Connect with us

feature

ആ ശബ്ദം തടയാനാകില്ല

നിർഭയമായി ഫലസ്തീനികളുടെ നൊമ്പരം ലോകത്തെത്തിക്കാൻ ഇമയടയ്ക്കാതെ മാധ്യമപ്രവർത്തകർ ഗസ്സയിൽ പ്രവർത്തിച്ചുവരികയാണ്. അവരിൽ ഒരാളാണ് മഹാനാസിഹ് അൽ ഹുസൈനി എന്ന മഹാ ഹുസൈനി. മനുഷ്യാവകാശ പ്രവർത്തക കൂടിയായ മഹാ ഹുസൈനിയുടെ സാഹസിക പത്രപ്രവർത്തനത്തെ മാനിച്ചു അവർക്ക് വാഷിംഗ്ടൻ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ വിമന്‍സ് മീഡിയ ഫെഡറേഷൻ ( ഐ ഡബ്ല്യു എം എഫ് ) ഈ വർഷത്തെ അന്താരാഷ്ട്ര കവറേജ് ഇൻ ജേർണലിസം അവാർഡ് പ്രഖ്യാപിക്കുകയുണ്ടായി.

Published

|

Last Updated

ലസ്തീനികൾക്കെതിരെ തങ്ങൾ നടത്തുന്ന അതിക്രൂരതകൾ ലോകമറിയാതിരിക്കാൻ ഇസ്റാഈൽ ഭരണകൂടം കണ്ടെത്തിയ മാർഗം മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുകയെന്നതായിരുന്നു. ഒമ്പത് മാസത്തിനിടയിൽ ഇസ്റാഈൽ സേന ഗസ്സയിലെ 152 മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തുകയുണ്ടായി. ജൂതസേനകളുടെ ബോംബിംഗിൽ അവസാനമായി ഈ മാസം രണ്ടാം വാരത്തിൽ കൊല്ലപ്പെട്ടത് അൽ അഖ്‌സ സാറ്റലൈറ്റ് ചാനലിലെ അവതാരകനായ സലീം അൽ സറഫാണ്. മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുനേരേയും ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നിർഭയമായി ഫലസ്തീനികളുടെ നൊമ്പരം ലോകത്തെത്തിക്കാൻ ഇമയടയ്ക്കാതെ മാധ്യമപ്രവർത്തകർ ഗസ്സയിൽ പ്രവർത്തിച്ചുവരികയാണ്. അവരിൽ ഒരാളാണ് മഹാനാസിഹ് അൽ ഹുസൈനി എന്ന മഹാ ഹുസൈനി.

മനുഷ്യാവകാശ പ്രവർത്തക കൂടിയായ മഹാ ഹുസൈനിയുടെ സാഹസിക പത്രപ്രവർത്തനത്തെ മാനിച്ചു അവർക്കു വാഷിംഗ്ടൻ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ വിമന്‍സ് മീഡിയ ഫെഡറേഷൻ ( ഐ ഡബ്ല്യു എം എഫ് ) ഈ വർഷത്തെ അന്താരാഷ്ട്ര കവറേജ് ഇൻ ജേർണലിസം അവാർഡ് പ്രഖ്യാപിക്കുകയുണ്ടായി. മഹാ ഹുസൈനിയുൾപ്പെടെ മൂന്ന് പേർക്കാണ് അവാർഡ് പ്രഖ്യാപിച്ചത്. എന്നാൽ സിയോണിസ്റ്റ് ഭീഷണിക്കു വഴങ്ങി സംഘാടകർ മഹാ ഹുസൈനിക്കുള്ള അവാർഡ് റദ്ദാക്കിയിരിക്കുകയാണ്.

ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന വംശഹത്യയെ കുറിച്ചു ബ്രിട്ടീഷ് വെബ്സൈറ്റായ മിഡിൽ ഈസ്റ്റ് ഐയിൽ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോർട്ടുകൾ പരിഗണിച്ചാണ് മഹായെ അവാർഡിന് തിരഞ്ഞെടുത്തത്. റിപ്പോർട്ടുകളിൽ ഒന്ന് ഇസ്റാഈൽ ക്രൂരതകൾക്ക് ഇരയാകേണ്ടിവന്ന ഗസ്സയിലെ സ്ത്രീകളേയും കുട്ടികളേയും കുറിച്ചുള്ളതായിരുന്നു.
അവാർഡ് കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്ന ഉടനെ ഇസ്റാഈലിലേയും അമേരിക്കയിലേയും വലതുപക്ഷ മാധ്യമങ്ങൾ മഹായുടെ പഴയ ട്വിറ്ററുകൾ കുത്തിപ്പൊക്കി അവർ ഹമാസ് അനുകൂലിയാണെന്നും ജൂതവിരോധിയാണെന്നും സ്ഥാപിക്കാൻ ശ്രമിച്ചു. ചില കേന്ദ്രങ്ങളിൽ നിന്നു പ്രതിഷേധമുയർന്നു. അവാർഡ് റദ്ദാക്കിയത് ഇതേ തുടർന്നാണ്. തങ്ങളുടെ മൂല്യങ്ങൾക്കു വിരുദ്ധമായി മുൻകാലങ്ങളിൽ മഹാഹുസൈനി നടത്തിയ ഇടപെടലുകൾ ശ്രദ്ധയിൽ പെട്ടതാണ് അവാർഡ് റദ്ദാക്കാൻ കാരണമെന്നു സംഘാടകർ വിശദീകരിക്കുകയുണ്ടായി. ഫലസ്തീൻ മീഡിയ ഫോറം സംഭവത്തെ അപലപിച്ചു എന്നത് ശരിതന്നെ. എന്നാൽ ഫലസ്തീനിലെ മാധ്യമ പ്രവർത്തകർ ഐ ഡബ്ല്യു എം എഫ് യുടെ തീരുമാനത്തിൽ അത്ഭുതപ്പെടുന്നവരല്ല.

വലതുപക്ഷ ശക്തികളുടെ അംഗീകാരത്തെക്കാൾ അവരിൽ നിന്നു ഉണ്ടാകുന്ന എതിർപ്പിനേയും നിഷേധത്തേയും അംഗീകാരമായി കാണുന്നവരാണ് അവർ. അവാർഡ് റദ്ദാക്കിക്കൊണ്ടുള്ള വാർത്ത അറിഞ്ഞ മഹാഹുസൈനിയുടെ പ്രതികരണം ഫലസ്തീനി മാധ്യമ പ്രവർത്തരുടെ നിലപാട് വ്യക്തമാക്കുന്നതാണ്. “വാസ്തവത്തിൽ ഫലസ്തീനിലെ മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കരിയറിൽ പുലർത്തിപ്പോരുന്ന ശാരീരികവും ധാർമികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ അവാർഡ് പിൻവലിക്കൽ’ എന്നായിരുന്നു മഹായുടെ പ്രതികരണം. അവർ ശക്തമായ ഭാഷയിൽ ഒന്നു കൂടിപറഞ്ഞു. “ഗസ്സക്കുള്ള അവാർഡ് തടയാൻ നിങ്ങൾക്ക് സാധിച്ചേക്കും എന്നാൽ എന്റെ ശബ്ദം തടയാൻ നിങ്ങൾക്കാവില്ല.’

ലോകത്തിലെ ഏറ്റവും അപകടരമായ പ്രദേശങ്ങളിലൊന്നായ ഗസ്സയിലെ ദൈന്യത തുറന്നു കാണിക്കുന്ന നിരവധി സ്റ്റോറികൾ മഹാ ചെയ്യുകയുണ്ടായി. അൽ-ജസീറ , അൽ- അറബി ടി വി, അനഡോലു വാർത്ത ഏജൻസി , അൽ-അറബി അൽ-ജദീദ്, കുഫിയ ടി വി തുടങ്ങിയ മാധ്യമങ്ങളിൽ ഫലസ്തീനികളുടെ കഥനകഥകൾ മഹാ ഹുസൈനി പുറത്തുകൊണ്ടുവരികയുണ്ടായി. ഗസ്സയിലെ മാധ്യമപ്രവർത്തകരിൽ പലരും വാർത്തകൾ തയ്യാറാക്കുന്നത് ലാപ് ടോപ്പും കീ ബോർഡും സ്വന്തം മടിയിൽ വെച്ച് നിലത്തിരുന്നാണ്. സ്വസ്ഥമായി ജോലിചെയ്യാൻ മതിൽക്കെട്ടുള്ള സ്ഥലമോ മേശയോ കസേരയോ അവരുടെ മുമ്പിലില്ല. ജൂതപ്പടയുടെ ബോംബിംഗിൽ എല്ലാം തകർന്നു.
അധിനിവേശത്തിൻകീഴിൽ ജീവിക്കുന്ന ഒരു ഫലസ്തീനിയൻ മധ്യമ പ്രവർത്തക എന്ന നിലയിൽ, മനുഷ്യാവകാശ പ്രശ്നങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും ഉയർത്തിക്കാട്ടുന്നത് തന്റെ ഉത്തരവാദിത്വമായി മഹാ ഹുസൈനി കാണുന്നു. യാത്രാ ക്ലേശം, ജൂത സൈനിക ഭീഷണി.

