Connect with us

cover story

ആ മിസ്്ഡ് കോൾ... കൈവിട്ടു പോകുന്ന ജീവിതങ്ങൾ

പലപ്പോഴും ഫോണുകളിലേക്ക് വരുന്ന മിസ്ഡ് കോളുകളോട് പ്രതികരിക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. ഒളിഞ്ഞിരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എറിയുന്ന ഒരു ‘ചൂണ്ട’യാണ് പലപ്പോഴും മിസ്ഡ് കോളുകൾ. മൊബൈൽഫോൺ ഉപയോഗത്തിൽ ആസക്തിയുള്ളവരെയും ഉത്കണ്ഠയുള്ളവരെയുമാണ് മിസ്ഡ് കോൾ ചെയ്യുന്നവർ ലക്ഷ്യമിടുന്നത്. പണം, ലൈംഗികത തുടങ്ങിയ ചൂഷണം ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ഇക്കൂട്ടരുടെ വലയിലേക്ക് വീഴുന്നവർ പലപ്പോഴും ദുർബല മനസ്സുള്ളവരുമായിരിക്കും.

Published

|

Last Updated

ഒരു മിസ്ഡ് കോളിലായിരുന്നു തുടക്കം. ക്ഷമാപണത്തില്‍ തുടങ്ങിയ വർത്തമാനം പിന്നീട് സൗഹൃദമായി വളര്‍ന്നു. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ സ്‌കൂളില്‍ പോയാല്‍ പിന്നെ ധാരാളം സമയമുണ്ടായിരുന്നു. ആ വിരസത അകറ്റാന്‍ അജ്ഞാതനുമായി ഏറെ നേരം സംസാരിച്ചു. ആ സൗഹൃദം വളര്‍ന്ന് ഒരു ദിവസം അയാള്‍ വീട്ടില്‍ വന്നു. അപ്രതീക്ഷിതമായി തിരിച്ചെത്തിയ കുട്ടികള്‍ വീട്ടില്‍ മാതാവിനോടൊപ്പം അജ്ഞാതനായ ആളെ കണ്ടതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഭര്‍ത്താവ് വിദേശത്തുനിന്നെത്തി. വിവാഹ മോചനത്തിലും ആത്മഹത്യയിലും ആ സംഭവങ്ങള്‍ അവസാനിച്ചു….ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ …..

മലയാളികൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുവരുന്ന ഒന്നാണ് ‘കയിച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’എന്ന ചൊല്ല്. മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ഒന്നാണത്. ഇന്ന് ലോകം മുഴുവനും ചലിക്കുന്നത് ഈ കൊച്ചു യന്ത്രത്തിനൊപ്പമാണ് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.

ദൂരെ സ്ഥലങ്ങളിൽ സഞ്ചരിച്ചുകൊണ്ട് വ്യക്തികൾക്ക് പരസ്പരം സംസാരിക്കാൻ മാത്രമല്ല മൊബൈൽഫോൺ ഉപകരിക്കുന്നത്. മറിച്ച് ഫോട്ടോ എടുക്കാനും എത്തിച്ചേരേണ്ട സ്ഥലങ്ങൾ കണ്ടുപിടിക്കാനും വിവരങ്ങളും വാർത്തകൾ അറിയാനും പാട്ടുകൾ കേൾക്കാനും സിനിമകൾ കാണാനും ബേങ്കിംഗ് ഇടപാടുകൾ നടത്താനും പരസ്യങ്ങൾ നൽകാനും എന്തിനേറെ വ്യാപാരങ്ങൾ നടത്താൻ വരെ പലരും മൈാബൈൽ ഫോണുകളെയാണ് ആശ്രയിക്കുന്നത്.

ചുരുക്കത്തിൽ യാത്ര ചെയ്ത് ദൂരങ്ങൾ സഞ്ചരിക്കാതെയും ക്യൂ നിന്ന് സമയം കളയാതെയും വീടിനും ഓഫീസിനും അകത്തിരുന്ന് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും എളുപ്പമാക്കിത്തരുന്ന ഒരു ഉപകരണമായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു.
റെയിൽവേ ടിക്കറ്റ് എടുക്കാനും ഭക്ഷണം ഓർഡർ ചെയ്യാനും മാത്രമല്ല, പൊലീസിന് കുറ്റവാളികളെ എളുപ്പം കണ്ടുപിടിക്കുന്നതിനും മൊബൈൽ ഫോണുകൾ സഹായിക്കുന്നു.

