Connect with us

Travelogue

അതിഥികളെ ഊട്ടാനായി ഉറക്കമൊഴിച്ച ആ ഉമ്മ

കേരളത്തേക്കാൾ നാലിരട്ടി വലുപ്പമുള്ള ഭൂപ്രദേശമെങ്കിലും ജനസംഖ്യ കേരളത്തിന്റെ പകുതി മാത്രമേയുള്ളൂ. ഇത്തരമൊരു വസ്തുത മിക്ക നാടുകളിൽ എത്തുമ്പോഴും രസം പകരുന്ന കാര്യമാണ്. കംബോഡിയയുടെ പ്രധാന എയർപോർട്ട് തലസ്ഥാന നഗരിയായ നോംപെന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

Published

|

Last Updated

കംപൂച്ചിയ, കംബോജാ, കംബോജദേശ, ഖമർ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന രാജ്യമാണ് ഇന്നത്തെ കംബോഡിയ. കേരളത്തേക്കാൾ നാലിരട്ടി വലുപ്പമുള്ള ഭൂപ്രദേശമെങ്കിലും ജനസംഖ്യ കേരളത്തിന്റെ പകുതി മാത്രമേയുള്ളൂ. ഇത്തരമൊരു വസ്തുത മിക്ക നാടുകളിൽ എത്തുമ്പോഴും രസം പകരുന്ന കാര്യമാണ്. കംബോഡിയയുടെ പ്രധാന എയർപോർട്ട് തലസ്ഥാന നഗരിയായ നോംപെന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. മിക്ക നാടുകളിലും എയർപോർട്ട്‌ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാകുംനിർമിക്കുക. ഡൽഹിയിലും ക്വാലാലംപൂരിലും ഇനി നമ്മുടെ നാടുകളിലേക്ക്‌ നോക്കിയാലും നഗരത്തിൽ നിന്നും ദൂരെയാകും ഉണ്ടാവുക. പക്ഷേ, കംബോഡിയയിൽ അത്‌ നേരെതിരിച്ചാണ്. സഞ്ചാരികൾക്ക് ഇത് വലിയ സൗകര്യമാണ്.

വിസ അടിച്ചു എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന് മുന്നേതന്നെ ഞങ്ങൾ രണ്ടു കംബോഡിയൻ മൊബൈൽ നമ്പർ സംഘടിപ്പിച്ചു. മിക്ക വിദേശ രാഷ്ട്രങ്ങളിലും അന്താരാഷ്ട്ര സഞ്ചാരികൾക്ക്‌ സൗജന്യ സിം നൽകപ്പെടുന്നുണ്ട്. ഞങ്ങളും ഓരോ സിം വീതം കൈക്കലാക്കി. നമ്പർ പ്രവർത്തിക്കാൻ തുടങ്ങിയ ഉടൻ കംബോഡിയയിലെ ഞങ്ങളുടെ ചുമതല വഹിക്കുന്ന ഡോ. റോസെർട് ഒമറിനെ ഫോൺ ചെയ്തു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഞങ്ങൾ ഇവിടേക്ക് യാത്ര തിരിച്ചത്. അദ്ദേഹം തന്റെ സഹോദരൻ സുനിയാക്കൂബിനെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ എയർപോർട്ടിൽ ശട്ടംകെട്ടിയിരുന്നു. മുഖത്തൊരു പൊടിമീശയും പുഞ്ചിരി തൂകുന്ന വദനവുമായി ഒരു ഇരുപതുകാരൻ യുവാവ് ഞങ്ങളെ സ്വാഗതം ചെയ്തു. ഭവ്യതയോടെ അവൻ ഞങ്ങളുടെ ലഗേജ് വഹിച്ചു തന്റെ കാറിൽകയറ്റി. നോംപെനിൽനിന്നും ഞങ്ങൾക്ക്‌ പോകേണ്ടത്‌ കേപ്, കംപോട് പ്രവിശ്യയിലേക്കാണ്. വളരെ ദാരിദ്ര്യം പിടിച്ച റോഡുകൾ, നടുവിന്റെ ആണിക്കല്ല് ഊരിപ്പോകുന്ന തരത്തിലുള്ള അഗാധ ഗർത്തങ്ങൾ. ദാരിദ്ര്യമുറ്റിനിൽക്കുന്ന പരിസരമാണേലും റോഡിൽ നിറയെ ലെക്‌സസ്, ടോയോട്ട പോലുള്ള ആഡംബര വാഹന നിർമാതാക്കളുടെ വാഹനങ്ങൾ സുലഭമായി ഓടുന്നത് കാണാൻ കഴിഞ്ഞു. സുനി ഞങ്ങളെ കൊണ്ടുപോകാൻ വന്നതും അദ്ദേഹത്തിന്റെ സഹോദരന്റെ ലെക്‌സസ്‌ കാറിലാണ്. റോഡിലെ ഈ ആഡംബര വാഹനങ്ങളുടെ ലഭ്യതയെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ജപ്പാൻ, കൊറിയ പോലെയുള്ള നാടുകളിൽ നിന്നും ഉപയോഗിച്ച് മതിയാക്കി സ്‌ക്രാപ്പ് ആയി തള്ളുന്ന വാഹനങ്ങൾ ചെറിയ വിലക്ക് കംബോഡിയൻ മാർക്കറ്റിൽ ഇറങ്ങുന്നതാണെന്നാണ്. നിലവിൽ നമ്മുടെ കേരളത്തിലും ഡൽഹി പോലുള്ള പ്രദേശങ്ങളിൽ നിന്നും അനവധി വാഹനങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

