cover story
അമേരിക്കന്‍ നോമ്പനുഭവം; സ്‌നേഹക്കൈമാറ്റങ്ങളുടെ റമസാന്‍
മൈദിന തുഹൂത്തി - അമേരിക്കയിലെ ന്യൂബര്‍ഗിലുള്ള ജോര്‍ജ് ഫോക്‌സ് യൂനിവേഴ്‌സിറ്റിയിലെ മാധ്യമവിഭാഗം ഗവേഷക.2017ല്‍ ഇസ് ലാം സ്വീകരിച്ചു.ഇവരെഴുതിയ നോമ്പനുഭവങ്ങള്‍ ലോകജനശ്രദ്ധ പിടിച്ചുപറ്റി.അത്തരമൊരു മനോഹരമായ റമസാന്‍ കാലത്തെക്കുറിച്ചുള്ള എഴുത്ത്.

അമേരിക്കയിൽ വെച്ച് റമസാൻ മാസത്തെക്കുറിച്ച് ഈ കുറിപ്പ് എഴുതാനിരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമായി കടന്നുവരുന്നത് എന്റെ വീടാണ്. ഒരു വർഷത്തിലെ ഏറ്റവും പവിത്രമായ മാസത്തിൽ എന്റെ കുടുംബത്തിലെ എല്ലാവരും നോമ്പിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ടാകും. അവരെല്ലാവരും മുസ്‌ലിംകളല്ല. പക്ഷേ, എന്റെ വിശ്വാസം പരിഗണിച്ച് നോമ്പ് നോൽക്കും. അത്താഴത്തിന് പുലർച്ചെ എഴുന്നേൽക്കും. ഇഫ്്ത്വാർ വിഭവങ്ങളൊരുക്കും. ഈ സന്തോഷത്തിൽ പങ്കുചേരും. റമസാൻ സമ്മാനിക്കുന്ന സന്തോഷങ്ങളിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്റെ വീട്ടുകാരുടെ ഈ സ്‌നേഹവും പിന്തുണയും.
അമേരിക്കയിലെ എല്ലാ മുസ്‌ലിം വീടുകളിലും ഈ ആഘോഷം പ്രകടമായി കാണാം. ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മുസ്‌ലിം രാഷ്ട്രങ്ങളിലെ സന്തോഷവും ആഹ്ലാദവും ആനന്ദവും സമ്മാനിക്കുന്ന റമസാനിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അമുസ്‌ലിം രാഷ്ട്രങ്ങളിലെ നോമ്പനുഭവം എന്നാണ്. പ്രത്യേകിച്ച് അമേരിക്കയിൽ. അമേരിക്കയിലെ മുസ്‌ലിംകൾക്ക് റമസാൻ എന്നത് ആത്മീയമായ സന്തോഷത്തേക്കാൾ ഈ സന്തോഷം വിശ്വാസികളല്ലാത്തവരിലേക്ക് കൂടി പകർന്നു നൽകാനുള്ള മഹത്തായ ആഘോഷമാണ്.
അത് സഹിഷ്ണുതയെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും റമസാനുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഈ രാജ്യത്തുണ്ട്. അത്തരം ആളുകൾക്കിടയിൽ നോമ്പുകാലം ആഘോഷിക്കുക എന്നത് ഏറെ ആനന്ദം നൽകുന്ന കാര്യമാണ്.
ഞാൻ താമസിക്കുന്ന സ്ഥലത്ത് റമസാനിലെ പകൽസമയത്ത് മിക്ക കടകളും റസ്റ്റോറന്റുകളും അടച്ചിട്ടിരിക്കും. എന്നാൽ നോമ്പുതുറ സമയമായാൽ ജനങ്ങൾ പഴങ്ങളും സ്‌നാക്‌സും വാങ്ങാനെത്തും. അപ്പോഴേക്കും വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ കടകളിൽ അണിനിരക്കും. ഏറ്റവും നല്ല ഇഫ്ത്വാർ വിഭവങ്ങൾ വീട്ടിലൊരുക്കുന്നതു തന്നെയാണ്. വീടുകളിൽ നിന്ന് ഉണ്ടാക്കിയ പലഹാരങ്ങൾ അയൽവാസികൾക്ക് വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. റമസാനിലെ എല്ലാ ദിവസവും ഈ സ്‌നേഹക്കൈമാറ്റം നടക്കും.
