cover story
ആ യാത്രാസാക്ഷ്യം
ഇന്ത്യാ സന്ദർശനം ലാപിയറിന് ഒരു ഹരമായിരുന്നു. തന്റെ യാത്രകൾക്കിടയിൽ ഒരുപാട് തവണ അദ്ദേഹം ഇന്ത്യയെ തേടി വന്നു. ചേരികളും സുന്ദർബെൻസുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. നന്നായി ബംഗാളി സംസാരിക്കാനറിയുന്ന അദ്ദേഹത്തോട് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോൾ "ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ബംഗാളിലെ ബസ്തി ( ചെറിയ കുടിൽ) കളിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി മറ്റെവിടെയും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കൊൽക്കത്തയിലെ റിക്ഷാക്കാരനായ ഹൻസാരി പാൽ നൽകിയ പൊട്ടിയ ബെൽ ഒരു സൂക്ഷിപ്പു സ്വത്തായി അദ്ദേഹം കൊണ്ടുനടന്നുവെന്നത് ഇന്ത്യ അദ്ദേഹത്തെ എത്രത്തോളം പിടിച്ചുവലിക്കുന്നുവെന്നതിന്റെ തെളിവാണ്.
സ്വിറ്റ്സർലൻഡിലെ ജനസംഖ്യയോളം വരുന്ന കുഷ്ഠ രോഗികളും ബെൽജിയംകാർക്ക് സമാനം പുരോഹിതരും ഹോളണ്ടിനെ നിറയ്ക്കാൻ പാകത്തിലുള്ള യാചകരും 110 ലക്ഷം വിശുദ്ധന്മാരും നാഗാലൻഡിലെ നാഗന്മാരെപ്പോലെ ഇപ്പോഴും മനുഷ്യരുടെ തല കൊയ്യുന്നവരുൾപ്പെടെ 200 ലക്ഷം ഗോത്രവർഗക്കാരും ഇന്ത്യക്കാരിൽ ഉൾപ്പെടുന്നു. ഒരു കോടിയോളം പേർ പ്രധാനമായും അലഞ്ഞു തിരിയുന്നവരാണ്. പാമ്പാട്ടികൾ, കൈനോട്ടക്കാർ, നാടോടികൾ, ചെപ്പടി വിദ്യക്കാർ, ജാലവിദ്യക്കാർ, മരുന്നു കച്ചവടക്കാർ എന്നിങ്ങനെയുള്ള പാരമ്പര്യ തൊഴിലുകളുമായി അവർ ഗ്രാമങ്ങൾതോറും തുടരെ സഞ്ചരിക്കുന്നു. 38,000 പേർ ഓരോ ദിവസം ജനിക്കുന്നു. അതിൽ നാലിലൊന്ന് അഞ്ച് വയസ്സ് തികയുന്നതിന് മുമ്പേ മരിക്കുന്നു. ബാക്കി ഇന്ത്യക്കാരിൽ ഒരു കോടിയോളമാളുകൾ പോഷകാഹാരക്കുറവ് മൂലവും വസൂരി പോലെയുള്ള രോഗങ്ങളാലും മരണപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും തീക്ഷ്ണമായ ആത്മീയ പ്രദേശമാണ് ഈ ഉപഭൂഖണ്ഡം’…..
……………………………………………………………
“വാക്കുകൾ അവസാനിപ്പിച്ച് ഹിന്ദു ബ്രിഗേഡിയർ ( കരിയപ്പ ) പിന്നിലേക്കു നീങ്ങി. തുണിയിൽ പൊതിഞ്ഞ ഒരു വലിയ ട്രോഫിയെടുത്ത് അവിടെ സന്നിഹിതനായിരുന്ന ബ്രിഗേഡിയർ ആഗ റസായ്ക്ക് സമ്മാനിച്ചു. പിരിഞ്ഞു പോകുന്ന മുസ്‌ലിം സഖാക്കൾക്ക് ഹിന്ദു ഓഫീസർമാരുടെ സമ്മാനം. പഴയ ഡൽഹിയിലെ ഒരു വെള്ളിപ്പണിക്കാരൻ നിർമിച്ചതായിരുന്നു അത്. തോക്ക് തോളത്തു വെച്ച് അടുത്തടുത്ത് നിൽക്കുന്ന ഒരു ഹിന്ദു ഭടനെയും ഒരു മുസ്‌ലിം ഭടനെയും അതിൽ ചിത്രീകരിച്ചിരുന്നു. ഏതോ പൊതുശത്രുവിന് നേർക്ക് ഒരുമിച്ച് നീങ്ങുന്ന ചിത്രം. റസാ കരിയപ്പക്ക് നന്ദി പ്രകടിപ്പിച്ചതിന് ശേഷം ഓർക്കസ്ട്ര ഒരു ഗാനം ആലപിച്ചു. ഓഫീസർമാർ പരസ്പരം കൈകോർത്തു പിടിച്ചു. ഹിന്ദുവും മുസ്‌ലിമും എന്ന ഭേദ ചിന്തകൂടാതെ അവർ വൃത്താകൃതിയിൽ അണിനിരന്ന് പാട്ടിനൊത്ത് നൃത്തം ചെയ്തു’.
………………………………………………..
1947ലെ ഇന്ത്യയുടെ ഏകദേശ ചിത്രമാണ് ആദ്യത്തിൽ. വിഭജന സമയത്ത് അതിർത്തികൾക്കപ്പുറത്തേക്ക് പറിച്ചു നടപ്പെടുന്ന സൈനികരുടെ ഒരുമിച്ചുള്ള അവസാന വൈകാരിക നിമിഷങ്ങളാണ് രണ്ടാമത്. ഇന്ത്യയെക്കുറിച്ചുള്ള വിവരണം തുടർന്നു പോകുകയാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തെ ഇന്ത്യയുടെ നേർച്ചിത്രമാണ് ഫ്രഞ്ച് എഴുത്തുകാരനായ ഡൊമിനിക് ലാപിയറും കൂട്ടുകാരൻ അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസും നൽകുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തിലെ അപൂർവ മുഹൂർത്തങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും ആധികാരിക രേഖകളുടെ പിൻബലത്തോടെ ക്രമപ്പെടുത്തിയ മനോഹരമായ രചനയാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് (സ്വാതന്ത്ര്യം അർധരാത്രിയിൽ). വിഖ്യാതരായ രണ്ട് എഴുത്തുകാരുടെ മൂന്ന് വർഷത്തെ നീണ്ട ഗവേഷണ പഠനങ്ങളുടെ ഫലമായിരുന്നു ഈ കൃതി എന്നതിൽ തന്നെയുണ്ട് ലാറി കോളിൻസിനൊപ്പം ഡൊമിനിക് ലാപിയർ എങ്ങനെ എഴുത്തിലെ ഇതിഹാസമായി എന്നതിനുള്ള ഉത്തരം.
ആദ്യ യാത്ര,
അനേകം അനുഭവങ്ങൾ
പുതിയ ലോകം തേടിയുള്ള യാത്രയും അന്വേഷണവും പത്രപ്രവർത്തനവുമെല്ലാം ചേർന്നതായിരുന്നു ഡൊമിനിക് ലാപിയറുടെ ജീവിതം. 1931ൽ ഫ്രാൻസിൽ ജനിച്ച ലാപിയർ പതിമൂന്നാം വയസ്സിലാണ് ആദ്യ ദീർഘയാത്ര നടത്തുന്നത്. അമേരിക്കയിൽ ഫ്രഞ്ച് കോൺസുലർ ജനറലായിരുന്ന പിതാവിനോടും മാതാവിനോടുമൊപ്പം 1927 മോഡൽ നാഷ് കാറിൽ പിതാവിന്റെ ജോലി സ്ഥലത്തേക്കായിരുന്നു ലാപിയറുടെ ആദ്യ ദീർഘയാത്ര. വൻകരകൾ താണ്ടി തന്റെ യാത്ര പുരോഗമിക്കുമെന്നും അവിടങ്ങളിൽ സാധാരണക്കാരോടൊപ്പം ദീർഘകാലം താമസിക്കുമെന്നും അടിസ്ഥാന വർഗത്തിന്റെ ജീവിതത്തെക്കുറിച്ച് പുസ്തകങ്ങളെഴുതുമെന്നും അവ ലോകത്ത് ആഘോഷിക്കപ്പെടുന്ന രചനകളായി മാറുമെന്നും കൊച്ചു ലാപിയർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.
