Articles
ഉത്തരം ജനാധിപത്യമാണ്
മലയാളികള്‍ പൊതുവിലും വടകരയിലെ വോട്ടര്‍മാര്‍ സവിശേഷമായും അറിഞ്ഞിരിക്കേണ്ട കാര്യം, തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ പ്രക്രിയയാണ്. പൗരന്‍ എന്ന വാക്കിന് സവിശേഷ പ്രാധാന്യം കൈവരുന്ന കാലമാണത്. തിരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിക്കുന്ന/ അവസാനിപ്പിക്കാവുന്ന പ്രക്രിയയല്ല ജനാധിപത്യം. അത് ഒരു മൂല്യമായി അവശേഷിക്കുന്നിടത്തേ സംവാദവും സൗഹൃദവും സാധ്യമാകൂ. സാഹചര്യവശാല്‍ വടകരയില്‍ സംഭവിച്ചത് ജനാധിപത്യത്തിന് ശവക്കച്ച പുതപ്പിക്കുന്ന അവിവേകമാണ്.
ഒരു കഥ ഓര്‍മിച്ചും ഓര്‍മിപ്പിച്ചും തുടങ്ങാം. ഇത്തിരി പഴയ കഥയാണ്. പക്ഷേ ഒട്ടും പഴകിയ കഥയല്ല. ഒരു കഥക്കും അനന്തകാലം കഥയായി മാത്രം നില്‍ക്കാനാകില്ലല്ലോ. ചിലപ്പോളത് യാഥാര്‍ഥ്യങ്ങളുമായി കലഹിക്കും, യുദ്ധത്തിലേര്‍പ്പെടും. അന്നേരം കഥ കാര്യമാകും. ‘കഥയില്ലാത്ത’ മനുഷ്യര്‍ തേറ്റപ്പല്ലുകള്‍ പുറത്തുകാട്ടി ആക്രോശിക്കും. കഥയിലില്ലാത്തതെല്ലാം അവര്‍ വായിക്കും. കഥയെ മറക്കും, കഥയിലെ ഗുണപാഠം വിസ്മരിക്കും. ഒരു വേദിയിലുമൊതുങ്ങാത്ത പെരുങ്കളിയാട്ടങ്ങളരങ്ങേറും. കഥയെ കഥ മാത്രമായി കാണാന്‍ കഴിയാത്ത കാലത്ത് ഒരു കഥ എങ്ങനെയെല്ലാമായിത്തീരുമെന്ന് മലയാളത്തിലെ ഒരു സാഹിത്യകാരന്‍ എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്.
‘മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ പറയാം’ മാഷ് പറഞ്ഞു. ‘പറ്റൂല്ല സാര്‍, കാശിക്കല്ല, മക്കയിലേക്കാണ് പോയത്’- അബ്ദുന്നാസര്‍ പറഞ്ഞു. ‘മക്കയിലേക്കോ? ബത്ലഹേമിലേക്കാണ് യാത്ര പോയത്’- തോമസ് പറഞ്ഞു. ‘കാശിയിലേക്ക് തന്നെയാ പോയത്. അയോധ്യ തുടങ്ങി എത്ര സ്ഥലം ഭാരതത്തിലുണ്ട്. കാശിക്കല്ലെങ്കില്‍ അവിടേക്കായാലും മതി’. പരമേശ്വരന്റെ ശബ്ദമുയര്‍ന്നു. മാഷ് ഒന്നും മനസ്സിലാകാതെ നെറ്റിയിലെ വിയര്‍പ്പു തുടച്ചു. ക്ലാസ്സ് ചേരികളായി തിരിഞ്ഞു. മാഷിന് തല ചുറ്റുന്നത് പോലെ തോന്നി. കൊടുങ്കാറ്റായി പറന്നു വരുന്ന ശൂലം. വാള്‍ത്തലയുടെ മിന്നല്‍. വെടിയുണ്ടകളുടെ പേമാരി. പേമാരിയില്‍ മണ്ണാങ്കട്ട അലിഞ്ഞു പോയി. കൊടുങ്കാറ്റില്‍ കരിയില പാറിപ്പോയി.ഒന്നുമില്ലൊന്നുമില്ല. കറുത്ത കാലം പോലെ തൂങ്ങിക്കിടക്കുന്ന ബ്ലാക്ക് ബോര്‍ഡ്. തറയില്‍ നിറയെ ചിതറി വീണ മഞ്ചാടിമണികള്‍.
(മണ്ണാങ്കട്ടയും കരിയിലയും- പി കെ പാറക്കടവ്)
ചോരനിറത്തില്‍ ചിതറിക്കിടക്കുന്ന ആ മഞ്ചാടിമണികളെ നമുക്ക് പെറുക്കിയെടുക്കാം, അത് ചില്ലുകുപ്പികളില്‍ വിശ്രമിക്കട്ടെ. അല്‍പ്പനേരം നമുക്കിനി കാര്യം പറയാം. നമ്മുടെ നാട് മാറുന്നു എന്ന് ആകുലപ്പെടാനല്ല ഇത് പറയുന്നത്. നാടിനെ മാറ്റാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട് എന്ന് ഉണര്‍ത്താനാണ്. അഭിപ്രായ ഭേദങ്ങള്‍ മറന്ന് കരതലങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടല്ലാതെ നമുക്കീ ഭീകരസ്വത്വത്തെ നാട് കടത്താനാകില്ല എന്ന് പറഞ്ഞുവെക്കാനാണ്. രണ്ട് സമീപകാല അനുഭവങ്ങള്‍ പറയാം. അതാണ് കേരളം എന്ന് വിധിക്കാനല്ല ഈ അനുഭവങ്ങള്‍ ഉദ്ധരിക്കുന്നത്. അതാകരുത് കേരളം എന്ന് വിനയപൂര്‍വം ബോധ്യപ്പെടുത്താനാണ്.
വടകരയിലെ മുറിവ്
വടകര ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണം എന്ന വാര്‍ത്ത ചാനലുകള്‍ എയര്‍ ചെയ്യുന്നുണ്ട് ഇതെഴുതാനിരിക്കുമ്പോള്‍. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് വടകര. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും അങ്ങനെ ആയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല എന്നതുകൊണ്ടാണ് മറ്റു 19 മണ്ഡലങ്ങളിലും ഇല്ലാത്ത നിയന്ത്രണം വടകരയില്‍ ഉണ്ടായത്. സര്‍വകക്ഷി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അഥവാ, അസാധാരണമായ ചില സാഹചര്യങ്ങള്‍ വടകരയിലുണ്ട് എന്ന് എല്ലാ പാര്‍ട്ടികളും സമ്മതിക്കുന്നു എന്നുതന്നെ. അസാധാരണ കാലങ്ങളിലാണല്ലോ അസാധാരണ തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. എന്താണ് വടകരയിലെ അസാധാരണ സാഹചര്യം? ആരാണ് അത് സൃഷ്ടിച്ചത്? ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കള്‍?
വടകരയില്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി സി പി എം കളത്തിലിറക്കിയത് ഏറ്റവും പ്രബല സ്ഥാനാര്‍ഥിയെ ആണ്; ശൈലജ ടീച്ചര്‍. യു ഡി എഫിന് വേണ്ടി കോണ്‍ഗ്രസ്സ് യുവരക്തത്തെ തന്നെ കൊണ്ടുവന്നു; ഷാഫി പറമ്പില്‍. ഷാഫി മുസ്ലിം സ്ഥാനാര്‍ഥിയായി പാലക്കാട് നിന്ന് മത്സരിക്കാന്‍ വന്നയാളല്ല. ശൈലജ ടീച്ചര്‍ ഹിന്ദു സ്ഥാനാര്‍ഥിയായി വന്നതുമല്ല. രണ്ട് പേരും മതനിരപേക്ഷമായ പൊതുപ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായവരാണ്. ജനാധിപത്യത്തിന് വേണ്ടി സംസാരിക്കുന്നവരാണ്. മുസ്ലിം പക്ഷപാതിത്വത്തിന്റെ നിഴല്‍ പോലും തന്നെ സ്പര്‍ശിച്ചുകൂടെന്ന് മനസ്സിലാക്കി മതനേതാക്കളെ കണ്ടാല്‍ വഴി മാറി നടക്കുന്ന തരം ‘ജാഗ്രത’ കാണിക്കുന്ന പ്രകൃതമാണ് ഷാഫിയുടേത് (ഒരാളുടെ ജീവിതം മതനിരപേക്ഷമാകാന്‍ അങ്ങനെ മാറി നടക്കേണ്ട ആവശ്യമില്ലെന്ന് ഷാഫിയോട് ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്ന് അഭിപ്രായമുണ്ട്). ശൈലജ ടീച്ചര്‍ ഭരണാധികാരി എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും ജീവിച്ച മതനിരപേക്ഷ, ജനാധിപത്യ ജീവിതം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ, വടകരയിലെത്തിയപ്പോള്‍ ചിത്രം പൊടുന്നനെ മാറി. ഷാഫി പറമ്പില്‍ മുസ്ലിമും ശൈലജ ടീച്ചര്‍ കാഫിറും ആയി! അവര്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത സ്വത്വം അവര്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ടു. ആ ചാര്‍ത്തല്‍ ഒട്ടും സദുദ്ദേശ്യപരമായിരുന്നില്ല എന്ന് മാത്രമല്ല, തികച്ചും ദുരുപദിഷ്ടവും ആയിരുന്നു. ലക്ഷണമൊത്ത ക്രൈം. അതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം മാത്രമായിരുന്നില്ല എന്ന് വ്യക്തം. അതിനു പിന്നില്‍ ഏതോ കുത്സിതബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് ആരുടെയെന്ന് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ആ പണി അവര്‍ക്ക് വിടാം.
മലയാളികള്‍ പൊതുവിലും വടകരയിലെ വോട്ടര്‍മാര്‍ സവിശേഷമായും അറിഞ്ഞിരിക്കേണ്ട കാര്യം, തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ പ്രക്രിയയാണ്. പൗരന്‍ എന്ന വാക്കിന് സവിശേഷ പ്രാധാന്യം കൈവരുന്ന കാലമാണത്. തിരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിക്കുന്ന/ അവസാനിപ്പിക്കാവുന്ന പ്രക്രിയയല്ല ജനാധിപത്യം. അത് ഒരു മൂല്യമായി അവശേഷിക്കുന്നിടത്തേ സംവാദവും സൗഹൃദവും സാധ്യമാകൂ. സാഹചര്യവശാല്‍ വടകരയില്‍ സംഭവിച്ചത് ജനാധിപത്യത്തിന് ശവക്കച്ച പുതപ്പിക്കുന്ന അവിവേകമാണ്. ആ അവിവേകത്തില്‍ വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വീണുപോകില്ല എന്നുറപ്പാണ്. അവര്‍ എല്ലാത്തരം കുത്തിത്തിരിപ്പുകളെയും മറികടന്ന് മുന്നോട്ടുപോകും. അടിത്തട്ട് സാമൂഹികതയെ ആ വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പദ്ധതികള്‍ ഇരു മുന്നണികളും ആവിഷ്‌കരിക്കണം. വടകരയില്‍ ഇപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് ബി ജെ പി എന്ന് പലരും വിശ്വസിക്കുന്നുണ്ട്. ബി ജെ പിയെയും ആര്‍ എസ് എസിനെയും ശരിയായി അറിയുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും ആശ്വസിക്കാനും വകയില്ല. അതുകൊണ്ട് വടകരയില്‍ പുതിയ മുറിവുകള്‍ ഇല്ലാതിരിക്കാന്‍ കൂടിയുള്ള ജാഗ്രത ജനാധിപത്യ മുന്നണികളില്‍ നിന്നുണ്ടാകണം.
മമ്മൂട്ടി എന്ന ‘മുസ്ലിം’ താരം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ മമ്മൂട്ടി എന്നും മമ്മുക്ക എന്നും വിളിച്ചിരുന്ന ചില സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ആ നടനെ ഇപ്പോള്‍ വിളിക്കുന്നത് മുഹമ്മദ് കുട്ടി എന്നാണ്. അദ്ദേഹം ഇടതുപക്ഷത്തോട് പുലര്‍ത്തുന്ന അനുഭാവം രഹസ്യമല്ല. സി പി എം ചാനലിന്റെ ചെയര്‍മാനാണ് ഇപ്പോഴും അദ്ദേഹം. അതേസമയം ഒരിക്കലെങ്കിലും പരസ്യമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തിയ ആളല്ല മമ്മൂട്ടി. ബി ജെ പിയെപ്പോലും പിണക്കാതെ സേഫ് സോണ്‍ പൊളിറ്റിക്‌സ് കളിക്കുന്നവരാണ് കേരളത്തിലെ മിക്ക ചലച്ചിത്ര താരങ്ങളും. അതില്‍ മുമ്പനാണ് മമ്മൂട്ടി. എന്നിട്ടും അദ്ദേഹം ഒരുനാള്‍ മുസ്ലിം മാത്രമായി, മമ്മൂട്ടി മുഹമ്മദ് കുട്ടിയായി, ഹിന്ദുവിരുദ്ധനായി, സുഡാപ്പിയായി, ‘മട്ടാഞ്ചേരി മാഫിയ’യുടെ ഭാഗമായി. നടന്റെ ഓരോ സിനിമാ വാര്‍ത്തക്ക് കീഴെയും അനുഷ്ഠാനം പോലെ തെറിവിളിക്കുന്നവരുടെ പ്രത്യയശാസ്ത്രം നമുക്ക് അറിയാത്തതല്ല. മമ്മൂട്ടി എന്ന നടന്റെ അരനൂറ്റാണ്ടിലേറെ നീണ്ട നടനജീവിതം വര്‍ഗീയമായിരുന്നു എന്ന് ഇക്കൂട്ടര്‍ പെട്ടെന്നൊരു നാള്‍ തീര്‍പ്പ് കല്‍പ്പിച്ചു. എങ്ങനെ? എന്താണവരെ പ്രകോപിപ്പിച്ചത്?
ജാതിവെറിയെ അടയാളപ്പെടുത്തിയ ഒരു സിനിമയില്‍ അദ്ദേഹം ഈയിടെ അഭിനയിച്ചു. ദുരഭിമാനക്കൊലയോളം ചെന്നെത്തുന്ന ജാതിഭ്രാന്ത് ഇന്ത്യന്‍ ഭാഷകളില്‍ പലതരം ആവിഷ്‌കാരങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നോവലും കഥയും ജീവചരിത്രവും നാടകവും കവിതയും… ജാതിവെറിയെ പ്രശ്നവത്കരിച്ച എത്രയോ സിനിമകള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ പോലുമുണ്ടായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടിയുടെ സിനിമ കേരളത്തിലെ ഹിന്ദുത്വയെ പരിഭ്രാന്തരാക്കി. അതിന്റെ ഉത്തരം നടന്റെ മുഹമ്മദ് കുട്ടി എന്ന സ്വത്വമാണ്. സിനിമയില്‍ താരശരീരം സംവിധായകന്റെ ഇച്ഛക്കൊത്ത് അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന വെറുമൊരു ഉപകരണമാണ് എന്നറിയാത്തവരല്ല ഈ വെറുപ്പ് പടച്ചുവിടുന്നത്. അവര്‍ക്ക് എപ്പോഴും ഒരു ശത്രുവിനെ വേണം. അതൊരു മുസ്ലിം പേരുകാരനാകണം. ഇന്ന് മമ്മൂട്ടിയുടെ സ്ഥാനത്ത് നാളെ എ പി അബ്ദുല്ലക്കുട്ടി തന്നെ ആയേക്കാം. നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ അതുണ്ടാക്കുന്ന ചെറിയ പ്രകമ്പനങ്ങള്‍, അത് മാത്രം മതിയാകും സംഘ്പരിവാറിന്. അതിനുവേണ്ടി ഓരോ അജന്‍ഡകള്‍ അവര്‍ പടച്ചുണ്ടാക്കും. നമ്മുടെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങള്‍ അതിനോട് പ്രതികരിക്കും. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും. വാദവും പ്രതിവാദവുമുയരും. ഏറ്റവും രൂക്ഷമായ വിമര്‍ശങ്ങള്‍ക്ക് നടുവിലും ഹിന്ദുത്വ ചിരി തൂകും. നെഗറ്റീവ് പബ്ലിസിറ്റിയേക്കാള്‍ മികച്ച മൂലധനം ഹിന്ദുത്വ രാഷ്ട്രീയത്തിന് കിട്ടാനില്ലെന്ന് ബാബരിയാനന്തര ഇന്ത്യയാണ് തെളിവ്.
നമ്മള്‍ ജനാധിപത്യ മനുഷ്യര്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം എഴുന്നുനില്‍ക്കുന്നുണ്ട്. അതിന്റെ ഉത്തരമിതാണ്: മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥയെ ഭാവനയായി മാത്രം മനസ്സിലാക്കുക. അത് മക്കയിലേക്കോ ബത്ലഹേമിലേക്കോ വലിച്ചുകൊണ്ടു പോകേണ്ടതില്ല. കുട്ടികളുടെ മനസ്സുകളില്‍ സ്നേഹം നിറച്ചുവെക്കുക. മനുഷ്യന്‍ എന്ന പ്രമേയത്തെ കാലത്തിന്റെ ചുവരുകളില്‍ മാഞ്ഞുപോകാത്ത മഷികളില്‍ എഴുതി നിറയ്ക്കുക. വര്‍ഗീയത ഒരസംബന്ധ പ്രയോഗമെന്ന് സ്വന്തം മനസ്സുകളോട് പറഞ്ഞുകൊണ്ടിരിക്കുക. സ്വന്തം സാമൂഹിക ജീവിതത്തോട് ഒരാള്‍ നടത്തുന്ന ഏറ്റവും ആപത്കരമായ യുദ്ധമാണ് വര്‍ഗീയ പ്രചാരണമെന്ന് തിരിച്ചറിയുക. ജനാധിപത്യ പ്രചാരണമാണ് വര്‍ഗീയതക്കുള്ള ഫലപ്രദമായ മരുന്ന്. ആ മരുന്ന് നിരന്തരം ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് കേരളം ഇനിയും സംഘ്പരിവാറിന് വഴങ്ങാത്തത്. അവരുടെ കൈവിട്ട കളികളെ അവഗണിച്ച് മുന്നോട്ടുപോകുക തന്നെയാണ് പോംവഴി.