Kerala
ആലപ്പി-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് പയ്യോളിയില്‍ നിര്‍ത്തിയില്ല; വലഞ്ഞ് യാത്രക്കാര്‍
കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ലോക്കോ പൈലറ്റിന് കാണാന്‍ കഴിയാതിരുന്നതാണ് പിഴവ് സംഭവിക്കാന്‍ ഇടയാക്കിയതെന്ന് റെയില്‍വേ അധികൃതര്‍.
കോഴിക്കോട് | ആലപ്പി-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. പിഴവ് പറ്റിയതായി മനസ്സിലാക്കിയ ലോക്കോ പൈലറ്റ്, ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയനിക്കാട് നിര്‍ത്തി. പയ്യോളിയാണെന്ന് കരുതി യാത്രക്കാരില്‍ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവര്‍ വടകരയിലും. യാത്രക്കാര്‍ക്ക് റെയില്‍വേ മറ്റ് വാഹന സൗകര്യം ഏര്‍പ്പെടുത്തി.
കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ലോക്കോ പൈലറ്റിന് കാണാന്‍ കഴിയാതിരുന്നതാണ് പിഴവ് സംഭവിക്കാന്‍ ഇടയാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ കണ്‍ട്രോളിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതിസന്ധിയിലായ യാത്രക്കാര്‍ വടകര സ്റ്റേഷനില്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കു പോകാനായി പയ്യോളി സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരും പ്രയാസപ്പെട്ടു.