Aksharam Education
ടൂത്ത് ബ്രഷിന്റെ വരവ്
ജയിലിൽ പോകുന്നത് ഭാഗ്യം കൊണ്ടുതരുന്ന രാജയോഗമാണോ?
എന്തൊരു ചോദ്യം. അല്ലേ ?
ജയിലിനെ സ്വന്തം തറവാടുപോലെ കരുതിയവർ ചരിത്രത്തിലുണ്ട്. ചിലർക്ക് ജയിലിൽ പോകുന്നത് ഭാഗ്യം തന്നെയാണ്. അതിന് ഉദാഹരണമാണ് വില്യം അഡിസ് എന്ന പ്രശ്നക്കാരന്റെ കഥ. 1770ൽ ലഹളയും, കവർച്ചയും നടത്തിയതിന് അഡിസിനെ അറസ്റ്റ് ചെയ്ത് ഇംഗ്ലണ്ടിലെ കുപ്രസിദ്ധമായ ന്യൂഗേറ്റ് ജയിലിലടച്ചു. അത് ലോകത്തിന്റെ ശീലങ്ങൾ തന്നെ മാറ്റിമറിക്കാൻ പോന്ന ഒരു കണ്ടുപിടിത്തത്തിൽ കലാശിക്കുമെന്ന് അദ്ദേഹമോ ലോകമോ അന്ന് കരുതിയിട്ടുണ്ടാവില്ല. രസകരമായ ആ കണ്ടുപിടിത്തത്തിന്റെ കഥ കേൾക്കൂ…
പല്ലുവൃത്തിയാക്കൽ അന്ന്
പണ്ട് കാലത്ത് ആളുകൾ പല്ല് തേക്കുന്ന ശീലം വളരെ വിരളമായിരുന്നു. ആദിമ മനുഷ്യൻ പല്ല് തേക്കാറില്ലായിരുന്നുവത്രേ. അഥവാ, പല്ല് തേക്കുന്നുണ്ടെങ്കിൽത്തന്നെ അതും വളരെ രസകരമായ രീതിയാണ്. കൈയിൽ കിട്ടുന്ന വല്ല ഇലയോ, തുണിയോ കൊണ്ട് പല്ല് തുടക്കും. അത്ര തന്നെ. പിൽക്കാലത്ത് സസ്യങ്ങളുടെ ഇലയും തണ്ടുകളും ഉപയോഗിച്ച് പല്ലിട വൃത്തിയാക്കാൻ മനുഷ്യൻ ശീലിച്ചു. അറബ് നാടുകളിൽ പ്രവാചകനും സ്വഹാബികളും പിന്തുടർന്നു പോന്ന സിവാക്ക് (മിസ്്വാക്ക്) എന്ന പല്ല് വൃത്തിയാക്കൽ രീതി ഇന്നുമുണ്ട്. മാവിന്റെ ഇലയും ഉമിക്കരിയും ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്ന പതിവ് ഇന്നും നമ്മുടെ നാട്ടിൽ ചിലയിടങ്ങളിലെങ്കിലും കാണാം.
പദവിയുടെയും കീർത്തിയുടെയും ഭാഗം
വൈകാതെ പല്ലുകൾക്കിടയിൽ കുടുങ്ങുന്ന ആഹാര പദാർഥങ്ങൾ പറിച്ചെടുത്തുകളയാൻ പല്ലിട കുത്തികളും ഉപയോഗിച്ചുപോന്നു. ചൈന, ഈജിപ്ത്, യൂറോപ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പിന്നീട് പല്ലിട കുത്തികൾ വികസിച്ചു. ആലങ്കാരികമായി നിർമിച്ച പല്ലിട കുത്തികൾ ഈ രാജ്യങ്ങളിൽ പലപ്പോഴും പദവിയുടെയും കീർത്തിയുടെയും ഭാഗമായി കരുതിയിരുന്നു. ചില രാജ്യങ്ങളിൽ വെള്ളിക്കും ചെമ്പിനും ചിലപ്പോൾ സ്വർണത്തിനും തുല്യമായ സ്ഥാനമായിരുന്നു പല്ലിട കുത്തികൾക്കുണ്ടായിരുന്നത്.
തുണിക്കു പകരം നാരുകൾ
പല്ല് വൃത്തിയാക്കാൻ സൾഫർ ലായനിയിൽ മുക്കിയ പഴയ തുണിയും സ്പോഞ്ചുകളുമാണ് ഇംഗ്ലണ്ടിൽ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം ജയിലിൽ വെച്ച് പല്ല് തേക്കവേ വില്യം അഡിസ് എന്ന പ്രശ്നക്കാരന്റെ മനസ്സിൽ പുതിയൊരു ആശയം വന്നു. ഒന്നു ബ്രഷ് ചെയ്യുകയാണെങ്കിൽ അഴുക്കും പോകും, പരിപാടി വളരെ എളുപ്പവുമായിരിക്കും. തുണിക്കു പകരം എന്തുകൊണ്ട് നാരുകൾ ഉപയോഗിച്ചുകൂടാ.
എല്ലും പശുവിന്റെ രോമവും കൊണ്ട്
അങ്ങനെയൊരു ആലോചനയിൽ വില്യം അഡിസ് അന്ന് പ്രാതലിനു കിട്ടിയ പശുവിന്റെ ഇറച്ചിയിൽ നിന്ന് നല്ലൊരു എല്ലിൻ കഷ്ണം മാറ്റിവെച്ചു. ഈ എല്ല് തുടച്ച് വൃത്തിയാക്കിയ ശേഷം എല്ലിന്റെ ഒരു വശത്ത് ചെറിയ ദ്വാരങ്ങൾ തുളച്ചു. എല്ലിൻ കഷ്ണത്തിന്മേൽ നാരുകൾ ഘടിപ്പിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. തുടർന്ന് ജയിൽ സൂക്ഷിപ്പുകാരന്റെ സഹായത്തോടെ പശുവിന്റെ രോമങ്ങൾ അദ്ദേഹം സ്വരൂപിക്കുകയും അവ എല്ലിൽ തുളച്ച ദ്വാരങ്ങളിൽ പറിഞ്ഞു പോരാത്ത വിധം കുത്തിയിറക്കുകയും ചെയ്തു. വില്യം അഡിസ് അതുകൊണ്ടൊന്ന് പല്ല് തേച്ചുനോക്കി. ഹായ്, കൊള്ളാം…അങ്ങനെ 1780ൽ ലോകത്തിലെ ആദ്യത്തെ ആധുനിക ടൂത്ത് ബ്രഷ് പിറവിയെടുത്തു.
ബ്രഷ് പണക്കാരനാക്കിയപ്പോൾ
ജയിൽ മോചിതനായതോടെ കൂടുതൽ പരീക്ഷണം വില്യം അഡിസ് ബ്രഷിൽ നടത്തി. പശുവിന്റെ രോമത്തിന് പകരം കാട്ടുപന്നിയുടെ രോമങ്ങൾ ഉപയോഗിച്ച് ടൂത്ത് ബ്രഷുകൾ നിർമിച്ചു. ബ്രഷുകളുടെ നിർമാണത്തിനായി അദ്ദേഹം ഇംഗ്ലണ്ടിൽ ഒരു ഫാക്ടറിയും തുടങ്ങി. താമസിയാതെ അഡിസിന്റെ ടൂത്ത് ബ്രഷ് വളരെ പ്രചാരം നേടി. അതിനുശേഷം വില്യം അഡിസിന് കവർച്ച നടത്തി ജയിലിൽ പോകേണ്ടി വന്നില്ല. കാരണം താൻ വികസിപ്പിച്ചെടുത്ത ടൂത്ത് ബ്രഷിൽ പല പരീക്ഷണങ്ങളും നടത്തി, ടൂത്ത് ബ്രഷ് വ്യാപകമായി നിർമിച്ച് വിപണികളിലെത്തിച്ച് അഡിസ് ധാരാളം പണം സമ്പാദിച്ചു.
ടൂത്ത് പേസ്റ്റ്
വർഷങ്ങൾ കുറേ കഴിഞ്ഞു. അപ്പോഴാണ് അമേരിക്കൻ സംസ്ഥാനമായ കണക്ടികട്ടിലെ ന്യൂ ലണ്ടൻ നഗരത്തിൽ വാഷിംഗ്ടൺ ഷെഫീൽഡ് എന്ന ദന്ത രോഗവിദഗ്ധന്റെ രംഗപ്രവേശമുണ്ടായത്. അദ്ദേഹം ടൂത്ത് പേസ്റ്റ് നിർമിക്കാൻ തുടങ്ങി. ദന്തിസ്റ്റായ ഷെഫീൽഡ് അത് ട്യൂബിലാക്കി വിപണിയിലെത്തിച്ചു. 1892ലായിരുന്നു അത്. ഇത് വളരെ വേഗത്തിൽ പ്രചാരം നേടി. അങ്ങനെ ബ്രഷും പേസ്റ്റും കൂടിയായപ്പോൾ ആളുകൾ അവ താത്പര്യത്തോടെ ഉപയോഗിച്ചു തുടങ്ങി.
ആധുനിക ടൂത്ത് ബ്രഷിന്റെ പിതാവ്
1498ൽ തങ്ങൾ ടൂത്ത് ബ്രഷ് നിർമിച്ചുവെന്ന് ചൈനാക്കാർ അവകാശപ്പെടുന്നുണ്ട്. എന്തായാലും ആധുനിക ടൂത്ത് ബ്രഷിന്റെ പിതാവായി കരുതിപ്പോരുന്നത്. ഇംഗ്ലീഷുകാരനായ വില്യം അഡിസിനെയാണ്. കണ്ടുപിടിത്തങ്ങളുടെ കഥകൾ പറയുമ്പോൾ നിങ്ങൾ ദിവസവും ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുന്നത്, അന്ന് അഡിസ് ജയിലിൽ കിടന്നതു കാരണമാണ്. ഇനി മുതൽ ബ്രഷ് ഉപയോഗിക്കുമ്പോൾ വില്യം അഡിസിനെ നന്ദിപൂർവം സ്മരിക്കാം.
വരുന്നൂ, കൃത്രിമ നൈലോൺ ടൂത്ത് ബ്രഷുകൾ
രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പുവരെ കാട്ടുപന്നികളുടെ രോമങ്ങൾ തന്നെയായിരുന്നു ടൂത്ത് ബ്രഷ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള കാട്ടുപന്നികളുടെ രോമത്തിനായിരുന്നു കൂടുതൽ പ്രചാരം. എന്നാൽ ഇക്കാലഘട്ടത്തിൽ ചൈനയിൽ അധികാരത്തിൽ വന്ന ചുംഗ് കിംഗ് ചക്രവർത്തി രോമത്തിന്റെ കയറ്റുമതി നിരോധിച്ചതോടെ ടൂത്ത് ബ്രഷ് വിപണി പ്രതിസന്ധി നേരിട്ടു. തുടർന്നാണ് 1938ൽ കൃത്രിമമായി നൈലോൺ ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷുകൾ നിർമിക്കപ്പെട്ടത്. അമേരിക്കയിലെ ഡോ. വെസ്റ്റ് നിർമിച്ച മിറാകിൾ ടഫ്റ്റ് ടൂത്ത് ബ്രഷ് ആണ് നൈലോൺ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ ടുത്ത് ബ്രഷ്. എന്നാൽ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് സൈനികർ തിരിച്ചെത്തുന്നതുവരെ അമേരിക്കക്കാർ പല്ല് തേക്കുന്നത് ഒരു ദിനചര്യയാക്കിയിരുന്നില്ലെന്നതാണ് രസകരമായ വസ്തുത.
ഇലക്ട്രിക് ടൂത്ത് ബ്രഷ്
1939ൽത്തന്നെ സ്വിറ്റ്സർലാൻഡിൽ ഇലക്ട്രിക് ടൂത്ത് ബ്രഷ് നിർമിക്കപ്പെട്ടു. എന്നാൽ ഇലക്ട്രിക് ടൂത്ത് ബ്രഷ് വ്യാവസായികമായി നിർമിച്ചത് 1960 മുതലാണ്. അമേരിക്കൻ കമ്പനിയായ സ്‌ക്വിബ് ആയിരുന്നു ബോക്സോഡെന്റ് എന്ന റിയപ്പെട്ട ഈ ടൂത്ത് ബ്രഷ് വിപണിയിലെത്തിച്ചത്. ഇപ്പോൾ നമുക്ക് നൂറുകണക്കിന് നിറത്തിലും ഗുണത്തിലും കമ്പനികളിലും ബ്രഷുകളും പേസ്റ്റുകളും ലഭ്യമാണല്ലോ. അതിനു കാരണം വില്യം അഡിസ് എന്ന ഈ ജയിൽപ്പുള്ളിയുടെ പരീക്ഷണമായിരുന്നുവെന്ന് എത്രപേർക്കറിയാം.
തയ്യാറാക്കിയത്: ഗിഫു മേലാറ്റൂർ