പിതാവിനോടൊത്തുള്ള ആദ്യ യാത്രക്കു ശേഷം യാത്ര അവനൊരു ഹരമായി. പിന്നീട് അമേരിക്കയിലെ മുക്കിലും മൂലയിലും അവൻ സഞ്ചരിച്ചു. കുറഞ്ഞ കാലം കൊണ്ട് ലാപിയറിന് യാത്ര ഒരു ഹരമായി മാറി. പതിനെട്ടാം വയസ്സിലാണ് ലാപിയറുടെ ജീവിതം മാറ്റി മറിച്ച യാത്രയും രചനയും നടക്കുന്നത്. കൈയിൽ വെറും 30 ഡോളറുമായി തുടങ്ങിയ യാത്ര 20,000 കിലോമീറ്റർ ചുറ്റിയാണ് തിരിച്ചുവന്നത്. യാത്രക്കിടയിൽ ക്ലാസ്സുകളെടുത്തും ലേഖനങ്ങളെഴുതിയും പള്ളിയുടെ ജനാലകൾ തുടച്ചും മറ്റു ചെറിയ ജോലികളെടുത്തും ലാപിയർ തുടർ യാത്രക്കുള്ള പണം കണ്ടെത്തി. ഐതിഹാസികമായ ഈ യാത്രയാണ് പിന്നീട് എ ഡോളർ ഫോർ എ തൗസന്റ് കിലോമീറ്റേഴ്സ് (A dollar for a thousand kilometeres) എന്ന രചനയായി പുറത്തുവന്നത്. യൂറോപ്പിൽ അക്കാലത്തെ ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു ഈ പുസ്തകം.
ഇന്ത്യയോടുള്ള
പ്രണയം
ഒരു ഇന്റർവ്യൂവിൽ ഇന്ത്യയോടുള്ള പ്രണയവും അടുപ്പവും ഏറെ വൈകാരികമായി ലാപിയർ അവതരിപ്പിക്കുന്നുണ്ട്. “അത്യഗാധമാണ് കൊൽക്കത്തയിലെയും ബംഗാളിലെയും ജനങ്ങളുമായുള്ള എന്റെ ബന്ധം. ഇവിടുത്തുകാരുടെ ഹൃദയവിശുദ്ധിയാണ് എന്നെ ആകർഷിച്ചത്. ഏത് പ്രതിസന്ധിക്കിടയിലും അവർ പുഞ്ചിരിക്കുന്നു. എത്ര പാവപ്പെട്ടവനും പുഞ്ചിരിക്കാനുള്ള എന്തെങ്കിലുമൊരു കാരണം കണ്ടെത്തുന്നത് കാണാം. മിക്കപ്പോഴും എന്റെ കൈയിൽ ഈയൊരു ബെൽ (ബെൽ പുറത്തെടുക്കുന്നു) ഉണ്ടാകും. കൊൽക്കത്ത തെരുവിലെ ഓട്ടോറിക്ഷക്കാരുടെ സെൽ ഫോണാണിത്. സന്തോഷ നഗരത്തിലെ ഒരു ഹീറോ എനിക്ക് നൽകിയതാണിത്. കൊൽക്കത്തയിലെ ഓരോ മുക്കുമൂലകളും ശബ്ദങ്ങളും മണവും ഇതെന്നെ ഓർമിപ്പിക്കുന്നു. ഇവിടെ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. ബംഗാളിലെ ഉൾനാടുകൾ, ചേരികൾ എന്നിവയുടെ പുരോഗതിക്കു വേണ്ടിയുള്ള 14 പ്രൊജക്ടുകളിൽ ഞാൻ ഭാഗഭാക്കായിട്ടുണ്ട്’.
ഇന്ത്യാ സന്ദർശനം ലാപിയറിന് ഒരു ഹരമായിരുന്നു. തന്റെ യാത്രകൾക്കിടയിൽ ഒരുപാട് തവണ അദ്ദേഹം ഇന്ത്യയെ തേടി വന്നു. ചേരികളും സുന്ദർബെൻസുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. നന്നായി ബംഗാളി സംസാരിക്കാനറിയുന്ന അദ്ദേഹത്തോട് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന ചോദ്യത്തിന് “ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ബംഗാളിലെ ബസ്തി ( ചെറിയ കുടിൽ) കളിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി മറ്റെവിടെയും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കൊൽക്കത്തയിലെ റിക്ഷാക്കാരനായ ഹൻസാരി പാൽ നൽകിയ പൊട്ടിയ ബെൽ ഒരു സൂക്ഷിപ്പു സ്വത്തായി അദ്ദേഹം കൊണ്ടുനടന്നുവെന്നത് ഇന്ത്യ അദ്ദേഹത്തെ എത്രത്തോളം പിടിച്ചുവലിക്കുന്നുവെന്നതിന്റെ തെളിവാണ്.
എഴുത്തുകാരനുള്ളിലെ മനുഷ്യസ്നേഹി
ഇന്ത്യയുമായി ഏറെ വൈകാരിക ബന്ധം സ്ഥാപിച്ചിരുന്ന എഴുത്തുകാരനാണ് ഡൊമിനിക് ലാപിയർ. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിരവധി സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും അദ്ദേഹം മുൻകൈയെടുത്തു. 1981ൽ ലാപിയറും അദ്ദേഹത്തിന്റെ ഭാര്യയും ഒരുമിച്ച് സ്ഥാപിച്ച “ദ സിറ്റി ഓഫ് ജോയ് ഫൗണ്ടേഷൻ’ (The city of joy foundation) അതിലൊന്നാണ്. ലാപിയറിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറുകളായ സിറ്റി ഓഫ് ജോയ്, ബിയോണ്ട് ലവ്, എ തൗസന്റ് സൺസ് എന്നീ പുസ്തകങ്ങളുടെ റോയൽറ്റി, വായനക്കാർ നൽകുന്ന സംഭാവനകൾ എന്നിവയാണ് സംഘടനയുടെ പ്രധാന മൂലധനം. പോഷകാഹാരക്കുറവും ദാരിദ്ര്യവും അനുഭവിക്കുന്ന, കുഷ്ഠരോഗവും മറ്റ് രോഗങ്ങളും ബാധിച്ച 9,000 കുട്ടികളെ സംഘടന രക്ഷിച്ചു. 1,200 ഗ്രാമങ്ങളിൽ കുടിവെള്ളത്തിനായി കുഴിച്ചത് 541 കുഴൽക്കിണറുകൾ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം രോഗികൾക്ക് വൈദ്യസഹായം നൽകാനും ആയിരം ഗ്രാമങ്ങളിലെ സ്ത്രീകളെ എഴുത്തും വായനയും പഠിപ്പിക്കാനും സംഘടനക്കായി.
1984 ലെ വ്യാവസായിക ദുരന്തത്തിൽ ഇരകളായവരുടെ ചികിത്സക്കും ഭോപ്പാലിലെ ഒറിയ ബസ്തി സെറ്റിൽമെന്റിലെ ഒരു പ്രൈമറി സ്‌കൂളിനുമാണ് അദ്ദേഹത്തിന്റെ “ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ’ (Five past midnight in bhopal) എന്ന പുസ്തകത്തിൽ നിന്നുള്ള റോയൽറ്റി തുക. തന്റെ നിരവധി കാലത്തെ യാത്രക്കും അന്വേഷണത്തിനും എഴുത്തിനും ഇന്ത്യക്കാർ നൽകിയ നിറഞ്ഞ സ്നേഹത്തിനുള്ള അദ്ദേഹത്തിന്റെ സമ്മാനം കൂടിയായിരുന്നു ഈ പ്രവർത്തനങ്ങൾ.
ലോകം ചുറ്റിയൊരു
ഹണിമൂൺ ട്രിപ്
ഓരോരുത്തരുടെയും ഭ്രാന്തൻ സ്വപ്നങ്ങൾക്ക് കണ്ണുമടച്ച് പിന്തുണ നൽകുന്ന പങ്കാളികൾ അവരവരുടെ ജീവിത വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം വയസ്സിലാണ് ഡൊമിനിക് ലാപിയർ തന്റെ ജീവിത പങ്കാളിയെ കൂടെ കൂട്ടുന്നത്. കൈയിലുള്ള 300 ഡോളറും വീട്ടിലെ പഴയ ക്രിസ്ലർ കാറും എടുത്ത് ഇരുവരും ഒരു ഹണിമൂൺ ട്രിപ്പ് പുറപ്പെടുന്നുണ്ട്. ചരിത്രത്തിൽ ഇത്തരമൊരു ഹണിമൂൺ ട്രിപ്പ് വേറെ ഒരിടത്തും നടന്നിട്ടുണ്ടാകില്ല. യാത്രയിൽ ചെലവു കുറഞ്ഞ ഹോട്ടലുകളിൽ മാത്രം താമസിച്ചു. യാത്രക്കിടയിൽ സാൻഫ്രാൻസിസ്കോയിൽ വെച്ച് കൈയിൽ ആകെയുണ്ടായിരുന്ന കാറ് 400 ഡോളറിന് വിറ്റ് ജപ്പാനിലേക്ക് രണ്ട് ടിക്കറ്റ് ഇരുവരും ഉറപ്പാക്കി. യാത്രക്കിടയിൽ പറ്റാവുന്ന ജോലിയെല്ലാം ഒരുമിച്ചെടുത്ത് യാത്ര തുടർന്നു. ഒരു വർഷം നീണ്ടുനിന്ന ഹണിമൂൺ യാത്ര അവസാനിക്കുമ്പോൾ ജപ്പാൻ, ഹോങ്കോംഗ്, തായ്്്ലൻഡ്, ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, തുർക്കി, ലെബനാൻ തുടങ്ങിയ രാജ്യങ്ങൾ ഇരുവരും സന്ദർശിച്ചു കഴിഞ്ഞിരുന്നു. ഈ യാത്രയാണ് പിന്നീട് “ഹണിമൂൺ ട്രിപ്പ് എറൗണ്ട് ദ എർത്ത് ‘ എന്ന മറ്റൊരു ബെസ്റ്റ് സെല്ലറായി പുറത്തിറങ്ങിയത്.
ലോകത്തോളം പ്രസിദ്ധമായ സൗഹൃദം
യാദൃച്ഛികമായി ഒരു ഭക്ഷണശാലയിൽ വെച്ച് കണ്ടുമുട്ടുക, പരസ്പരം അറിയുന്നതിലൂടെ സൗഹൃദം പതിയെ മൊട്ടിടുക, ജോലിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് വീണ്ടും കണ്ടുമുട്ടുക, ഒരുമിച്ച് മത്സരിക്കുക, ശേഷം ബെസ്റ്റ് സെല്ലറാകാൻ പാകത്തിൽ ഒരുമിച്ച് പുസ്തകം എഴുതുക, തുടർന്ന് അതുപോലെയുള്ള അനേകം പുസ്തകങ്ങൾ രചിക്കുക. ഒറ്റ വായനയിൽ അസംഭവ്യമെന്ന് തോന്നാമെങ്കിലും ഡൊമിനിക് ലാപിയറെന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കക്കാരനും ഇത്തരമൊരു കഥ പറയാനുണ്ട്.
നാറ്റോ ( NATO), എ സി ഒ ( ACO ) എന്നിവയുടെ സംയുക്ത സൈനിക ആസ്ഥാനമായ ഷേപ്പി ( SHAPE ) ലെ ഭക്ഷണ ശാലയിൽ വെച്ചാണ് ലാറി കോളിൻസും ലാപിയറും ആദ്യമായി കണ്ടുമുട്ടുന്നത്. കോളിൻസ് യുണൈറ്റഡ് പ്രസിലും ശേഷം ന്യൂസ് വീക്കിലുമെത്തുന്നു. ന്യൂസ് വീക്കിന്റെ പശ്ചിമേഷ്യൻ വക്താവായിട്ടായിരുന്നു നിയമനം. ഷേപ്പിൽ നിന്ന് ഇറങ്ങിയ ശേഷം പാരീസ് മാച്ച് (Paris match) മാഗസിനിന്റെ റിപോർട്ടറായാണ് ലാപിയറുടെ നിയമനം. വാർത്തകൾ തേടിയുള്ള യാത്രക്കിടയിൽ പലപ്പോഴായി അവർ കണ്ടുമുട്ടി. നല്ല വാർത്തകൾക്കായി അവർ പരസ്പരം മത്സരിച്ചു. അവർ പോലുമറിയാതെ അവർക്കിടയിലെ സൗഹൃദം ദൃഢപ്പെട്ടു വരികയായിരുന്നു. അങ്ങനെയാണ് ഫ്രഞ്ച്, ആംഗ്ലോഫോൺ വായനക്കാരെ ആകർഷിക്കുന്ന ഒരു എഴുത്തിനു വേണ്ടി രണ്ടു പേരും ചേർന്ന് കോപ്പുകൂട്ടുന്നത്. തുടർന്നാണ് 1966 ൽ ഇരുവരും ചേർന്ന് ഈസ് പാരീസ് ബേണിംഗ് രചിക്കുന്നത്. ഈഫൽ ഗോപുരവും നോത്രദാം പള്ളിയുമടക്കം പാരീസിലെ ചരിത്രപ്രധാനമായ നിർമിതികൾ തകർക്കാനുള്ള ഹിറ്റ്്ലറുടെ ആജ്ഞയിൽ നിന്ന് പാരീസ് രക്ഷപ്പെട്ടതടക്കമുള്ള സംഭവങ്ങളെ കോർത്തിണക്കിയാണ് പുസ്തകം രചിക്കപ്പെട്ടത്. 30 ഭാഷകളിലായി പത്ത് മില്യൺ കോപ്പികളാണ് ചെലവായത്. അന്വേഷണാത്മക പത്രപ്രവർത്തനവും ചരിത്രവും കുട്ടിയോജിപ്പിച്ച് എഴുതപ്പെട്ട മികച്ച കൃതികളിലൊന്നാണ് ഈസ് പാരീസ് ബേണിംഗ്.
നാല് വർഷം ജറൂസലമിൽ താമസിച്ചു കൊണ്ടാണ് “ഓ ജറൂസലേം’ എന്ന പുസ്തകം 1972 ൽ രചിക്കുന്നത്. ഇസ്്റാഈൽ രാഷ്ട്രത്തിന്റെ പിറവി പുനർവായനക്ക് വിധേയമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 2005 ൽ ലാറി കോളിൻസ് മരണപ്പെടുന്നതിന് അൽപ്പം മുമ്പാണ് “ഈസ് ന്യൂയോർക്ക് ബേണിംഗ്’ (Is NEW YORK Burning) രചിക്കപ്പെടുന്നത്. ഇന്ത്യൻ ചരിത്രത്തെയും ഏറ്റവും ചെറിയ സംഭവങ്ങളെപ്പോലും മനോഹരമായി കോർത്തിണക്കിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975), ഫിഫ്ത്ത് ഹോർസ് മാൻ (1980) എന്ന നോവൽ എന്നിവയും ഈ കൂട്ടുകെട്ടിൽ വിരിഞ്ഞ ലോകം ഏറ്റെടുത്ത പൂക്കളാണ്.
.