National
എയര്‍ ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചനിലയില്‍
രൂപാല്‍ ഒഗ്രേയുടെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.
മുംബൈ| മുംബൈയില്‍ എയര്‍ ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ തൂങ്ങിമരിച്ചു. വിക്രം അത്‌വാള്‍ (40) ആണ് മരിച്ചത്. ഇയാള്‍ ജയിലിലെ സെല്ലില്‍ ധരിച്ചിരുന്ന പാന്റ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ഹൗസ് കീപ്പിംഗ് ജോലി ചെയ്ത് വരികയായിരുന്നു വിക്രം. ഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഒഗ്രേയുടെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.
എയര്‍ ഹോസ്റ്റസായിരുന്ന രൂപാല്‍ ഒഗ്രേയെ സബര്‍ബന്‍ അന്ധേരിയിലെ ഫ്ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. പ്രമുഖ സ്വകാര്യ എയര്‍ലൈനില്‍ പരിശീലനത്തിനായി ഏപ്രിലിലാണ് രൂപാല്‍ മുംബൈയില്‍ എത്തിയത്. ശുചീകരണത്തിനെന്ന വ്യാജേന വിക്രം യുവതിയുടെ ഫ്‌ളാറ്റില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് ചെറുത്തതോടെ പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കുളിമുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇയാള്‍ വസ്ത്രം മാറി ഓടി രക്ഷപ്പെടുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ബന്ധു ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് രൂപാലിന്റെ ഫ്ലാറ്റ് പരിശോധിക്കാന്‍ സുഹൃത്ത് എത്തി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായതിനാല്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ച് വാതില്‍ തുറക്കുകയായിരുന്നു. കുളിമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ട യുവതിയെ കണ്ടതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. ഫോറന്‍സിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ഫ്‌ളാറ്റിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിക്രമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)