അപകട സാധ്യത എന്നീ തടസ്സങ്ങളെ അവഗണിച്ചു മാധ്യമ പ്രവർത്തനം നടത്തുന്ന ഗസ്സയിലെ ശ്രദ്ധേയയായ റിപ്പോർട്ടർമാരിൽ ഒരാളാണ് മഹാ ഹുസൈനി. സാഹസിക മാധ്യമ പ്രവർത്തനത്തിനുള്ള അംഗീകാരമായി അവർക്ക് 2020ലെ മാർട്ടിൻ അഡ്ലർ അവാർഡ് നൽകുകയുണ്ടായി. ജോലിക്കിടയിൽ അപകടത്തിൽ മരണപ്പെട്ട സ്വീഡിസ് ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ മാർട്ടിൻ അഡ്്ലറുടെ സ്മരണക്കായി 2007 മുതൽ നൽകിവരുന്ന മാധ്യമ അവാർഡാണിത്.

കെയ്‌റോയിൽ ജനിച്ച മഹാ ഹുസൈനി വളർന്നത് ഗസ്സയിലാണ്. അൽ അസ്ഹർ സർവകലാശാലയിൽ നിന്നു ഇംഗ്ലീഷ് , ഫ്രഞ്ച് ഭാഷകളിൽ 2013 ൽ ബിരുദം നേടി. തൊട്ടടുത്ത വർഷം സഹാർ ടി വി യിൽ ചേർന്നു. മഹായുടെ മാധ്യമപ്രവർത്തനത്തിലെ ആദ്യ കാൽവെപ്പ് ഗസ്സയിലെ ഇസ്റാഈൽ സൈനിക ക്യാമ്പ് കേന്ദ്രീകരിച്ചു നടക്കുന്ന പൈശാചിക സംഭവങ്ങളെ ആസ്പതമാക്കിയുള്ള വാർത്ത തയ്യാറാക്കിക്കൊണ്ടായിരുന്നു. ഇതോടൊപ്പം ഉപരിപഠനവും മനുഷ്യാവകാശ പ്രവർത്തനങ്ങളും മഹാ തുടർന്നു. പൊളിറ്റിക്കൽ സയൻസിലും റെഫ്യൂജി സ്റ്റഡീസിലും ബിരുദാനന്തര ബിരുദവും നേടി.

2014ൽ ജനീവ ആസ്ഥാനമായുള്ള യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ (യൂറോ-മെഡ് മോണിറ്റർ) ഗസ്സ ആസ്ഥാനമായുള്ള മീഡിയ ഓഫീസറായി മഹാ നിയമിതയായി. രണ്ട് വർഷത്തിന് ശേഷം, റീജിയണൽ ഓഫീസ് ഡയറക്ടറായി 2018 വരെ അവർ ആ സ്ഥാനം വഹിച്ചു. മിഡിൽ ഈസ്റ്റ് ഐയിൽ ജോലി ചെയ്യുന്നതിനൊപ്പം, ലണ്ടൻ ആസ്ഥാനമായുള്ള തിങ്ക്-ടാങ്ക് ഇംപാക്ട് ഇന്റർനാഷണൽ ഫോർ ഹ്യൂമൻ റൈറ്റ്സ് പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലുമായി ബന്ധപ്പെട്ടും പ്രവർത്തനം വ്യാപിപ്പിച്ചു.

യൂറോ-മെഡ് മോണിറ്ററി ബോർഡ് ട്രസ്റ്റിയായും ഡയറക്ടർ ബോർഡ് അംഗമായും അതിന്റെ മീഡിയ പ്ലാറ്റ്‌ഫോമായ ഹു മീഡിയയുടെ സൂപ്പർവൈസറായും ലണ്ടൻ ആസ്ഥാനമായുള്ള ഇംപാക്റ്റ് ഇൻറർനാഷനൽ ഫോർ ഇന്റർനാഷണൽ പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും മഹാഹുസൈനി വഹിക്കുകയുണ്ടായി.