Kerala
നിരവധി മോഷണക്കേസുകളിലെ പ്രതി കോഴിക്കോട് പിടിയിലായി
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രതിക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്.
കോഴിക്കോട് | നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിക്കല്‍ ഷാജി (45) യെയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനുജ് പലിവാള്‍ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും വെള്ളയില്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുതിയ നിരത്തുള്ള വീട്ടില്‍ നടന്ന മോഷണത്തിലാണ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് ന്റെ നേതൃത്വത്തിലുള്ള വെള്ളയില്‍ പോലീസ് പ്രതിയെ പിടികൂടിയത്. സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരം ശേഖരിച്ച് പരിശോധന നടത്തി വരുന്നതിനിടെയാണ് പ്രതി ഒളിവില്‍ കഴിയുന്ന വിവരം സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചത്.
കുറ്റിക്കാട്ടൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബവീഷ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടക്കാവ് കുന്നത്ത് താഴത്തുള്ള വീടിന്റെ ടെറസിലൂടെ കയറിയാണ് പ്രതി മോഷണം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രതിക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തിയ സ്വര്‍ണ മോതിരവും വിവോ കമ്പനിയുടെ രണ്ട് മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം കണ്ടെടുത്തു.
ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അനുജ് പലിവാള്‍ ഐപിഎസ് ന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് കാര്യക്ഷമമായ രാത്രികാല പരിശോധന നടത്തിവരികയാണ്.സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒമാരായ ഷിജു, ധര്‍മ്മദാസ് സൈബര്‍ സെല്‍ സിപിഒ പ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.