National
ഭാര്യയുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് പ്രതി; കടന്നത് സ്‌കൂട്ടറില്‍
ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായി എട്ടിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനില്‍.
ചണ്ഡീഗഢ് | കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ ഭാര്യയുടെ സഹായത്തോടെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഹരിയാന ഹോദല്‍ സ്വദേശിയായ അനില്‍ ആണ് ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഥുര ജയിലിലായിരുന്ന പ്രതിയെ ഹരിയാനയിലെ വധശ്രമക്കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് ഹോദിയിലേക്ക് കൊണ്ടുവന്നത്. കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ പ്രതിയുമായി പോലീസുകാര്‍ സഞ്ചരിച്ച വാഹനം ദേശീയപാത 19-ല്‍ ദബ്ചിക്കിന് സമീപം നിര്‍ത്തി.അവിടെവച്ച് സ്‌കൂട്ടറിലെത്തിയ ഭാര്യ അനിലിനെ രക്ഷപ്പെടുത്തി കടന്നുകളയുകയായിരുന്നു. ഇരുവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പ്രതിയെ ഭാര്യ രക്ഷപ്പെടുത്തുന്ന സമയം മഥുരയില്‍നിന്നുള്ള എഎസ്‌ഐയും രണ്ട് കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന പോലീസ് സംഘമാണ് അനിലിനൊപ്പമുണ്ടായിരുന്നത്. പ്രതി രക്ഷപ്പെടാന്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായി എട്ടിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനില്‍.