Connect with us

asia cup

ബംഗ്ലാ കടുവകളെയും നിലംപരിശാക്കി അഫ്ഗാന്‍ പട സൂപ്പർ ഫോറിൽ

ഏഴ് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം.

Published

|

Last Updated

ഷാര്‍ജ | ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി അഫ്ഗാനിസ്ഥാന്‍. ബാറ്റിംഗിലും ബോളിംഗിലും മേധാവിത്വം പുലര്‍ത്തിയ അഫ്ഗാന്‍, ബംഗ്ലാദേശിനെ തകര്‍ത്തു. ഏഴ് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ഇതോടെ അഫ്ഗാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് 127 റണ്‍സിലൊതുക്കാന്‍ അഫ്ഗാന്‍ ബോളര്‍മാര്‍ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. ഇബ്രാഹിം സദ്‌റാന്റെയും (42*) നജീബുല്ല സദ്‌റാന്റെയും (43*) നാലാം വിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്. ഹസ്‌റതുല്ല സസായ് 23 റണ്‍സെടുത്തിരുന്നു. ബംഗ്ലാദേശിന്റെ ശാക്കിബ് അല്‍ ഹസന്‍, മുസദ്ദിഖ് ഹുസൈന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ മുസദ്ദിഖ് ഹുസൈന്‍ പുറത്താകാതെ 48 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. മഹ്മൂദുല്ല 25 റണ്‍സെടുത്തു. അഫ്ഗാന്‍ ബോളിംഗ് നിരയില്‍ റാശിദ് ഖാനും മുജീബുര്‍റഹ്മാനും മൂന്ന് വീതം വിക്കറ്റെടുത്തു. നാല് പോയിൻ്റുമായി അഫ്ഗാനാണ് മുന്നിൽ.

Latest