Connect with us

child kidnap

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജീവപര്യന്തം തടവ് വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Published

|

Last Updated

കൊല്ലം | ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാര്‍, ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ ഈ മാസം 15 വരെയാണ് കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലും അനിതകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ സബ്ജയിലിലുമാണ് റിമാൻഡ ചെയ്യുക. മൂവരുടെയും അറസ്റ്റ് ഇന്ന് രാവിലെയാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങില്ലെന്നാണ് സൂചന. തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും.

പ്രതികൾ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. ജീവപര്യന്തം തടവ് വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, തടവിലാക്കൽ ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്. ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതികൾക്കായി ബന്ധു ഉൾപ്പെടെ രണ്ട് അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്. പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോൾ സമർപ്പിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കസ്റ്റഡി അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷമേ ജാമ്യാപേക്ഷ സമർപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ വഴിയാണു തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നു തവണ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലുണ്ടായിരുന്നത്. കൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുണ്ട്. പാരിപ്പള്ളിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം തിരിച്ചറിഞ്ഞു.

സാമ്പത്തിക സുസ്ഥിരതയുണ്ടായിരുന്ന പത്മകുമാര്‍ വലിയ തോതില്‍ കടക്കെണിയില്‍ പെട്ടിരുന്നതായാണു വിവരം. എന്‍ജിനയറായ ഇദ്ദേഹം വിവിധ ബിസിനസ് നടത്തിയിരുന്നു. ഒരു കോടിയോളം രൂപ ബാധ്യതയുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. ലോണ്‍ ആപ്പുകളില്‍ നിന്നും മറ്റും ഇയാള്‍ പണം എടുത്തിരുന്നു. ക്രെഡിറ്റ് കാര്‍ഡ് മുഖേനെയുള്ള ഇടപാടുകളിലും വലിയ ബാധ്യത ഉണ്ടായെന്നാണു വിവരം.

 

---- facebook comment plugin here -----

Latest