Connect with us

asia cup

അഫ്ഗാൻ ബോളർമാർ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം

അഫ്ഗാൻ വിജയം കണക്കുകൂട്ടിയിരുന്ന അവസാന ഓവറിൽ തുടരെ രണ്ട് സിക്സർ പായിച്ച് വാലറ്റക്കാരൻ നസീം ഷായാണ് പാക്കിസ്ഥാനം വിജയം സമ്മാനിച്ചത്.

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആവേശവിജയവുമായി പാക്കിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ നാല് ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റൺസെടുത്ത് ലക്ഷ്യംകണ്ടു. ഒരു വിക്കറ്റിനാണ് പാക് ജയം. അഫ്ഗാൻ വിജയം കണക്കുകൂട്ടിയിരുന്ന അവസാന ഓവറിൽ തുടരെ രണ്ട് സിക്സർ പായിച്ച് വാലറ്റക്കാരൻ നസീം ഷായാണ് പാക്കിസ്ഥാനം വിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനം അടഞ്ഞു.

റാശിദ് ഖാന്റെയും മുജീബുര്‍റഹ്മാന്റെയും ഫസല്‍ ഹഖ് ഫാറൂഖിയുടെയും ഫരീദ് അഹ്മദിൻ്റെയും നേതൃത്വത്തിലുള്ള അഫ്ഗാന്‍ ബോളിംഗ് നിര പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വരിഞ്ഞുമുറുക്കിയിരുന്നു. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിച്ചും കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്തും മത്സരം കടുപ്പിക്കാന്‍ അഫ്ഗാന്‍ ബോളര്‍മാര്‍ക്ക് സാധിച്ചു. ഫസല്‍ ഹഖ് ഫാറൂഖി മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ഫരീദ് അഹ്മദും മൂന്ന് വിക്കറ്റ് കൊയ്തു. റാശിദ് ഖാന്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.

പതിവുപോലെ പാക് ക്യാപ്റ്റനും ഓപണറുമായ ബാബര്‍ അസമിന് തിളങ്ങാന്‍ സാധിച്ചില്ല. ഇത്തവണ അദ്ദേഹം സംപൂജ്യനായി. ഓപണര്‍ മുഹമ്മദ് റിസ്‌വാന്‍ 20 റണ്‍സ് മാത്രമാണെടുത്തത്. ഇഫ്തിഖാര്‍ അഹ്മദ് 30ഉം ശദബ് ഖാന്‍ 36ഉം റണ്‍സെടുത്തു. നസീം ഷാ നാല് ബോളിൽ 14 റൺസെടുത്തു.

അഫ്ഗാന്‍ ബാറ്റിംഗ് നിരയില്‍ ഇബ്രാഹിം സദ്‌റാന്‍ 35 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. വാലറ്റക്കാരന്‍ റാശിദ് ഖാന്‍ പുറത്താകാതെ 18ഉം ഓപണര്‍ ഹസ്‌റതുല്ല സസായ് 21ഉം റണ്‍സെടുത്തു. പാക്കിസ്ഥാന്റെ ഹാരിസ് റഊഫ് രണ്ട് വിക്കറ്റെടുത്തു.

Latest