Connect with us

Kerala

കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരം; ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും: അടിയന്തര റിപോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി

നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നുവെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിക്കാനിടയായ സംഭവം അതീവ ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍.വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നുവെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല.ഇത്തരത്തില്‍ പരാതി ലഭിച്ചിരുന്നെങ്കില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

തന്നോടല്ല വിഷയം എംഎല്‍എ ഉന്നയിച്ചത്. അപകടത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതില്‍ ശക്തമായ നടപടി ഉണ്ടാകും. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല.അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്. ട്രാഫിക്ക് മുന്‍കരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും. റോഡില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും പാടില്ലെന്നും വിശദമാക്കിയുള്ള ആപ്പായിരിക്കും പുറത്തിറക്കുകയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരം നാലു മണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം നടന്നത്.കോഴിക്കോട്-പാലക്കാട് പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്.

അതിനിടെ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Latest