Connect with us

First Gear

2022 സ്‌കോഡ കൊഡിയാക്ക് എസ് യുവി ജനുവരി 14ന് എത്തും

പുതിയ കൊഡിയാക് നിരവധി പ്രത്യേകതകളോടെയാണ് വിപണിയിലെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്‌കോഡ ഓട്ടോ ഇന്ത്യ, 2022 ജനുവരി 10ന് പുതുക്കിയ കോഡിയാക്ക് എസ് യുവിയുടെ വിലകള്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ അതിന്റെ അനൗദ്യോഗിക ബുക്കിംഗുകള്‍ ഇതിനകം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഡെലിവറികള്‍ ജനുവരി 14 മുതല്‍ ആരംഭിക്കും. കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ എസ് യുവിയുടെ നിര്‍മ്മാണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.

പുതിയ 2022 സ്‌കോഡ കൊഡിയാക് ഫെയ്സ്ലിഫ്റ്റിന്റെ (എന്‍ട്രി ലെവല്‍ സ്‌റ്റൈല്‍ വേരിയന്റിന്) വില 36.50 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എസ്യുവി മോഡല്‍ ലൈനപ്പ് സ്പോര്‍ട്ട്ലൈന്‍, എല്‍ ആന്‍ഡ് കെ വേരിയന്റുകളിലും ലഭ്യമാകും. 190 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 എല്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന്, എസ്യുവിക്ക് 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉണ്ടായിരിക്കും. എഡബ്ല്യുഡി (ഓള്‍-വീല്‍ ഡ്രൈവ്) സംവിധാനത്തോടെയാണ് വാഹനം എത്തുന്നത്.

പുതിയ കൊഡിയാക് നിരവധി പ്രത്യേകതകളോടെയാണ് വിപണിയിലെത്തുന്നത്. ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍ (ഡിസിസി), 360 ഡിഗ്രി കാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ റേഞ്ച്-ടോപ്പിംഗ് എല്‍ ആന്റ് കെ ട്രിമ്മിനായി റിസര്‍വ് ചെയ്യപ്പെടും. സ്പോര്‍ട്ട്ലൈന്‍ വേരിയന്റില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കും. ഫ്രണ്ട് ഗ്രില്‍, അലോയ് വീലുകള്‍, വിന്‍ഡോ ട്രിം ഉള്ള ഒആര്‍വിഎം, റൂഫ് റെയിലുകള്‍ എന്നിവയില്‍ സ്പോര്‍ട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കും.

വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ഡിസൈനിലും സീറ്റിംഗ് ലേ ഔട്ടിലും മാറ്റങ്ങളൊന്നും ഇല്ല. എന്നാല്‍ എസ്യുവിക്ക് പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും പുതിയ അപ്ഹോള്‍സ്റ്ററിയും ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫിറ്റ്മെന്റായി 9 എയര്‍ബാഗുകള്‍ ലഭിക്കും. പുതിയ 2022 സ്‌കോഡ കൊഡിയാക് എസ്യുവിക്ക് ശേഷം, കമ്പനി സ്ലാവിയ മിഡ്-സൈസ് സെഡാന്‍ 2022 മാര്‍ച്ചില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest