Kerala
കേസെടുത്തത് സ്വഭാവിക നടപടി; അന്വേഷണവുമായി പൂർണമായും സഹകരിക്കും: ഇ പി ജയരാജൻ
സുധാകരനും വി ഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കേസ് അടുത്ത നിമിഷം തന്നെ കോടതിയിൽ വരുന്നുണ്ടെന്നും ജയരാജൻ

കണ്ണൂർ | ഏതൊരാളും ഒരു പരാതിയുമായി ഒരു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചാൽ ആ പരാതിയിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിടുന്നത് സ്വാഭാവിക നടപടി മാത്രമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കാനുള്ള തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരനും വി ഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കേസ് അടുത്ത നിമിഷം തന്നെ കോടതിയിൽ വരുന്നുണ്ട്. അവർ കുറ്റങ്ങൾ നടത്താൻ പ്രേരിപ്പിച്ചവരാണ്. തെറ്റിനെ മറച്ചുപിടിക്കാനാണ് അവർ ശ്രമിച്ചത്. അത് ചൂണ്ടിക്കാട്ടി ഡി െെവ എഫ് െഎ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ഇ പി പറഞ്ഞു. കോടതിയിൽ ഒരു പരാതി വന്നാൽ അത് കോടതിക്ക് തള്ളാനാകില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.