെ മണ്ണിന്റെ മക്കൾ വാദം ഉയർത്തുന്ന പുതിയ ബില്ല് കൊലക്കത്തി ഉയർത്തിയിരിക്കുന്നത്. അതുകൊണ്ട് എന്ത് വിലകൊടുത്തും ഈ ബില്ലിനെ എതിർത്തു പരാജയപ്പെടുത്താൻ ജനാധിപത്യ സമൂഹം മുന്നോട്ടുവരുമെന്നുള്ളതിൽ ഒരു സംശയവുമില്ല. പല കാര്യത്തിലും പുരോഗമനപരമായും ജനാധിപത്യപരമായും കാര്യങ്ങൾ മുന്നോട്ടു നയിക്കാൻ തയ്യാറായ കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ ഭരണഘടനാവിരുദ്ധമായ ഈ ബില്ലിൽ നിന്ന് പിന്തിരിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Latest