Connect with us

Wayanad

വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട സ്ത്രീയുടെ മകനുമായുള്ള സാമ്പത്തിക പ്രശ്നമാണ് കൊലക്ക് കാരണം

Published

|

Last Updated

കൽപ്പറ്റ | മീനങ്ങാടിയില്‍ വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. മീനങ്ങാടി പുറക്കാടി മുരണിയില്‍ താമസിച്ചു വന്നിരുന്ന കളത്തില്‍ വീട്ടില്‍ ഉമൈബയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ശ്രീകാന്ത് എന്ന ടിന്റുവിനെയാണ് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവിനും കല്‍പറ്റ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2021 മാര്‍ച്ച് 29നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന്‍ ആശിഖുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെയാണ് പ്രതി വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 2021 ഏപ്രില്‍ 8 നാണ് മരണപ്പെടുന്നത്. ആശിഖിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി പെട്രോള്‍ വാങ്ങി ആശിഖിന്റെ വീട്ടിലെത്തുകയും ആശിഖിനെ വീടിന് പുറത്തേക്ക് വിളിക്കുകയും ചെയ്തു. എന്നാൽ, പ്രതിയുടെ കൈവശം പെട്രോള്‍ കണ്ട ആശിഖ് വാതിലടച്ച് രക്ഷപ്പെട്ടു. ഇതിന്റെ അമര്‍ഷത്തിലും വിരോധത്തിലുമാണ് അന്നേ ദിവസം വൈകിട്ട് ഇയാൾ ആശിഖിൻ്റെ മാതാവ് ഉമൈബയെ തീകൊളുത്തിയത്.

മീനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ എം സനല്‍രാജ് കേസ് അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ 36 സാക്ഷികളെയും 54 രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ യു സുരേഷ് കുമാര്‍ ഹാജരായി.