Ongoing News
അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളത്; ഉന്നയിച്ച രീതി ശരിയല്ല: മന്ത്രി സജി ചെറിയാൻ
ആർ എസ് എസിനെ ഏറ്റവും ശക്തിയായി എതിർത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി ഐ എം. ഞങ്ങളുടെ പാർട്ടിക്ക് ആർ എസ് എസ് സഹായം വേണ്ട

ദുബൈ | ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എം എൽ എ ആരോപണം ഉന്നയിച്ച രീതി ശരിയായില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മലയാളം മിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അൻവർ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. എന്നാൽ അൻവറിന് ഇക്കാര്യങ്ങൾ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു
എ ഡി ജി പി ആർ എസ് എസ് നേതാവിനെ കണ്ടത് വ്യക്തിപരമാണ്. അൻവർ തന്നെ പറഞ്ഞല്ലോ, പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് എ ഡി ജി പി കാണാൻ പോയതെന്ന്. എന്നാലും അന്വേഷണം തുടരും. ആർ എസ് എസിനെ ഏറ്റവും ശക്തിയായി എതിർത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി ഐ എം. ഞങ്ങളുടെ പാർട്ടിക്ക് ആർ എസ് എസ് സഹായം വേണ്ട. ഞങ്ങളുടെ 220 പ്രവർത്തകരെയാണ് ആർ എസ് എസ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിൽ 18 പ്രവർത്തകരെ നഷ്ടമായി. കോൺഗ്രസിന് എന്ത് നഷ്ടം സംഭവിച്ചിട്ടുണ്ട്. ആർ എസ് എസിനോട് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വേണോ?. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. കേരള സർക്കാർ നന്നായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം.
വയനാട് ദുരന്തം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കാണാത്ത തരത്തിലാണ് ക്രൈസിസ് മാനേജ്മെന്റ് നടത്തിയത്. സിനിമ മേഖലയെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ഞങ്ങളാണ് ഹേമ കമ്മീഷനെ നിയോഗിച്ചത്. അതിലും അന്വേഷണം തുടരുന്നു. ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കുന്നു. അതിൽ വലുപ്പച്ചെറുപ്പം നോക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.