എന്നാൽ ഇത്രയൊക്കെ ജനകീയമാണെങ്കിലും നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമാണെങ്കിലും ഗുരുതരമായ ചില പ്രശ്നങ്ങൾ ഈ വിപ്ലവകരമായ കണ്ടുപിടിത്തം സൃഷ്ടിക്കുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യത നശിപ്പിക്കൽ, മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികളാണ് നമ്മുടെ സന്തതസഹചാരിയായ ഈ ഉപകരണം ഉയർത്തുന്നത്.

ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി

മൊബൈൽ ഫോണുകളുടെ ആരംഭകാലത്ത് ഫോൺ ഉപയോഗത്തെ തുടർന്നുള്ള അണുവികിരണം (Radiation)സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് എല്ലാവരും ആശങ്കപ്പെട്ടതെങ്കിൽ ഫോണുകളുടെ നിർമാണത്തിലെ പുരോഗതിയും വ്യാപകമായ ഉപയോഗവും ചേർന്ന് അത്തരം ആശങ്കകൾ പതുക്കെ ഇല്ലാതാവുകയായിരുന്നു. എന്നാൽ അതിനു പകരമായി നിരന്തരമായ മൊബൈൽ ഉപയോഗം, പ്രത്യേകിച്ച് കുട്ടികൾ അടക്കമുള്ളവരിൽ സൃഷ്ടിക്കുന്ന മൊബൈൽ അഡിക്്ഷനുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്നുവന്നത്. തുടക്കത്തിൽ കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് മുതിർന്നവർ ഒരു പരിധിവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും കൊവിഡ്-19ഉം തുടർന്നുണ്ടായ ലോക്ഡൗണുകളും ഈ നിയന്ത്രണങ്ങളെയെല്ലാം ഇല്ലാതാക്കുകയായിരുന്നു.
ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗത്തെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ അത് 120 ശതമാനം വർധനവ് സൃഷ്ടിച്ചതായി ‘സൈബർ മീഡിയ റിസർച്ച് (CyberMedia Research)’ എന്ന പ്രമുഖ മാർക്കറ്റിംഗ് കമ്പനി നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളായ കുട്ടികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. പഠനം ഓൺലൈൻ വഴിയായതോടെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങൾ നീക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായി. കൊവിഡ് നിയന്ത്രണവിധേയമാകുകയും ലോക്ഡൗൺ പിൻവലിക്കുകയും ചെയ്തെങ്കിലും ഫോൺ ഉപയോഗത്തിലെ വർധന കുറഞ്ഞില്ല.

നമ്മുടെ രാജ്യത്ത് കൊവിഡിന്റെ രംഗപ്രവേശത്തിലൂടെയാണ് ‘വർക്ക് ഫ്രം ഹോം’ എന്ന പുതിയതരം തൊഴിൽ രീതി വ്യാപകമായത്. വിദ്യാർഥികളിലാകട്ടെ ഓൺലൈൻ ക്ലാസ്സുകളുടെ രൂപത്തിലാണ് ഈ മാറ്റം പ്രകടമായത്. ഈ രണ്ട് മാറ്റങ്ങളുടെയും അന്തിമഫലം കമ്പ്യൂട്ടറുകളുടെയും അതോടൊപ്പം മൊബൈൽ ഫോണുകളുടെയും ഉപയോഗം ക്രമാതീതമായി വർധിച്ചു എന്നതാണ്. ഇതിന്റെ ഫലമായി വ്യക്തികളിൽ ചില ശാരീരിക- മാനസിക പ്രശ്നങ്ങളുടെ തോതും വർധിച്ചിട്ടുണ്ട്.

പതിയിരിക്കുന്ന അപകടങ്ങൾ

കുട്ടികളിലും കൗമാരക്കാരിലും സൃഷ്ടിക്കുന്ന ഗെയിം അടിമത്തം മുതൽ കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ, ഓൺലൈൻ ചൂതാട്ടം, പണമിടപാടിലെ തട്ടിപ്പുകൾ തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളാണ് മൊബൈൽ ഫോണിന്റെ അമിതോപയോഗവും ദുരുപയോഗവും സൃഷ്ടിക്കുന്നത്. ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഫോൺ സ്ക്രീനിൽ നോക്കിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇത് വ്യായാമമില്ലായ്മ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇതിന് പുറമെയാണ് മാനസിക പ്രശ്നങ്ങൾക്കുള്ള സാധ്യതകൾ. നിരന്തരമായി മൊബൈല്‍ ഉപയോഗിക്കുന്നവരിൽ മാനസിക സമ്മർദം കൂടിവരുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെത്തന്നെ അമിതമായ ഉപയോഗം വ്യക്തികളിൽ വിഷാദരോഗം വരാനുള്ള സാധ്യതക്ക് ആക്കം കൂട്ടുന്നു.
മൊബൈൽ ഫോൺ ഉപയോഗം അതിരുകടക്കുമ്പോൾ ഏതു ശബ്ദം കേട്ടാലും മൊബൈല്‍ റിംഗ് ചെയ്യുന്നതാണെന്നു കരുതി പരിശോധിക്കുന്നവരുണ്ട്. അമിത ഉത്കണ്ഠയുടെ ഗണത്തിൽപ്പെട്ട ഈ അവസ്ഥയെ വിശേഷിപ്പിക്കാൻ മനഃശാസ്ത്രജ്ഞർ ഇന്ന് ‘റിംഗ്സൈറ്റി’(Ringxiety) എന്നൊരു പുതിയ വാക്കാണ് ഉപയോഗിക്കുന്നത്. ഒരു വ്യക്തി ഇടയ്ക്കിടെ മിസ്ഡ് കാളുകളും മെസേജുകളും പരിശോധിക്കുന്നതും റിംഗ്സൈറ്റിയുടെ ലക്ഷണങ്ങളാണ്. അതുപോലെത്തന്നെ മൊബൈൽ റേഞ്ചില്ലാത്ത സ്ഥലങ്ങളിൽ എത്തിയാൽ ഒറ്റപ്പെട്ടപോലെ തോന്നുക, ലോകവുമായുള്ള ബന്ധം ഇല്ലാതായപോലെ അനുഭവപ്പെടുക, കഴിയുന്നത്ര വേഗത്തിൽ റേഞ്ചുള്ള സ്ഥലങ്ങളിലേക്ക് മാറാനുള്ള തോന്നൽ എന്നിവയെ വിശേഷിപ്പിക്കാൻ ‘നോമോ ഫോബിയ’(NOMOPHOBIA)എന്ന മറ്റൊരു വാക്കും പ്രചാരത്തിലുണ്ട്. ‘നോ മൊബൈൽ ഫോൺ ഫോബിയ’എന്നീ വാക്കുകളുടെ ചുരുക്കമാണിത്.

ഇതിന്റെയെല്ലാം ഫലമായി വ്യക്തികളിൽ ആത്മവിശ്വാസക്കുറവ്, ഉൾവലിയൽ, ഉത്കണ്ഠ, സമൂഹത്തിൽ ഇടപെടാനുള്ള മടി, ഉറക്കപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, അമിതകോപം എന്നിവ ആഗോളതലത്തിൽതന്നെ വർധിച്ചുവരുന്നതായി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സദാസമയവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി വ്യക്തികളുടെ ശാരീരികക്ഷമത കുറഞ്ഞുവരികയും അമിതവണ്ണം, കഴുത്തിലും കൈകളിലും തോളെല്ലുകളിലും പുറംഭാഗങ്ങളിലുമുണ്ടാവുന്ന വേദന, അമിതക്ഷീണം, സമയത്തിന് ഭക്ഷണം കഴിക്കാത്തതുവഴി പോഷകാഹാരക്കുറവ്, നിരന്തരമായ സ്ക്രീൻ ഉപയോഗത്തെ തുടർന്ന് തലവേദന, കാഴ്ചക്കുറവ്, കണ്ണുകൾക്ക് വരൾച്ച, വരൾച്ചമൂലം ഇടക്കിടെയുണ്ടാവുന്ന അണുബാധ, ഹെഡ് ഫോണുകൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെയുണ്ടാവുന്ന കേൾവി പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യുന്നു.

