booker prize
2023ലെ ബുക്കര്‍ പ്രൈസ് ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്
ലിഞ്ചിന്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
ലണ്ടന്‍| 2023ലെ ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്. ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച 6 പുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ലിഞ്ചിന്റെ നോവല്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 46കാരനായ പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രൊഫറ്റ് സോങ്’.
ബുക്കര്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. രാജ്യം സമഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോള്‍ ഒരു കുടംബം നേരിടുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ശക്തമായ ഭാഷയും വികാരനിര്‍ഭരമായ കഥപറച്ചിലുമാണ് ലിഞ്ചിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
സിറിയന്‍ യുദ്ധവും അഭയാര്‍ഥി പ്രശ്‌നവുമാണ് എഴുത്തിന് പ്രേരണയായതെന്ന് പോള്‍ ലിഞ്ച് പറഞ്ഞു. തന്റെ രാജ്യത്തേക്ക് പുരസ്‌കാരം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനമുണ്ടെന്ന് ലിഞ്ച് വ്യക്തമാക്കി. ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്‍വില്‍, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവര്‍ക്ക് ശേഷം ബുക്കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. റെഡ് സ്‌കൈ ഇന്‍ മോര്‍ണിംഗ്, ദ ബ്ലാക്ക് സ്‌നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് ലിഞ്ചിന്റെ മറ്റ് നോവലുകള്‍.