Kerala
മോഷണം നടത്തി പുതുമോടിയില്‍ വിലസിയ പ്രതി 24 മണിക്കൂറിനകം പിടിയില്‍
പലചരക്ക് കട കുത്തിത്തുറന്ന് 30,000 രൂപയോളം കൈക്കലാക്കിയാണ് പ്രതി കടന്നത്

കോഴിക്കോട് | ഒളവണ്ണ കൊടിനാട്ടുമുക്കില്‍ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തി പുതുമോടിയില്‍ കറങ്ങിയ പ്രതിയെ പോലീസ് 24 മണിക്കൂറിനകം പിടികൂടി. കൊടിനാട്ടുമുക്ക് ആടുമ്മല്‍ അജിത്തി (23)നെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊടിനാട്ടുമുക്കിലുള്ള ജനസേവ സ്റ്റോര്‍ എന്ന കടയുടെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയോളം കൈക്കലാക്കി പ്രതി കടന്നത്. 20 അംഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘത്തിന്റേതാണ് സ്ഥാപനം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പാലകുറുമ്പ ക്ഷേത്രോത്സവം കഴിഞ്ഞ് ധാരാളമാളുകള്‍ യാത്ര ചെയ്ത സ്ഥലമായതിനാല്‍ സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസിന് ശ്രമകരമായിരുന്നു. ഇതിനാല്‍ മുമ്പ് കേസില്‍ ഉള്‍പ്പെട്ടവരെയും നാട്ടില്‍ ചെറിയ മോഷണങ്ങള്‍ നടത്തുന്നുവെന്ന് സംശയിക്കുന്നവരെയും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനിടയിലാണ് കൂലിപ്പണിക്കാരനായ പ്രതിയെ പിടിച്ചത്.
പുതുമോടിയില്‍ പുത്തന്‍ ഷര്‍ട്ടും മുണ്ടും വിലപിടിപ്പുള്ള ചെരിപ്പും ധരിച്ച് പുതിയ മൊബൈല്‍ ഫോണുമായായിരുന്നു പ്രതി അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു. വില കൂടിയ മദ്യം കുടിച്ചതിന്റെ ബില്ലും ഇയാളുടെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തു. 4,000 രൂപ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.