National
പാഠപുസ്തകത്തിലെ 'കടുംവെട്ട്'; തൊടുന്യായവുമായി എൻസിഇആർടി
പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തത് വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാനെന്ന് ന്യായീകരണം

ന്യൂഡൽഹി | പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തത് ന്യായീകരിച്ച് നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ സി ഇ ആർ ടി). വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠഭാഗം മാറ്റിയതെന്നും ഇനിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
കൊവിഡിന്റെ സാഹചര്യത്തിൽ പാഠ്യമേഖലയിൽ നിരവധി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സഹായിക്കുവാനാണ് ഉള്ളടക്കം ഭേദഗതി ചെയ്തതെന്നും സക്ലാനി പറഞ്ഞു. പാഠപുസ്തകങ്ങള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് മാറ്റിയെഴുതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പന്ത്രണ്ടാം ക്ലാസിലേക്കുള്ള ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കൻമാരെ കുറിച്ച് പരാമർശിക്കുന്ന “രാജാക്കന്മാരും ദിനവൃത്താന്തങ്ങളും’ എന്ന ഭാഗമാണ് എൻസിഇആർടി നീക്കം ചെയ്തത്. ഇതിന് പുറമേ പന്ത്രണ്ടാം ക്ലാസ്സിലെ ഹിന്ദി, പൗരശാസ്ത്രം, രാഷ്്ട്ര തന്ത്രം പാഠപുസ്തകങ്ങളിലും എൻ സി ഇ ആർ ടി കത്രിക വെച്ചിട്ടുണ്ട്.
ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് കവിതകളും ലേഖനങ്ങളുമാണ് നീക്കം ചെയ്തത്. അമേരിക്കൻ മേധാവിത്വം ലോക രാഷ്ട്രീയത്തിൽ, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങളാണ് പൗരശാസ്ത്ര പുസ്തകത്തിൽ നിന്ന് നീക്കിയത്. പൊളിറ്റിക്കൽ സയൻസിലെ രാഷ്ട്രീയം സ്വാതന്ത്ര്യത്തിന് ശേഷം എന്ന പുസ്തകത്തിൽ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങൾ ഒഴിവാക്കി.
പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ എൻ സി ഇ ആർ ടി നേരത്തേ പരിഷ്‌കരിച്ചിരുന്നു. പതിനൊന്നാം ക്ലാസ്സിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തിൽ നിന്ന് സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്സ്, ഇൻഡസ്ട്രിയൽ റവല്യൂഷൻ തുടങ്ങിയ അധ്യായങ്ങളാണ് നേരത്തേ നീക്കം ചെയ്തത്. പത്താം ക്ലാസ്സിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിൽ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ എന്നീ വിഷയങ്ങൾ ഒഴിവാക്കിയിരുന്നു.
പരിഷ്‌കരിച്ച പുസ്തകം അടുത്ത അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാകും.