Kerala
അമ്മയെകൊന്ന പ്രതി അച്ഛനെയും കൊന്നു; മകളുടെ നിലവിളി കേട്ടുനില്‍ക്കാനാവാതെ നാട്
പ്രതി ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞു
പാലക്കാട് | അമ്മയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി അച്ഛനേയും കൊന്ന നടുക്കുന്ന സംഭവത്തിനു സാക്ഷിയാകേണ്ടിവന്ന മകളുടെ നിലവിളി ഏവരേയും കണ്ണീരിലാഴ്തി. പ്രതി ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞു. ആദ്യം അമ്മയെ നഷ്ടമായി, ഇപ്പോള്‍ അച്ഛനെയും എന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഖില പൊട്ടിക്കരഞ്ഞത്.
പ്രതിയെക്കുറിച്ച് കൂട്ടപ്പരാതി നല്‍കിയിട്ടും പോലീസ് പോലീസ് ഗൗരവമായി കണ്ടില്ല. എന്റെ അച്ഛനും നാട്ടുകാരും പോയാണു പോലീസില്‍ പരാതി കൊടുത്തത്. എന്നിട്ട് ഇവരെന്താണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. ചെന്താമരയെ വിളിച്ചുവരുത്തി അന്വേഷിക്കാമെന്ന് പറഞ്ഞു. എനിക്കിവിടെ വരാന്‍ പേടിയായിട്ടാണ് ഞാനവിടെ തന്നെ നിന്നത്. ഡിസംബര്‍ 29 ന് ഞാന്‍ വന്ന് പരാതി കൊടുത്തു. ഭീഷണിപ്പെടുത്തുന്നു, എനിക്ക് പേടിയാണ് എന്നും പറഞ്ഞു. പേടിയായത് കൊണ്ടാ അച്ഛനൊപ്പം ഞാന്‍ വരാതിരുന്നത്. ഞാന്‍ വന്നിരുന്നെങ്കില്‍ ഇതു തന്നെയല്ലെ എന്റെയും അവസ്ഥ. എന്റച്ഛനും അച്ഛമ്മയുമാണ് പോയത്. എനിക്കിനി ആരാ ഉള്ളത്- അഖില ചോദിച്ചു.
സുധാകരനെയും അമ്മ മീനാക്ഷിയെയും കൊലപ്പെടുത്തിയ പ്രതി ചെന്താമര ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ ശക്തമായ തിരിച്ചില്‍ നടക്കുകയാണ്. ഇയാള്‍ ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ പോലീസ് വീട്ടിനുള്ളില്‍ നിന്നു കണ്ടെത്തി. പ്രതി തൊട്ടടുത്തുള്ള അരക്കമലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി ചെന്താമര രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.
പ്രതി ചെന്താമരക്കായി തമിഴ്‌നാട്ടിേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ സഹോദരനുമായി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 29 ന് പ്രതി നെന്മാറ പോലീസ് സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.