rss
രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങളിൽ ആർ എസ് എസിന് പങ്കെന്ന് സംഘ് പരിവാറുകാരൻ്റെ സത്യവാങ്മൂലം
ബോംബ് സ്ഫോടന പരിശീലനത്തിന് യശ്വന്ത് ഷിൻഡെ സാക്ഷിയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
മുംബൈ | രാജ്യം മുഴുക്കെ നടന്ന ബോംബ്സ്ഫോടനങ്ങളിൽ ആർ എസ് എസിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തി പ്രവർത്തകൻ്റെ സത്യവാങ്മൂലം. മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയിൽ യശ്വന്ത് ഷിൻഡെ എന്ന ആർ എസ് എസ്സുകാരൻ കഴിഞ്ഞ ചൊവ്വാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സവിസ്തരം പ്രതിപാദിച്ചത്. ബോംബ് സ്ഫോടന പരിശീലനത്തിന് യശ്വന്ത് ഷിൻഡെ സാക്ഷിയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
ബോംബ് നിർമാണത്തിനായി പരിശീലന ക്യാമ്പ് തുടങ്ങുമെന്നും അതിനു ശേഷം രാജ്യത്തുടനീളം ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിടുന്നതായും മഹാരാഷ്ട്രക്കാരൻ ഇന്ദ്രേഷ് കുമാറും ഗോവയിലെ വി എച്ച് പിയുടെ സജീവ പ്രവർത്തകനായിരുന്ന ഹിമാൻഷു പാൻസെയും തന്നെ അറിയിച്ചുവെന്ന് യശ്വന്ത് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം യശ്വന്ത് ഏറ്റെടുക്കണമെന്ന നിർദേശവും ഇരുവരും മുന്നോട്ടുവെച്ചു. ഞെട്ടിയെങ്കിലും ആ ഭാവഭേദം മുഖത്തുകാണിക്കാതെ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണോ ഇതെന്ന് ചോദിക്കുകയായിരുന്നു. എന്നാൽ, അതിനു മറുപടി ലഭിച്ചില്ല.
1999ൽ മഹാരാഷ്ട്രയിലായിരുന്നപ്പോഴാണ് ഇന്ദ്രേഷ് കുമാർ എന്നയാൾ പോരടിക്കാൻ തയ്യാറുള്ള ആൺകുട്ടികളെ പിടികൂടി ജമ്മുവിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടത്. അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുമെന്നും പറഞ്ഞു. ആൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി താനെയിൽ വി എച്ച് പിയുടെ സംസ്ഥാനതല യോഗം ചേരുകയും ചെയ്തു. ഈ യോഗത്തിലാണ് നന്ദേഡിലെ ഹിമാൻഷു പാൻസെയെ പരിചയപ്പെട്ടത്. ഹിമാൻഷു തന്റെ ഏഴ് സുഹൃത്തുക്കളെയും പരിശീലനത്തിനായി കൊണ്ടുവന്നു. താൻ ഹിമാൻഷുവിനെയും സുഹൃത്തുക്കളെയും ജമ്മുവിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഇന്ത്യൻ സൈന്യത്തിലെ ജവാന്മാരിൽനിന്ന് ആധുനിക ആയുധങ്ങളിൽ പരിശീലനം നേടിയെന്നും സത്യവാങ്മൂലത്തിലുണ്ട്.