വേണം ഒരു മൊബൈൽ
ഫോൺ സംസ്കാരം

ലോക ജനസംഖ്യയിൽ വലിയൊരു ശതമാനം മൈാബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമാക്കിയ സാഹചര്യത്തിൽ സമൂഹത്തിലെ പെരുമാറ്റ രീതികളുടെ കൂടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച ചില മര്യാദകൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. പൊതുവിൽ മറ്റുള്ളവരുടെ സ്വകാര്യതയെ അലോസരപ്പെടുത്തുന്ന ഒന്നായാണ് പലരും മൊബൈൽഫോൺ ഉപയോഗിക്കുന്നത്. ആൾക്കൂട്ടത്തിൽ വെച്ച് ഉച്ചത്തിൽ സംസാരിക്കുക, യാത്രക്കിടയിൽ രാത്രികാലങ്ങൾ ഫോൺ ഉറക്കെ റിംഗ് ചെയ്ത് ഉച്ചത്തിൽ സംസാരിക്കുക, മരണവീടുകൾ, ആരാധനാലയങ്ങൾ തുടങ്ങി നിർബന്ധമായും നിശ്ശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിൽ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുക, മീറ്റിംഗുകൾക്കിടയിലും ഡോക്ടർമാരുടെ പരിശോധനകൾക്കിയിലും ഫോൺ ഉപയോഗിക്കുക, മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുക, മറ്റുള്ളവരുടെ ഫോണിലേക്ക് അശ്ലീലമടക്കമുള്ള തെറ്റായ സന്ദേശങ്ങൾ അയക്കുക തുടങ്ങി നിയമവിരുദ്ധമായ പല കാര്യങ്ങൾക്കും ഇന്ന് മൊബൈൽഫോണുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മൊബൈൽ ഉപയോഗവുമായി വ്യക്തികൾ കർശനമായ മര്യാദകൾ പാലിക്കേണ്ടതുണ്ട്.

ഇതിനായി ആദ്യംവേണ്ടത് കുഞ്ഞുങ്ങളെ ചെറുപ്രായത്തിൽതന്നെ മൊബൈൽ ഫോൺ സംസ്കാരം പഠിപ്പിക്കേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ പലരും ഒരു കളിപ്പാട്ടമായാണ് ഈ ഉപകരണത്തെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കരയുമ്പോഴും വാശിപിടിക്കുമ്പോഴും ഭക്ഷണം കഴിക്കാൻ വിമുഖത കാണിക്കുമ്പോഴും അവർക്ക് കളിക്കാൻ കൊടുക്കുന്നത് സ്മാർട്ട് ഫോണാണ്. ഇത്തരത്തിൽ വളരെ ചെറുപ്പത്തിൽതന്നെ തങ്ങളുടെ മനസ്സിൽ ഒട്ടും ഗൗരവമില്ലാത്ത ഒരു കളിപ്പാട്ടമായാണ് കുട്ടികൾ മൊബൈൽഫോണിനെ രേഖപ്പെടുത്തുന്നത്. ഇവർ മുതിരുമ്പോൾ ഇതേ ലാഘവത്തോടെ ഫോൺ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നു.
പഠനാവശ്യത്തിനായി കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന ഫോണുകൾ പലതും വീട്ടുകാരുടെ പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള വസ്തുവായി മാറുന്നുണ്ട്. പലപ്പോഴും കുട്ടികൾ ആവശ്യപ്പെടുന്ന ഫോണുകളെക്കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകാറില്ല. പഠനാവശ്യങ്ങൾക്ക് എന്നുപറഞ്ഞ് ഉയർന്ന സാേങ്കതിക സംവിധാനങ്ങളുള്ള ഫോണുകൾ ആവശ്യപ്പെടുന്നവർ പലപ്പോഴും പുതുതലമുറയിൽപ്പെട്ട ഗെയിമുകൾ കളിക്കാൻ വേണ്ടിയുള്ളതായിരിക്കും. ഇതാകട്ടെ ഇവരെ പഠനത്തിൽ പിന്നോട്ടുനയിക്കാൻ കാരണമാവുകയും ചെയ്യും.
വാഹനങ്ങൾ ഓടിക്കുമ്പോഴും ജോലിസ്ഥലങ്ങളിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനിടയിലും റോഡ് മുറിച്ചുകടക്കുന്ന സമയത്തും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവൻ പോലും നഷ്ടപ്പെടാൻ ഇത്തരം സന്ദർഭങ്ങളിലെ ഫോൺ ഉപയോഗം ഇടയാക്കും.

