National
സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കും; ശിപാര്‍ശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ നീതി ആയോഗ് നിയോഗിച്ച സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക തീരുമാനം.
ന്യൂഡല്‍ഹി| പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ശിപാര്‍ശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കിയാവും ഉയര്‍ത്തുക. ഇതോടെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ബാലവിവാഹം തടയുന്ന നിയമം, സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, വ്യക്തിനിയമം, ഹിന്ദുമാര്യേജ് ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തും. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ നീതി ആയോഗ് നിയോഗിച്ച സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക തീരുമാനം.
മാതൃമരണനിരക്ക് കുറയ്ക്കല്‍, പോഷകാഹാരക്കുറവ് പരിഹരിക്കല്‍ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നീതി ആയോഗ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ജനന നിയന്ത്രണത്തിനല്ല തന്റെ റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കുന്നതെന്ന് ജയ ജെയ്റ്റ്‌ലി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ജനന നിരക്ക് ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എന്നാല്‍, റിപ്പോര്‍ട്ടിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജയ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.