സയൻസ് സ്ലാം
അമിഷ് ജനതയും ദീര്‍ഘായുസ്സും
സവിശേഷമായ ജനിതകരഹസ്യമാണ് അമിഷ് ജനവിഭാഗത്തിന്റെ ദീർഘായുസ്സിന് പിന്നിലെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇവരുടെ ക്രോമസോമുകളിലെ ടിലോമിയറിന് പത്ത് ശതമാനം കൂടുതൽ നീളമുണ്ട്. വയസ്സാവുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ് ടിലോമിയർ.

അമിഷ് ജനവിഭാഗം കൂടുതൽ കാലം ജീവിക്കുന്നതിന്റെ കാരണത്തിന് പിറകിലായിരുന്നു ഗവേഷകർ. ഗോത്രജനത ഉൾപ്പെടെയുള്ള മറ്റ് ജനവിഭാഗങ്ങങ്ങളെ അപേക്ഷിച്ച് പത്ത് വർഷത്തിലേറെ ആയുസ്സ് അമിഷ് വിഭാഗത്തിനുണ്ട്. പെൻസിൽവാനിയയിലെയും ഇൻഡ്യാനയിലെയും ഗ്രാമങ്ങളിലാണ് അമിഷ് ജനത വസിക്കുന്നത്. ഇവരുടെ ആയുസ്സിന്റെ ജനിതക രഹസ്യമാണ് ഗവേഷകർ കണ്ടെത്തിയത്.
കുതിരവണ്ടികളിൽ മാത്രം യാത്ര ചെയ്ത് വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വർഷം പഴക്കമുള്ള ജീവിതക്രമം തുടരുന്നതാണ് അമീഷുകളുടെ രീതി. ഇംഗ്ലീഷും പെൻസിൽവാനിയൻ ഡച്ചുമാണ് സംസാര ഭാഷ. ടെലിവിഷൻ, കന്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കാറില്ല. അപൂർവമായി ലാൻഡ് ഫോൺ ഉപയോഗിക്കുന്നവർ ഇത് വീടിനു പുറത്താണ് സൂക്ഷിക്കുക. പരമ്പരാഗത ഗ്രാമീണ ജീവിതം നയിക്കുന്ന ജനതയാണിത്. ശരാശരി 85 വയസ്സാണ് ഇവരുടെ ആയുസ്സ്.
പ്രമേഹവും ഹൃദ്രോഗവും ഇവരിൽ വളരെ കുറവാണ്. സവിശേഷമായ ജനിതകരഹസ്യമാണ് അമിഷ് ജനവിഭാഗത്തിന്റെ ദീർഘായുസ്സിന് പിന്നിലെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇവരുടെ ക്രോമസോമുകളിലെ ടിലോമിയറിന് പത്ത് ശതമാനം കൂടുതൽ നീളമുണ്ട്. വയസ്സാവുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ് ടിലോമിയർ. അമേരിക്കയിൽ ജനിതകമായും സാംസ്കാരികമായും ഒറ്റപ്പെട്ട് ജീവിക്കുന്ന അമിഷ് ജനവിഭാഗത്തിൽ മാത്രമാണ് ഇത്തരം ജനിതക വ്യതിയാനം കാണപ്പെടുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇല്ലിനോയ്സ് നോർത്ത് വെസ്റ്റേൺ സർവകലാശാലാ പ്രൊഫസറും ഹൃദ്രോഗ വിദഗ്ധനുമായ ഡഗ്ലസ് വോൻ നിരീക്ഷിക്കുന്നത്. താഴ്ന്ന രക്തസമ്മർദവും അയവുള്ള രക്തധമനികളുമാണ് ഇവർക്കുള്ളത്.
ല്യൂകോസൈറ്റ് ടിലോമിയര്‍ ലെങ്ത് എന്ന ശരീരത്തിലെ ബയോ മാർക്കർ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. അമിഷുകളുടെ ടിലോമിയര്‍ നീളത്തിന് പിന്നിൽ വിഭിന്നമായ ജീവിതരീതിയാണോ എന്ന കാര്യത്തിൽ ഗവേഷണം തുടരുകയാണ്.
കോശങ്ങൾക്ക് പ്രായമാകുന്നതിന്റെ തോത് വിലയിരുത്താൻ ടിലോമിയര്‍ ലെങ്ത് ബയോമാർക്കുകൾ സഹായിക്കുന്നു. മനുഷ്യന്റെ ക്രോമസോമിന്റെ അറ്റത്ത് കാണുന്ന ശ്രേണികളുടെ കൂട്ടമാണ് ടിലോമിയര്‍. ക്രോമസോം അഴിഞ്ഞു പോകാതിരിക്കാൻ ഇവ സഹായിക്കുന്നു. ഓരോ തവണയും കോശം വിഭജിക്കപ്പെടുമ്പോൾ ഇവയുടെ നീളം കുറയുന്നു. ഇത്തരത്തിൽ നിരവധി തവണ നീളം കുറഞ്ഞ്, കുറഞ്ഞ് ഒടുവിൽ കോശങ്ങൾക്ക് ഇനി വിഭജിക്കാൻ കഴിയാത്ത സ്ഥിതി വരും. ഇങ്ങനെയാണ് കോശം നശിക്കുന്നത്. ഉറക്കമില്ലായ്മ, ജോലി സമ്മർദം എന്നിവയെല്ലാം ടിലോമിയറിന്റെ നീളം കുറക്കുന്ന ഘടകമാണ്.