Business
ആപ്പിളും സുല്ലിട്ടു; പ്രീബുക്കിൽ റെക്കോർഡിട്ട് ഹുവായ്
ഫോണിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ച് രണ്ട് ദിവസത്തിനകം 30 ലക്ഷം പേരാണ് ഓർഡർ നൽകിയത്. ഇത്രയധികം പ്രീ ബുക്കിങ് മൊബൈൽ ഫോണുകളുടെ ചരിത്രത്തിൽ ആദ്യമാണ്.
മാസങ്ങളുടെ തയ്യാറെടുപ്പുകൾക്കുശേഷം വിപണിയിൽ ‘മാസ്സാ’യാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡലായി ഐഫോൺ 16 അവതരിപ്പിച്ചത്. എന്നാൽ ആ മാസ്സിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. അതിനേക്കാൾ മാസ്സായി വിപണിയിൽ എത്തിയിരിക്കുകയാണ് ആദ്യത്തെ ട്രൈഫോൾഡ് ഫോൺ ഹുവായ് മേറ്റ് എക്‌ടി അൾട്ടിമേറ്റ് (Huawei Mate XT Ultimate). ഫോണിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ച് രണ്ട് ദിവസത്തിനകം 30 ലക്ഷം പേരാണ് ഓർഡർ നൽകിയത്. ഇത്രയധികം പ്രീ ബുക്കിങ് മൊബൈൽ ഫോണുകളുടെ ചരിത്രത്തിൽ ആദ്യമാണ്.
കുറേനാളുകളായി പല കമ്പനികളും മൂന്നായി മടക്കാവുന്ന ഫോണുകളുടെ പിറകെയാണ്. പലരും ടീസറുകൾ അവതരിപ്പിച്ചു. പക്ഷേ വിപണിയിലിറക്കാനാവുന്ന ഒരു ട്രിപ്പിൾ ഫോൾഡബ്ള്‍ ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കി മുന്നിൽ എത്താനായത് ഹുവായിക്ക് മാത്രമാണ്.
പൂർണ്ണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K റെസല്യൂഷനുള്ള മടക്കാവുന്ന OLED സ്‌ക്രീനാണ് മേറ്റ് എക്സ് ടിയിൽ എത്തുന്നത്.
ഫോൺ സെപ്റ്റംബർ 20-ന് വിപണിയിലെത്തും. എന്നാൽ ആദ്യം ചൈനയിൽ മാത്രമാകും വിൽപ്പന. 19999 യുവാൻ അതായത് ഏകദേശം 2.36 ലക്ഷം രൂപയാണ് വില.