Kerala
മലപ്പുറം എം ഡി എം എ വേട്ടയില്‍ പിടിയിലായ പ്രതി മൊഴി മാറ്റി
പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച് പരാമര്‍ശമില്ലെന്ന് സൂചന.
മലപ്പുറം|മലപ്പുറത്തെ എം ഡി എം എ വേട്ടയില്‍ പിടിയിലായ പ്രതി മൊഴി മാറ്റിയതായി വിവരം. കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബിന്റെ പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന. 510 ഗ്രാം എം ഡി എം എയാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്. കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ക്ക് നല്‍കാനായാണ് എം ഡി എം എയുമായി സ്വകാര്യ റിസോര്‍ട്ടില്‍ കാത്തു നിന്നതെന്നായിരുന്നു പ്രതി ഇന്നലെ മൊഴി നല്‍കിയത്.
വിദേശ നിര്‍മ്മിത എം ഡി എം എയ്ക്കായി കൊച്ചിയില്‍ നിന്ന് രണ്ട് നടിമാര്‍ എത്തുമെന്ന് അറിയിച്ചിരുന്നെന്നും ഇവരെ കാത്താണ് റിസോര്‍ട്ടില്‍ എത്തിയതെന്നുമായിരുന്നു ഷബീബ് പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതി മൊഴിമാറ്റിയത്.
ക്രിസ്മസ്, ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കായി എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ മലപ്പുറത്തേക്ക് എത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്അഴിഞ്ഞിലത്തെ റിസോര്‍ട്ടില്‍ പോലീസും ഡാന്‍സാഫ് ടീമും സംയുക്ത പരിശോധന നടത്തിയത്. ഇതിനിടെയാണ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് എം ഡി എം എ കണ്ടെത്തിയത്.