Connect with us

Kerala

സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടിയെന്ന്; 'കേരളീയം' യു ഡി എഫ് ബഹിഷ്‌കരിക്കും

നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനസദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ യു ഡി എഫ്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടക്കുന്നുവെന്ന വിമര്‍ശം ഉയര്‍ത്തിയാണ് യു ഡി എഫിന്റെ പിന്മാറ്റം. നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനസദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബര്‍ 18 മുതല്‍ 24 വരെ നിയോജക മണ്ഡലങ്ങളില്‍ ജനസദസ്സും നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മണ്ഡലങ്ങളില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ജനസദസ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കമെന്ന് കൂടി കരുതിയാണ് പ്രതിപക്ഷ നിസ്സഹരണം. യു ഡി എഫ് നിസ്സഹകരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ എം എല്‍ എമാരുടെ മണ്ഡലത്തിലെ പരിപാടികള്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സംഘടിപ്പിക്കേണ്ടി വരും. അതേസമയം രണ്ട് പരിപാടികളും സര്‍ക്കാര്‍ ചെലവിലെ പാര്‍ട്ടി പ്രചാരണ പരിപാടിയെന്നാണ് യു ഡി എഫ് വിമര്‍ശനം.

നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാനിരിക്കെ വന്‍തുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. മാത്രമല്ല നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും യു ഡി എഫ് പറയുന്നു. എന്നാല്‍ വികസന പരിപാടികളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് പറഞ്ഞാണ് എല്‍ ഡി എഫ് മറുപടി.

Latest