Connect with us

Kerala

സുഹൃത്തിനെ കാണാനെത്തിയ എയര്‍ ഹോസ്റ്റസ് മരിച്ച നിലയില്‍

28കാരി അര്‍ച്ചന ധിമാനെയെയാണ് ബംഗളുരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

ബംഗളുരു | സുഹൃത്തിനെ കാണാനെത്തിയ ഹിമാചല്‍ പ്രദേശുകാരിയായ എയര്‍ ഹോസ്റ്റസ് ഫ്‌ളാറ്റില്‍ നിന്നു വീണുമരിച്ച നിലയില്‍.
28കാരി അര്‍ച്ചന ധിമാനെയെയാണ് ബംഗളുരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് അര്‍ച്ചന വീണത്.

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്ത് ആദേശ് (26)നെ കാണാന്‍ ദുബൈയില്‍ നിന്നാണ് അര്‍ച്ചന എത്തിയത്. നേരത്തെയും പലവട്ടം ഇവര്‍ ബംഗളുരുവില്‍ വന്നു സുഹൃത്തിനൊപ്പം താമസിച്ചിട്ടുണ്ട്. അര്‍ച്ചന ദുബായ് ആസ്ഥാനമായ എയര്‍ലൈനിലെ ജീവനക്കാരിയാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് ആദേശ് ആണു പോലീസിനെ അറിയിച്ചത്.

കാസര്‍കോട് സ്വദേശിയാണ് ആദേശെന്നാണു വിവരം. അര്‍ച്ചന ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. അര്‍ച്ചന വീഴുമ്പോള്‍ താന്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ എത്തിയ അര്‍ച്ചന ആദേശിനൊപ്പമാണ് താമസിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഓര്‍ഡര്‍ ടെക്‌നീഷ്യനാണ് ആദേശ്.

അര്‍ച്ചന അബദ്ധത്തില്‍ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പോലീസ് അന്വേഷിക്കുന്നു.