Connect with us

Kerala

ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്‍ത്തി

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം| ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. നിലവില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാന്‍ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകള്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തള്ളുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താന്‍ തങ്ങള്‍ക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനര്‍നിശ്ചയിക്കുകയായിരുന്നു.

 

 

Latest