Connect with us

Kerala

അഡ്‌ഹോക് കമ്മിറ്റി ഒരുവിഭാഗത്തെ പുറന്തള്ളാനുള്ളതല്ല: കാസിം ഇരിക്കൂര്‍

"തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതും നിലവിലെ കമ്മിറ്റി ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ ഉണ്ടായിട്ടുള്ള വീഴ്ചയുമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ ദേശീയ നിര്‍വാഹക സമിതിയെ പ്രേരിപ്പിച്ചത്"

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഘടകം പരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ വയ്ക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ അസാധാരണമായ സാഹചര്യമല്ലെന്നും ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറന്തള്ളാനുള്ള നടപടിയല്ല ഇതെന്നും ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ സിറാജ് ലൈവിനോടു പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതും നിലവിലെ കമ്മിറ്റി ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ ഉണ്ടായിട്ടുള്ള വീഴ്ചയുമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ ദേശീയ നിര്‍വാഹക സമിതിയെ പ്രേരിപ്പിച്ചത്. ഇത് പാര്‍ട്ടിയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തെ പുറന്തള്ളാനുള്ള നടപടിയല്ല. 2022 മാര്‍ച്ച് 31 മുമ്പായി സംസ്ഥാന പ്രവര്‍ത്തക സമിതി ചുമതലയേല്‍ക്കുന്ന വിധം അംഗത്വ ക്യാമ്പയിനും സംഘടനാ തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിനാണ് പാര്‍ട്ടി അഖിലേന്ത്യാ ജന. സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ ചെയര്‍മാനായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കിയത്. നിലവിലെ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് ഉള്‍പ്പെടുന്നതാണു സമിതി.

ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനം അംഗീകരിക്കാതെ ഒരുപാര്‍ട്ടിയിലും സംസ്ഥാന ഘടകത്തിനു മുന്നോട്ടു പോവാനാവില്ല. ഈ തീരുമാനത്തിനു പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. 14 ജില്ലാ കമ്മിറ്റികളും തീരുമാനം അംഗീകരിച്ചു. അതിന്റെ ആത്മവിശ്വാസത്തോടെയാണു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 2022 മാര്‍ച്ച് 31 നുള്ളില്‍ പുതിയ സംസ്ഥാന സമിതിയെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവമാക്കുക എന്നതാണ് ഇപ്പോള്‍ തങ്ങള്‍ക്കു പിന്നിലുള്ള പ്രധാന കടമ. ഈ പ്രവര്‍ത്തനങ്ങളുമായി അഡ്‌ഹോക്ക് കമ്മിറ്റി മുന്നോട്ടു പോവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കു കിട്ടിയ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിടുന്നതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നത് ശരിയല്ലെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്തുകൊണ്ടു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നില്ല എന്നതാണു പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണിക്കും മുന്നണിയെ നയിക്കുന്ന പാര്‍ട്ടിക്കും കാര്യങ്ങള്‍ വ്യക്തമായി അറിയാം. പാര്‍ട്ടിയില്‍ നടന്ന കാര്യങ്ങളൊക്കെ അപ്പപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ദേശീയ സമിതിയുടെ ഭാഗമായ മന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടിഘടകത്തിന്റെ തീരുമാനങ്ങള്‍ അപ്പപ്പോള്‍ മുന്നണിയെ അറിയുച്ചുകൊണ്ടാണു മുന്നോട്ടു പോകുന്നതെന്നും ഇരിക്കൂര്‍ പറഞ്ഞു.

Latest