Connect with us

Kerala

ബൈക്കിലെത്തി മാല കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുപ്പതിലധികം മോഷണ കേസുകളില്‍ പ്രതിയായ അനുരാഗും, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നിഷാദും ജയിലില്‍ കഴിയവെ സുഹൃത്തുക്കളായി

Published

|

Last Updated

പത്തനംതിട്ട  | ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റിലായി. കൊല്ലം ശാസ്താംകോട്ട മനക്കര അര്‍ഷാദ് മന്‍സിലില്‍ നിഷാദ്(37)നെ അടൂര്‍ പോലീസും, തൃശൂര്‍ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ്(24 )നെ തൃശ്ശൂര്‍ സിറ്റി സാഗോക് ടീമും, മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുപ്പതിലധികം മോഷണ കേസുകളില്‍ പ്രതിയായ അനുരാഗും, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നിഷാദും ജയിലില്‍ കഴിയവെ സുഹൃത്തുക്കളായി. ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേര്‍ന്ന് ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞമാസം പതിമൂന്നാം തീയതി അടൂര്‍ ഏഴംകുളം, പട്ടാഴിമുക്ക് ജങ്ഷന് സമീപം വെച്ച് പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്തു കൊണ്ടുപോയ കേസില്‍ അന്വേഷണം നടന്നുവരവേയാണ് അറസ്റ്റ് ഉണ്ടായത്. 11ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തില്‍ അനുരാഗിനെ തൃശൂര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അനുരാഗില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ തൃശ്ശൂര്‍ പോലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂര്‍ പോലീസ് പിടികൂടിയത്. കവര്‍ച്ച നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്നും, മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് പ്രതികള്‍ നയിക്കുന്നത്. അനുരാഗിനൊപ്പം തൃശ്ശൂരിലെ കേസിലുള്‍പ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നുവിളിക്കുന്ന സാജുദ്ദീനെ(31) യും തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. അടൂര്‍ ഡിവൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, എസ് ഐ എം പ്രശാന്ത്, എസ് സി പി ഓമാരായ സുനില്‍ കുമാര്‍, സൂരജ്, ശ്യാം കുമാര്‍, സി പി ഓ എം നിസ്സാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest