Kerala
തനിക്കെതിരായ കോഴ ആരോപണം അടിസ്ഥാനരഹിതം; അന്വേഷണം വേണം: തോമസ് കെ തോമസ്
ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് കുട്ടനാട് സീറ്റ് കിട്ടാന്‍ വേണ്ടിയാണിത്. മുന്നണി മര്യാദക്ക് നിരക്കാത്തതാണിത്. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു.

തിരുവനന്തപുരം | തനിക്കെതിരായ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ച് തോമസ് കെ തോമസ് എം എല്‍ എ. മന്ത്രിയാകാന്‍ പോകുന്ന ഘട്ടത്തിലാണ് പല വാര്‍ത്തകളും പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ കാര്യം ചര്‍ച്ച ചെയ്യുന്നത് നിയമസഭയുടെ ലോബിയിലാണോയെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് കുട്ടനാട് സീറ്റ് കിട്ടാന്‍ വേണ്ടിയാണിത്. മുന്നണി മര്യാദക്ക് നിരക്കാത്തതാണിത്. ആരോപണത്തില്‍ അന്വേഷണം വേണം.
മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചിരുന്നു. അദ്ദേഹം എന്നെ അവിശ്വസിക്കുന്നതായി തോന്നിയില്ല. മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ലെന്നും ഉപ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിയാകുമെന്നും പറഞ്ഞ തോമസ് കെ തോമസ് എന്നും ശരദ് പവാറിനൊപ്പമാണെന്നും വ്യക്തമാക്കി.
എന്‍ സി പി. അജിത് പവാര്‍ വിഭാഗത്തിലേക്ക് ചേക്കേറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 100 കോടി വാഗ്ദാനം ചെയ്തുവെന്നാണ് തോമസ് കെ തോമസിനെതിരായ ആരോപണം.