Connect with us

National

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്; വഡോദരയില്‍ നോണ്‍വെജ് വിഭവങ്ങള്‍ പരസ്യമായി വില്‍ക്കുന്നത് തടഞ്ഞു

ഗുജറാത്തിലെ തന്നെ രാജ്‌കോട്ടില്‍ നോണ്‍ വെജ് ഉത്പനങ്ങള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്‍പന നടത്താവൂ എന്ന് മേയര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വഡോദരയിലും നോണ്‍ വെജ് വില്‍പനക്ക് നിയന്ത്രണം വരുന്നത്.

Published

|

Last Updated

വഡോദര | റോഡരികിലെ സ്റ്റാളുകളില്‍ പരസ്യമായി നോണ്‍ വെജ് വിഭവങ്ങള്‍ വില്‍പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പാലിറ്റി. നോണ്‍വെജ് വിഭവങ്ങള്‍ ആരും കാണാത്ത രീതിയില്‍ മറച്ചുവെച്ച് വില്‍പന നടത്തണമെന്ന് വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിദേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കി. മാംസവില്‍പന്നങ്ങള്‍ പരസ്യമായി വില്‍പന നടത്തുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും വര്‍ഷങ്ങളായി തുടരുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും പട്ടേല്‍ വ്യക്തമാക്കി.

ഗുജറാത്തിലെ തന്നെ രാജ്‌കോട്ടില്‍ നോണ്‍ വെജ് ഉത്പനങ്ങള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്‍പന നടത്താവൂ എന്ന് മേയര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വഡോദരയിലും നോണ്‍ വെജ് വില്‍പനക്ക് നിയന്ത്രണം വരുന്നത്.

ഹിദേന്ദ്ര പട്ടേല്‍ വാക്കാലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശുചിത്വ കാരണങ്ങളാല്‍ ഭക്ഷണം നന്നായി കവര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും, ഗതാഗതക്കുരുക്കിന് കാരണമാകുന്ന പ്രധാന റോഡുകളില്‍ അവ വില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുട്ട കൊണ്ടുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന വണ്ടികള്‍ക്കും നിര്‍ദേശം ബാധകമാകും.

അതേസമയം, പട്ടേലിന്റെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ച് കച്ചവടക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Latest