കുട്ടികളുടെ
ഫോൺ ഉപയോഗം

കുട്ടികളുടെ മൈാബൈൽഫോണിൽ അവർ എന്തെല്ലാം ചെയ്യുന്നു, ആരുമായൊക്കെ ആശയവിനിമയം നടത്തുന്നു, ഏതെല്ലാം വെബ്സൈറ്റുകൾ സന്ദർശിക്കുന്നു, കളിക്കുന്ന ഗെയിമുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിയേണ്ടതും നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഭൂരിപക്ഷം വീടുകളിലും അംഗങ്ങൾ അവരവരുടെ ഫോണുകൾ പാസ് വേഡ് ഉപയോഗിച്ച് പൂട്ടിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ മുതിർന്നവർ മാതൃക കാണിച്ച് ഫോണുകൾ വീട്ടിലെ അംഗങ്ങൾക്ക് പരസ്പരം എടുത്തുനോക്കാനും ഉപയോഗിക്കാനും കഴിയുന്ന ഒരവസ്ഥ സൃഷ്ടിക്കുകയാണെങ്കിൽ മൊബൈൽഫോൺ വഴിയുള്ള ‘വഴിതെറ്റൽ’ ഒരു പരിധിവരെ തടയാനാകും. കുട്ടികൾ മൊബൈൽ ഫോണിന് അടിമപ്പെടാതിരിക്കാൻ അവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കണം.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, കുറച്ചുസമയം കുട്ടികൾക്ക് താത്പര്യവിഷയങ്ങൾ അവരോട് സംസാരിക്കുക തുടങ്ങിയവക്ക് സമയം കണ്ടെത്തേണ്ടതാണ്. ആ സമയങ്ങളിലെങ്കിലും ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. വായന പ്രോത്സാഹിപ്പിക്കുന്നതും മറ്റ് കലാകായിക പ്രവർത്തനങ്ങൾക്ക് വഴിതുറന്നുകൊടുത്തും കുട്ടികളുടെ ഫോൺ ഉപയോഗം കുറക്കാനാകും. ബുദ്ധിവികാസം നൽകുന്നതും അറിവു പകരുന്നതുമായ ഗെയിമുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുക്കുകവഴി മൊബൈൽ ഫോണിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാകും. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. കൂടാതെ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽതന്നെ മൊബൈൽഫോൺ ദുരുപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടവശങ്ങളെക്കുറിച്ചെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ട്.

ചതിക്കുഴികളെ
കരുതിയിരിക്കണം

പലപ്പോഴും ഫോണുകളിലേക്ക് വരുന്ന മിസ്ഡ് കോളുകളോട് പ്രതികരിക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. ഒളിഞ്ഞിരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എറിയുന്ന ഒരു ‘ചൂണ്ട’യാണ് പലപ്പോഴും മിസ്ഡ് കോളുകൾ. മൊബൈൽഫോൺ ഉപയോഗത്തിൽ ആസക്തിയുള്ളവരെയും ഉത്കണ്ഠയുള്ളവരെയുമാണ് മിസ്ഡ് കോൾ ചെയ്യുന്നവർ ലക്ഷ്യമിടുന്നത്. പണം, ലൈംഗികത തുടങ്ങിയ ചൂഷണം ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ഇക്കൂട്ടരുടെ വലയിലേക്ക് വീഴുന്നവർ പലപ്പോഴും ദുർബല മനസ്സുള്ളവരുമായിരിക്കും.

അതുപോലെത്തന്നെ ബേങ്ക് ഇടപാടുകളുടെ പാസ്്വേഡുകൾ, മറ്റ് കൈമാറാൻ പാടില്ലാത്ത വിവരങ്ങൾ എന്നിവയെല്ലാം ബേങ്ക്, പൊലീസ്, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നാണെന്ന വ്യാജേന അന്വേഷിച്ച് ചോർത്തിയെടുക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരം ചതികളെയും കരുതിയിരിക്കണം. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവരും ചതിയിൽപ്പെടാറുണ്ട്. ഓൺലൈൻ സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തി മാത്രമായിരിക്കണം ഇടപാടുകൾ നടത്താൻ. ഒന്നോ രണ്ടോ അല്ല നിരവധി ജീവിതങ്ങളെ തകർത്തെറിയാൻ ഈ ചെറിയ ഉപകരണം വഴിവെച്ചിട്ടുണ്ട്. ഇതിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ്, ആ വെല്ലുവിളി മറികടന്ന് മുന്നേറിയുള്ള ജീവിതം കാലം ആവശ്യപ്പെടുന്നുണ്ട്.