International
സര്‍ക്കാറിനെതിരായ പ്രക്ഷോഭം അവസാനിപ്പിക്കണം; ജനങ്ങളോട് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രി
കൊളംബോ | ശ്രീലങ്കയില്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പൗരന്മാര്‍ തയാറാകണമെന്ന് അഭ്യര്‍ഥിച്ച് പ്രധാന മന്ത്രി മഹിന്ദ രജപക്‌സെ. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യര്‍ഥന നടത്തിയത്. വിദേശ കറന്‍സി കരുതല്‍ ശേഖരത്തില്‍ വന്ന ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ദ്വീപ് രാഷ്ട്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രധാന മന്ത്രിയുടെ അഭ്യര്‍ഥന. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു വരികയാണെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ മൂത്ത സഹോദരന്‍ കൂടിയായി മഹിന്ദ പറഞ്ഞു. എല്ലാം സമയത്തും പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നത് സര്‍ക്കാര്‍ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
‘കൊവിഡ് മഹാമാരിയാണ് രാജ്യത്തെ ഇത്തരമൊരു സ്ഥിതിയിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക മേഖല ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. ഇത് വിദേശ കറന്‍സി നിക്ഷേപത്തെ ക്ഷയിപ്പിക്കുന്നതില്‍ പ്രധാന കാരണമായി.’- മഹിന്ദ പറഞ്ഞു. നിലവിലെ 225 പാര്‍ലിമെന്റ് അംഗങ്ങളെയും പിരിച്ചുവിടണമെന്ന പ്രക്ഷോഭകരുടെ ആവശ്യം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.