ഇരുന്നൂറോളം കിലോമീറ്റർ ദൂരമുണ്ട്‌ ലക്ഷ്യസ്ഥാനത്തേക്ക്. ഏതാനും മാസങ്ങൾക്ക് മുന്നേ ഇവിടേക്ക് എത്തിച്ചേരാൻ നാല് മണിക്കൂറോളം മതിയായിരുന്നു. ഇപ്പോൾ വെള്ളപ്പൊക്കം വരുകയും താർ ചെയ്ത റോഡുകളൊക്കെ ഒലിച്ചുപോയി കുണ്ടുംകുഴിയും രൂപാന്തരപ്പെടുകയും ചെയ്തതോടെ സമയദൈർഘ്യം അധികരിച്ചുവെന്നുമാത്രം. കാറിൽ ഞങ്ങൾക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വർധിച്ച കുലുക്കം ഒപ്പം ഉരുണ്ടുകൂടി വരുന്ന പൊടിപടലങ്ങൾ… ഇതൊക്കെ ഒരു യാത്ര ദുസ്സഹമാക്കാനുള്ള ചെറിയ കാരണങ്ങൾ മാത്രമാണ്. ഏതാണ്ട് ആറ് മണിക്കൂറിലധികം യാത്ര ചെയ്തു ഞങ്ങൾ സുനിയാക്കൂബിന്റെ വീട്ടുപടിക്കൽ എത്തിച്ചേർന്നു. നല്ല ഇരുട്ട് പടർന്നിരുന്നു. ചുറ്റുപാടുമുള്ള വീടുകളിലൊക്കെ വിളക്ക് അണഞ്ഞിട്ടുണ്ട്. സുനിയുടെ വീട്ടിൽ മാത്രമാണ് പ്രകാശമുള്ളത്. വൃദ്ധയായ മാതാവ് പുഞ്ചിരി സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങളെ സ്വീകരിച്ചു. ദൈർഘ്യമേറിയ യാത്ര, ഒപ്പം കുലുക്കവും. നല്ല വിശപ്പ് അനുഭവപ്പെടുന്നുണ്ട്. എന്തെങ്കിലും കഴിക്കാൻ ലഭിച്ചാൽ മതിയെന്ന ചിന്ത മാത്രം. കുടിക്കാൻ വെള്ളം കൊണ്ടു വന്നുതന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഭക്ഷണം വിളമ്പി ഞങ്ങളെ അതിലേക്ക് ക്ഷണിച്ചു. നിലത്തിരുന്നു കഴിക്കുന്ന രീതിയാണ്. ചോറും മസാലയൊന്നും ചേർക്കാതെ പുഴുങ്ങിയ വലിയ ചെമ്മീനും ആവോലി പോലുള്ള ഒരു മീനും, കാബേജ്‌ പോലുള്ള ഒന്നിന്റെ ഇലയും, ചീര ഇലയുടെ ഒരുകൂട്ടും, മുളക്‌ നീരുമാണ്‌ കൊണ്ടുവന്നത്.

വിശന്നിരിക്കുന്ന ഞാൻ ആർത്തിയോടെ ഒരു ചെമ്മീൻ വായിലിട്ടതോടെ ഒരു വയ്യായ്ക അനുഭവപ്പെട്ടു. മസാലയുടെ മേമ്പടിയോടെ മാത്രം മത്സ്യവും ഇറച്ചിയും കഴിക്കുന്നവർക്കിത് അസഹനീയമായ ഒരു സംഗതിതന്നെയാണ്. ആ വൃദ്ധയായ സ്ത്രീ ഞങ്ങൾ ഇത് കഴിക്കാൻ തുടങ്ങുന്നത് കാത്തിരിക്കുകയാണ്. ഞങ്ങളുടെ മുഖത്ത് ഒരേപോലെ ഇഷ്ടക്കേട് പ്രതിഫലിച്ചു. എങ്കിലും അത് ആ പ്രായമായ സ്ത്രീയെ കാണിക്കാതിരിക്കുകയും വേണം. ദാർവീഷ് വീണ്ടും കൽപ്പിച്ചു എന്റെ കൂടി ഓഹരി കഴിച്ചു ആ ആതിഥേയരെ തൃപ്തിപ്പെടുത്തി. പ്രാദേശിക ഭാഷയല്ലാത്ത ഒരു ഭാഷയും അറിയാത്ത ആ മാതാവിന്റെ സ്‌നേഹവും പരിലാളനയും എന്തെന്നില്ലാതെ ഹഠാതാകർഷിച്ചിരുന്നു. സ്വദേശത്ത്‌ നിന്നും നാലായിരം കിലോമീറ്റർ അകലെയായി ഒരു ഉമ്മ രാത്രി ഉറക്കമൊഴിച്ചു എങ്ങുനിന്നോ വരുന്ന രണ്ട് അതിഥികളെ ഊട്ടാനായി കാത്തുനിൽക്കുന്നതും നമ്മുടെ വയറു നിറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും യാത്രകളിൽ നല്ല മനുഷ്യരെ കണ്ടുമുട്ടുന്ന അപൂർവ സന്ദർഭങ്ങളിൽ ഒന്നാണ്.

Latest