Connect with us

Ongoing News

ഇടിച്ചിട്ട താരം പുരുഷനെന്ന്; ഒളിംപിക്‌സ് വനിതാ ബോക്‌സിംഗില്‍ ജെന്‍ഡര്‍ വിവാദം

മത്സരത്തില്‍ ജയിച്ച അള്‍ജീരിയയുടെ ഇമാനെ ഖെലിഫ് പുരുഷനാണെന്ന് എതിരാളിയായിരുന്ന ഇറ്റലിയുടെ ഏഞ്ചല കരിനിസ ആരോപിച്ചതോടെയാണ് വിവാദം.

Published

|

Last Updated

പാരിസ് | ഒളിമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് മത്സരത്തെ ചൊല്ലി ജെന്‍ഡര്‍ വിവാദം. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്. മത്സരത്തില്‍ ജയിച്ച അള്‍ജീരിയയുടെ ഇമാനെ ഖെലിഫ് പുരുഷനാണെന്ന് എതിരാളിയായിരുന്ന ഇറ്റലിയുടെ ഏഞ്ചല കരിനിസ ആരോപിച്ചതോടെയാണ് വിവാദം. 46 സെക്കന്‍ഡിലാണ് കരിനിസയെ ഖെലിഫ് പരാജയപ്പെടുത്തിയത്.

ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കില്‍ നിന്ന് രക്തം പ്രവഹിച്ചിരുന്നു. തോല്‍വിക്കു ശേഷം ഇമാനക്ക് ഹസ്തദാനം നല്‍കാന്‍ കരിനി തയാറായതുമില്ല. ജീവന്‍ രക്ഷിക്കാന്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം തനിക്കുണ്ടായതെന്നും ഗദ്ഗദകണ്ഠയായി താരം പറഞ്ഞു.

സംഭവത്തില്‍ ഒളിംപിക്‌സ് അസ്സോസിയേഷന്‍ ന്യായീകരണവുമായി രംഗത്തെത്തി. ‘മത്സര യോഗ്യതാ നിയമങ്ങള്‍ പാലിക്കുന്നവരാണ് വനിതാ വിഭാഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരുമെന്നും അവരുടെ പാസ്സ്‌പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐ ഒ സി വക്താവ് മാര്‍ക് ആഡംസ് പറഞ്ഞു. തങ്ങളുടെ താരത്തിനെതിരായ ആക്രമണത്തില്‍ അള്‍ജീരിയ ഒളിമ്പിക് കമ്മിറ്റിയും പ്രതിഷേധിച്ചു. ചില വിദേശ മാധ്യമങ്ങള്‍ വിദ്വേഷമുളവാക്കുന്നതും അധാര്‍മികവുമായ ആക്രമണം നടത്തുകയാണെന്ന് കമ്മിറ്റി ആരോപിച്ചു.

കരിനിസയുടെ ആരോപണത്തെ ഏറ്റെടുത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രശസ്ത എഴുത്തുകാരി ജെ കെ റൗളിങും മറ്റും രംഗത്തുവന്നു. ‘നിങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ഒരു പുരുഷന്‍ സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് അടിക്കുകയാണ്. അതില്‍ കുഴപ്പമില്ലാത്തത് എന്തുകൊണ്ടാണെന്ന് ഒളിംപിക് കമ്മിറ്റി വിശദീകരിക്കണം.’-റൗളിങ് ആവശ്യപ്പെട്ടു.

കരിനിസയോട് ഏറ്റുമുട്ടിയ താരത്തിന് പുരുഷ ജനിതക സ്വഭാവങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും അവരെ സ്ത്രീകളുടെ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രതികരിച്ചു. വിവേചനം കാണിക്കാനുള്ള താത്പര്യമല്ല, തുല്യ നിബന്ധനകളില്‍ മത്സരിക്കാനുള്ള വനിതാ അത്ലറ്റുകളുടെ അവകാശം സംരക്ഷിക്കാനാണ് താനിത് പറയുന്നതെന്നും മെലോണി പറഞ്ഞു.

 

Latest