എനിക്ക് മധുര പലഹാരങ്ങളോടാണ് ഇഷ്ടം. അത് മനസ്സിലാക്കിയ എന്റെ പ്രിയപ്പെട്ട അയൽവാസികൾ ഏറെ മധുരമുള്ള പലഹാരങ്ങളുമായി എന്നെ കാണാനെത്തും. അതുപോലെ, റസ്റ്റോറന്റ് ഉടമകൾ സൗജന്യമായി ഭക്ഷണം വിതരണം നടത്തി അവരുടെ കച്ചവടം ആരംഭിക്കുകയും ചെയ്യും. അത് അവരുടെ വിശ്വാസമാണ്. ദാനം ചെയ്താൽ കച്ചവടം നന്നായി നടക്കുമെന്നാണ് അവർ ഉറച്ചുവിശ്വസിക്കുന്നത്. ഇറച്ചി വിഭവങ്ങളും വീടുകളിലൂടെ പരസ്പരം വിതരണം ചെയ്യണം. നോമ്പുതുറ സമയത്ത് എല്ലാവരും നല്ല സന്തോഷത്തിലായിരിക്കുമല്ലോ. ഈ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ് ഭക്ഷണം പങ്കുവെക്കുക എന്ന പുണ്യകർമം.
വ്രതത്തിലൂടെ തങ്ങളുടെ വിശ്വാസത്തിന് സമ്പൂർണ ഭക്തി കരസ്ഥമാക്കിയ ഒരനുഭൂതിയിലുമായിരിക്കും എല്ലാവരും. ഈ അനുഭവത്തെയാണ് യഥാർഥത്തിൽ നോമ്പിന്റെ ആഘോഷം എന്നു വിളിക്കുന്നത്. അത് പകൽ സമയത്ത് എല്ലാ ഭക്ഷണ പാനീയങ്ങളും ഒഴിവാക്കി പ്രപഞ്ച നാഥനായ അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് മാത്രം മനസ്സിലാകുന്ന സന്തോഷമാണ്. പുറമേ നിന്ന് നോക്കുമ്പോൾ ഇതെല്ലാം മറ്റാഘോഷങ്ങൾ പോലെ കേവലം ചടങ്ങുകളാണ്. പക്ഷേ, റമസാനിന്റെ ഉള്ളിലേക്കിറങ്ങുമ്പോൾ ലഭിക്കുന്ന പ്രത്യേക അനുഭവമാണ് ഇക്കാലത്തെ മറ്റ് ദിനരാത്രികളിൽ നിന്ന് വേർതിരിക്കുന്നത്.
2018ലെ വേനൽക്കാലത്തായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ വ്രതാനുഭവം. ഞാൻ വ്രതത്തിന് തയ്യാറായോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഭയമുണ്ടെന്നറിയാം. ജീവിതത്തിൽ നേരത്തേ ഒരിക്കൽപോലും ഇത്തരമൊരു അനുഭവമില്ലാത്തത് കൊണ്ട് പല തരത്തിലുള്ള ആശങ്കകളും എനിക്കുണ്ടായിരുന്നു. ഇസ്്ലാമിലേക്ക് വന്നതിന് ശേഷം എനിക്കുണ്ടായ പല നല്ല മാറ്റങ്ങളും ഞാൻ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒന്നാമതായി, ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് ഒരു ദിവസം മുഴുവൻ എങ്ങനെ കഴിയുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. മറ്റൊന്ന് കഠിന ചൂടുകാരണം ഞാൻ പുറത്തെവിടെയെങ്കിലും പോകേണ്ടി വരുമോ എന്നതിനെക്കുറിച്ചായിരുന്നു.
നല്ല തണുപ്പുള്ള ഏതെങ്കിലും രാജ്യത്തേക്ക് പോകേണ്ടിവരുമോ എന്നതും അന്നത്തെ ഗൗരവത്തിലുള്ള ആശങ്കയായിരുന്നു. ശരീരത്തെ ക്ഷീണിപ്പിക്കുന്നതിലുള്ള അവ്യക്തതയിലും വലിയ ആശങ്കയുണ്ട്. ഈ ആശങ്കകൾ എന്റെ ഉമ്മയുമായി ഞാൻ പങ്കുവെച്ചു. വ്രതമെടുക്കാൻ പൂർണമായും തയ്യാറായിട്ടില്ലെങ്കിൽ സ്വന്തം ശരീരത്തെ പ്രയാസപ്പെടുത്തണ്ട എന്ന് ഉമ്മ ഉപദേശിച്ചു. ആദ്യ കുറച്ച് ദിവസങ്ങളിൽ ഞാൻ നോമ്പനുഷ്ഠിച്ചില്ല. മറിച്ച്, വ്രതമനുഷ്ഠിച്ച എന്റെ മാതാപിതാക്കളും ചുറ്റുപാടുമുള്ള ആളുകളും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ചു.
