Covid vaccination
കൊവിഡ് വാക്‌സീന്‍ 12 തവണ കുത്തിവെച്ചെന്ന് വെളിപ്പെടുത്തലുമായി 84കാരന്‍
ഓരോ തവണ കുത്തിവെപ്പ് എടുക്കുമ്പോഴും തന്റെ മൊത്തം ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ആര്‍ത്രൈറ്റിസ് മൂലമുള്ള പേശീവേദന കുറഞ്ഞുവെന്നും ഇയാള്‍ അവകാശപ്പെട്ടു
പട്‌ന | കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തനിക്ക് 12 തവണ കൊവിഡ് വാക്‌സീന്‍ കുത്തിവെച്ചതായി വെളിപ്പെടുത്തലുമായി മുതര്‍ന്ന പൗരന്‍. ബീഹാറിലെ മധേപുരയില്‍ നിന്നുള്ള ബ്രഹ്മദേവ് മണ്ഡലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാള്‍ക്ക് 84 വയസുണ്ട്. കൊവാക്‌സീനാണ് തനിക്ക് കുത്തിവെച്ചതെന്നും ഇയാള്‍ പറഞ്ഞു.
മുന്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ മണ്ഡല്‍ ഓരോ തവണ കുത്തിവെപ്പ് എടുക്കുമ്പോഴും തന്റെ മൊത്തം ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ആര്‍ത്രൈറ്റിസ് മൂലമുള്ള പേശീവേദന കുറഞ്ഞുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
2021 ജനുവരിയിലാണ് ആദ്യത്തെ തവണ വാക്‌സീന്‍ എടുക്കുന്നത്. അന്ന് തനിക്ക് നടക്കാന്‍ പോലും സാധിക്കില്ലായിരുന്നു. രണ്ടാം ഡോസോടുകൂടി തന്റെ ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ ഒരു ഡോസ് കൂടി എടുക്കാന്‍ തീരുമാനിച്ചു. നാല് തവണ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും രണ്ട് തവണ വോട്ടര്‍ ഐ ഡി കാര്‍ഡ് ഉപയോഗിച്ചുമാണ് വാക്‌സീന്‍ എടുത്തതെന്ന് ഇയാള്‍ അറിയിച്ചു.
സ്‌പോട് ബുക്കിംഗ് വഴിയായിരുന്നു ഇയാള്‍ വാക്‌സീന്‍ എടുത്തിരുന്നത്. ഇതില്‍ ഇയാളുടെ മുന്‍ ഡോസുകളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനാലാവാം ഇത്രയും ഡോസുകള്‍ ഇയാള്‍ക്ക് നല്‍കാനിടയായതെന്നാണ് കരുതുന്നത്. 12ാത്തെ ഡോസ് എടുക്കാന്‍ എത്തിയപ്പോള്‍ മാത്രമാണ് ഗുരുതരമായ ഈ വീഴ്ച കണ്ടെത്തുന്നത്.
തനിക്ക് ഇതുവരെ പാര്‍ശ്വ ഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും താനിക്ക് ഇപ്പോള്‍ നന്നായി നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടത്തില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.