Connect with us

National

എഴുപതുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍

വൃദ്ധയുടെ സ്വര്‍ണം സ്വന്തമാക്കുക എന്നതായിരുന്നു പദ്ധതിയെന്നു പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണം കൊണ്ടുപോയി പണയം വയ്ക്കാന്‍ നോക്കിയപ്പോഴാണ് കമ്മലുകളൊഴികെ ബാക്കിയെല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ എഴുപതുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍. ബെംഗളുരുവിലെ ആര്‍കെ പുരത്ത്‌സുശീലമ്മയാണ് കൊല്ലപ്പെട്ടത്. സുശീലമ്മയുടെ അയല്‍വാസി ദിനേഷാണ് പ്രതി. ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ആര്‍കെ പുരത്തെ നിസര്‍ഗ ലേ ഔട്ടില്‍ ആളൊഴിഞ്ഞ വീടിന് സമീപം ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലം പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് വിടിന് പിന്നില്‍ വച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ ശ്രദ്ധയില്‍പ്പെട്ടു. അത് തുറന്ന് നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിച്ചതാണെന്ന് തങ്ങള്‍ക്ക് മനസിലായെന്നും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

ആര്‍കെപുരത്തുള്ള സുശീലമ്മയുടെ മൃതദേഹമാണിതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഏറ്റവുമവസാനം അവരെ കണ്ടെത് ദിനേഷ് എന്ന അയല്‍ക്കാരനൊപ്പമാണെന്ന് നാട്ടുകാരിലൊരാള്‍ പോലീസിന് മൊഴിയും നല്‍കിയിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിനേഷ് എഴുപതുകാരിയുടെ മൃതദേഹം വച്ച പ്ലാസ്റ്റിക് വീപ്പ എടുത്ത് കൊണ്ടുവരുന്നത് കാണാന്‍ സാധിച്ചു. ശേഷം ദിനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൊലപാതകം പുറം ലോകമറിയുന്നത്.

കടബാധ്യതയാല്‍ പ്രയാസമനുഭവിക്കുകയായിരുന്നെന്നും അത് പരിഹരിക്കാനാണ് കൃത്യം ചെയ്തതെന്നും ദിനേഷ് പറഞ്ഞു. അമ്പലത്തിലേക്കെന്ന് പറഞ്ഞ് സുശീലമ്മയെ വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും മാലയും, കമ്മലും, വളയും സ്വന്തമാക്കുക എന്നതായിരുന്നു പദ്ധതിയെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണം കൊണ്ടുപോയി പണയം വയ്ക്കാന്‍ നോക്കിയപ്പോഴാണ് കമ്മലുകളൊഴികെ ബാക്കിയെല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. അതിനുശേഷം ഇയാള്‍ വീട്ടിലെത്തി വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി ആളില്ലാത്ത വീട്ടില്‍ കൊണ്ടുവച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

 

 

Latest