പക്ഷേ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് നോമ്പെടുത്ത ഒരാൾപോലും വിശക്കുന്നുവെന്നോ ദാഹിക്കുന്നുവെന്നോ പറയുന്നതായി ഞാൻ കണ്ടില്ല എന്നതാണ്. ആരും പരാതി പറഞ്ഞില്ല. മറിച്ച് നോമ്പെടുത്ത എല്ലാവരുടെയും മുഖത്ത് ഞാനൊരു പ്രകാശം കണ്ടു. ആത്മ സംതൃപ്തിയുടെ വെളിച്ചം. വേനൽക്കാലമായതിനാൽ ചൂട് ശക്തമായപ്പോൾ അവർ നന്നായി ഉറങ്ങി. അന്തരീക്ഷമൊന്ന് തണുത്തപ്പോൾ ഉമ്മ ഭക്ഷണം തയ്യാറാക്കാനാരംഭിച്ചു. അധിക സമയവും ഞങ്ങൾ വല്യുപ്പയുടെയും വല്യുമ്മയുടെയും വീട്ടിലാണ് ഒരുമിച്ച് കൂടാറുള്ളത്. അങ്ങനെ വീട്ടിലെ സ്ത്രീകൾ ഒന്നിച്ച് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി.
ജീവിതത്തിലെ ഏറ്റവും സന്താഷമുള്ള സമയമാണത്. ഇഫ്്ത്വാറിന് തൊട്ടുമുമ്പ് എല്ലാവരും ഒരുമിച്ച് ഭക്ഷണം പാകംചെയ്യുന്ന മുഹൂർത്തം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സമയമാണത്. നോമ്പുതുറയുടെ സമയമായാൽ അവർ ഒരു ഈത്തപ്പഴം കൊണ്ട് നോമ്പുതുറ ആരംഭിക്കും. ഒപ്പം ഒരു കപ്പ് വെള്ളവും. ഇതും എനിക്ക് അത്ഭുതമായിരുന്നു. ഇത്രസമയം ഒന്നും കഴിക്കാത്തവർ വളരെ സംയമനത്തോടെ ഭക്ഷണം കഴിക്കുന്നു. മറ്റുള്ളവരെ സത്കരിക്കുന്നു. ഇത് തീർച്ചയായും വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയോന്നതിയാണെന്ന് എനിക്ക് പതുക്കെ മനസ്സിലായിത്തുടങ്ങി.
ആരോടും പരാതി പറയാതെ, എല്ലാവരോടും സ്‌നേഹം പങ്കുവെക്കുന്ന ഈ മാജിക്ക് തന്നെയാണ് നോമ്പ്. അങ്ങനെ വൈകിയാണെങ്കിലും നോമ്പനുഷ്ഠിക്കാൻ ഞാൻ തയ്യാറായി.എന്റെ ആദ്യ വ്രതദിനത്തിൽ ഞാൻ ഇപ്രകാരം ആത്മഗതം നടത്തി: “നീ വെള്ളം കുടിക്കരുത്, നീ ഭക്ഷണം കഴിക്കരുത്’ കുറേ സമയം ഇതേക്കുറിച്ച് തന്നെ ആലോചിച്ച് നിന്നു. എനിക്ക് നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
പക്ഷേ,സംയമനം പാലിച്ചു. ക്ഷമിച്ചു. എന്റെ ശരീരവും മനസ്സും പതുക്കെ പാകപ്പെട്ടു. എന്നാലും എനിക്ക് ഓർമ വന്നത് ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്നവരെക്കുറിച്ചായിരുന്നു. ഭക്ഷണം വേസ്റ്റ് ആക്കുന്നവരെക്കുറിച്ചായിരുന്നു. നോമ്പുതുറയുടെ സമയമായപ്പോൾ ഏതാണ്ട് മരണത്തോടടുത്ത പട്ടിണി കിടന്നതായി എനിക്ക് തോന്നി. ആദ്യദിനം വലിയ പ്രയാസം തോന്നി. എന്നിരുന്നാലും ശ്രമം തുടരാൻ തന്നെ തീരുമാനിച്ചു. രണ്ടാം ദിനം അത്ര പ്രയാസകരമായിരുന്നില്ല. കാരണം, അർധ രാത്രി അത്താഴം കഴിക്കാൻ എഴുന്നേറ്റതു കൊണ്ട് രാവിലെ നല്ല ഉറക്കം തോന്നി. അതിനാൽ പകൽ സിംഹഭാഗവും ഉറങ്ങി.
ഉച്ചക്ക് ശേഷമാണ് ഞാൻ ഉണർന്നത്. നേരെ സ്വീകരണ മുറിയിൽ ചെന്ന് ഒരു ആപ്പിളെടുത്ത് കടിച്ചു. അപ്പോഴാണ് എനിക്ക് നോന്പുണ്ടെന്ന കാര്യം ഓർമ വന്നത്. അങ്ങനെ രണ്ടാം ദിവസം പരാജയപ്പെട്ടു. എങ്കിലും അറിയാതെ ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയില്ലെന്ന കാര്യം ഞാൻ പഠിച്ചു. മൂന്നാം ദിവസം ഞാൻ നോമ്പെടുത്തു. പക്ഷേ തലേ ദിവസം ഇഫ്്ത്വാറിന്റെ സമയം നന്നായി ഭക്ഷണം കഴിച്ചത് കൊണ്ട് നല്ല വയറുവേദന അനുഭവപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അൽപ്പം ആശ്വാസം തോന്നി. എല്ലാ അനുഭവങ്ങളും മറികടക്കാൻ തനിയേ പഠിച്ചു. അങ്ങനെ ഞാൻ സ്വയം നിയന്ത്രിക്കാനും ക്ഷമിക്കാനും കാത്തിരിക്കാനും ആരാധനാ കർമങ്ങൾ ചെയ്യാനും സന്നദ്ധയായി.
ആ നോമ്പ് കാലത്ത് ധാരാളം സമയം ഞാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. വ്രതം കേവലം ഒരു പ്രവൃത്തിയോ അല്ലെങ്കിൽ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കലോ മാത്രമല്ലെന്നും മറിച്ച് അനുഗ്രഹങ്ങൾ കാംക്ഷിക്കുന്നതിന്റെയും പരസ്പരം സ്‌നേഹിക്കുന്നതിന്റെയും സമയം കൂടിയാണെന്ന് ഞാൻ മനസ്സിലാക്കി.
ഇപ്പോൾ എന്റെ നിരവധി അമുസ്‌ലിം സുഹൃത്തുക്കൾ റമസാനിൽ നോമ്പനുഷ്ഠിക്കുന്നവരാണ്. ടെക്‌സാസിൽ താമസിക്കുന്ന എന്റെ സുഹൃത്ത് ഇരുപത്തിയാറുകാരൻ അലക്‌സാണ്ടർ സ്ലെസിന് 2021 മുതൽ റമസാനിൽ എല്ലാ ദിവസവും നോമ്പാണ്. സ്ലെസ് ഒരു മുസ്‌ലിം അല്ല. വ്യത്യസ്ത മതങ്ങളോടും സംസ്‌കാരങ്ങളോടും താരതമ്യേന തുറന്ന മനസ്സോടെയാണ് അവൻ വളർന്നത്. ആത്യന്തികമായി അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് ഒരു റഷ്യൻ- ഉക്രേനിയൻ കുടുംബത്തിൽ ഇസ്്റാഈലിൽ ജനിച്ച സ്ലെസ് വളരെ സ്വാഭാവികമായി നോമ്പനുഷ്ഠിക്കുന്നു.
അലക്‌സാണ്ടർ സ്ലെസ് മാത്രമല്ല, ലോകമെമ്പാടും, മുസ്‌ലിംകൾ അല്ലാത്ത സഹോദരീ-സഹോദരന്മാർ റമസാൻ ആഘോഷിക്കുന്നതിന്റെ സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം വ്യക്തികൾ അമേരിക്കയിൽ വളരെ കൂടുതലാണെന്നാണ് എന്റെ വിശ്വാസം. റമസാൻ സമ്മാനിക്കുന്ന ആത്മനിയന്ത്രണവും അതിനായുള്ള പരിശ്രമങ്ങളും സ്ലെസുൾപ്പെടെയുള്ളവർക്ക് ഏറെ ഇഷ്ടമാണ്. വേറെ ചിലർ ഇസ്‌ലാമിനെക്കുറിച്ചും ഈ വിശുദ്ധ മാസം ഉൾക്കൊള്ളുന്ന ആത്മീയ പൂർത്തീകരണത്തെക്കുറിച്ചും കൂടുതലറിയാൻ നോമ്പെടുക്കുന്നു. മറ്റു ചിലർ പറയുന്നത് മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് താമസിക്കുന്നതിനാലാണ് തങ്ങളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ്.
നോമ്പ് ഒരിക്കലെങ്കിലും അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഒരാത്മീയാനുഭവമാണ് വിശ്വാസി അല്ലാതിരുന്നിട്ടും ധാരാളം ആളുകൾ വ്രതമെടുക്കാൻ തയ്യാറായി വരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ നോമ്പ് കാലത്ത് ഒരിക്കലെങ്കിലും വ്രതമനുഷ്ഠിക്കാൻ ഈ കുറിപ്പ് വായിക്കുന്ന എല്ലാവരോടും, പ്രത്യേകിച്ച്, അമുസ്്ലിം സുഹൃത്തുക്കളോട് ഞാൻ അഭ്യർഥിക്കുന്നു. കാരണം ഇത് വളരെ വ്യത്യസ്തമായ ഒരനുഭവമാണ്.
– മൈദിന തുഹൂത്തി
വിവർത്തനം :യാസർ അറഫാത്ത് നൂറാനി