Connect with us

Kerala

മന്ത്രി പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ നാടുകടത്തി

മലയാലപ്പുഴ നല്ലൂര്‍ വാഴവിളയില്‍ വീട്ടില്‍ ഇഡ്ഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രന്‍ (25)നെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്.

Published

|

Last Updated

പത്തനംതിട്ട | കാപ്പാ കേസ് പ്രതിയെ നാടുകടത്തി. മലയാലപ്പുഴ നല്ലൂര്‍ വാഴവിളയില്‍ വീട്ടില്‍ ഇഡ്ഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രന്‍ (25)നെയാണ് നാടുകടത്തിയത്. ഒരു വര്‍ഷത്തേക്കാണ് നാടുകടത്തല്‍. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ റിപോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. എസ് അജിതാ ബേഗത്തിന്റേതാണ് ഉത്തരവ്.

സി പി എമ്മിലേക്ക് പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മന്ത്രി വീണാ ജോര്‍ജും മാലയിട്ട് സ്വീകരിച്ചയാളാണ് ശരണ്‍ ചന്ദ്രന്‍. ഡി വൈ എഫ് ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റാണ്. 2016 മുതല്‍ പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. ലഹളയുണ്ടാക്കല്‍, നരഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. അടൂര്‍ എസ് ഡി എം കോടതിക്ക് മലയാലപ്പുഴ പോലീസ് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്ക് നല്ലനടപ്പ് വിധിച്ചുകൊണ്ട് 2023 ആഗസ്റ്റ് 15 ന് ഉത്തരവായിരുന്നു. എന്നാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പ്രതി ബോണ്ട് വ്യവസ്ഥ ലംഘിച്ചു. ഇക്കാര്യത്തിന് കോടതിയില്‍ പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2019 മുതല്‍ ഇയാള്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.

കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനാണ് പാര്‍ട്ടിയില്‍ എടുത്തതെന്നുമായിരുന്നു സി പി എം വിശദീകരണം. പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രന്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സി പി എം നേതൃത്വം ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, പത്തനംതിട്ടയില്‍ മലയാലപ്പുഴ മേഖലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പാര്‍ട്ടി നടപടിയെ വിമര്‍ശിച്ചിരുന്നു. മന്ത്രി പങ്കെടുത്ത പരിപാടിയില്‍ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നല്‍കുന്ന കാര്യം പോലീസിന്റെ ഇന്റലിജന്‍സ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നല്‍കാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

 

Latest