Connect with us

Kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും

സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും.

മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാര്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, പി പ്രസാദ്, സജി ചെറിയാന്‍, ഡോ. ആര്‍ ബിന്ദു, ജെ. ചിഞ്ചുറാണി, ഒ.ആര്‍.കേളു, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. എം.എല്‍.എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുമായ ആന്റണി രാജു, കെ ആന്‍സലന്‍, ജി.സ്റ്റീഫന്‍, ഒ.എസ്.അംബിക, വി.ശശി, ഡി.കെ.മുരളി, സി.കെ.ഹരീന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ്.ഷിബു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സാലു ജെ.ആര്‍. തുടങ്ങിയവര്‍ പങ്കെടുക്കും.

 

സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് തുടങ്ങിയവരെയും ആദരിക്കും. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിനായി പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി. ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം.

സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.

ഉച്ചക്ക് രണ്ടുമണിയോടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. നാല് മണിയോടെ സ്വര്‍ണ കപ്പ് വേദിയിലേക്ക് കൊണ്ട് വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ കലാമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗതക്രമീകരണങ്ങള്‍ നടത്തുന്നതിനും സഹായിച്ച പോലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി ജി. ആര്‍. അനില്‍ നന്ദി അറിയിച്ചു. എംഎല്‍എമാരായ ആന്റണി രാജു, ഐ.ബി. സതീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest