Connect with us

From the print

ഇരട്ട വോട്ടും ആൾമാറാട്ടവും ആപ്പ് തടയും

വോട്ടറുടെ ചിത്രം ഉൾപ്പെടെയുള്ള വിവരം രേഖപ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരട്ട വോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ആൾമാറാട്ടം തടയാനും സുതാര്യത ഉറപ്പാക്കാനും പോളിംഗ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. എ എസ് ഡി മോണിറ്റർ സി ഇ ഒ കേരള എന്ന ആപ്പാണ് എൻ ഐ സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്ന് കണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചത്.

നിർദേശം നൽകി

വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ മാത്രം ഉപയോഗിക്കേണ്ട ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദ നിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിംഗ് ഓഫീസർ, ആദ്യ പോളിംഗ് ഓഫീസർ എന്നിവർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ഉപയോഗിക്കാനാകുക. പോൾ മാനേജർ ആപ്പിൽ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള ഫോൺ നമ്പർ പരിശോധിച്ച് ഉറപ്പാക്കിയാണ് എ എസ് ഡി മോണിറ്റർ ആപ്പിൽ ലോഗിൻ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിൻ ചെയ്യുന്നതിന് ഒ ടി പി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടർ പട്ടിക ശുദ്ധീകരണ കാലയളവിൽ ഹാജരില്ലാത്തവർ, സ്ഥലം മാറിയവർ, മരണപ്പെട്ടവർ എന്ന് രേഖപ്പെടുത്തി ബി എൽ ഒമാർ തയ്യാറാക്കിയ പുതുക്കിയ പട്ടിക (എ എസ് ഡി പട്ടിക) സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തിലെയും പ്രിസൈഡിംഗ് ഓഫീസർ, ആദ്യ പോളിംഗ് ഓഫീസർ എന്നിവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ എസ് ഡി പട്ടികയിലുള്ള വോട്ടർ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം വോട്ട് ചെയ്യാൻ അനുവാദം നൽകുകയാണെങ്കിൽ എ എസ് ഡി മോണിട്ടർ ആപ്പ് വഴി ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. വോട്ടറുടെ സീരിയൽ നമ്പർ, റിമാർക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടർന്ന് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല.
ഓരോ ബൂത്തിലും വോട്ട് ചെയ്ത ആകെ എ എസ് ഡി വോട്ടർമാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാകും. എ എസ് ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ട വോട്ട് തടയാനും തർക്കങ്ങൾ പൂർണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Latest