Connect with us

Kerala

യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഷെമീറിന്റെ കാര്‍ കണ്ട റിജോ എസ്. രാജ് കാര്‍ തടഞ്ഞ ശേഷം കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കാറിലിരുന്ന ഷെമീറിന്റെ നെഞ്ചിലും വയറിലും തുടരെ കുത്തി

Published

|

Last Updated

അടൂര്‍ |  യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അടൂര്‍ ഏഴംകുളം പട്ടാഴിമുക്ക് മലവിളയില്‍ വടക്കേതില്‍ ഷെമീര്‍ (39)നാണ് കുത്തേറ്റത്. ഷെമീറിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആനാംകോട് രാജുഭവനില്‍ റിജോ എസ്. രാജ്(33)നെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.15നായിരുന്നു സംഭവം.

ഷെമീര്‍ കാറില്‍ വീട്ടിലേക്ക് പോകവെ ഫോണ്‍ വന്നപ്പോള്‍ എടുക്കാനായി കാര്‍ നിര്‍ത്തി. ഈ സമയം റിജോ എസ് രാജ് ഇയാളുടെ ബന്ധുവിന്റെ വീടിനു മുന്‍പില്‍ ഗേറ്റിനു സമീപം നില്‍ക്കുകയായിരുന്നു. കാര്‍ ഈ ഭാഗത്ത് എന്തിനാണ് നിര്‍ത്തിയത് എന്ന് ചോദിച്ച് ഷെമീറിനോട് ഇയാള്‍ വഴക്കുണ്ടാക്കി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് റിജോ എസ് രാജ് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഷെമീറിന്റെ നെഞ്ചില്‍ കുത്തി. കുത്തു കൊണ്ട ഷെമീര്‍ സ്വന്തം വീട്ടിലേക്ക് കാര്‍ ഓടിച്ചു പോയി. പിന്നീട് ഒരു സുഹൃത്തിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനായി ഷെമീര്‍ പ്ലാന്റേഷന്‍ മുക്ക് ഭാഗത്തേക്ക് വീണ്ടുമെത്തി.

ഇതോടെ ഷെമീറിന്റെ കാര്‍ കണ്ട റിജോ എസ്. രാജ് കാര്‍ തടഞ്ഞ ശേഷം കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കാറിലിരുന്ന ഷെമീറിന്റെ നെഞ്ചിലും വയറിലും തുടരെ കുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പേടിച്ച് കാറിന് പുറത്തിറങ്ങിയതിനാല്‍ ഇയാള്‍ അക്രമത്തിന് ഇരയായില്ല. ഇതോടെ അവശനായ ഷെമീറിനെ നാട്ടുകാരുടെ സഹായത്തോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിത്തെത്തിയ അടൂര്‍ അടൂര്‍ സിഐ ശ്യാം മുരളി, എസ്ഐമാരായ ഡി.സുനില്‍കുമാര്‍, രാധാകൃഷ്ണന്‍, എസ്സി പി.ഒ.ശ്രീജിത്ത്, മുജീബ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest