Connect with us

Books

അറബ് റിപബ്ലിക് ഓഫ് ഈജിപ്ത് അതിഥി രാജ്യം; അബൂദബി അന്താരാഷ്ട്ര പുസ്തകമേള 29 മുതല്‍

മേള ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ച് വരെ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍.

Published

|

Last Updated

അബൂദബി | ലോക കഥകള്‍ എവിടെയാണ് വികസിക്കുന്നത് (Where the World’s Tales Unfold) എന്ന ശീര്‍ഷകത്തില്‍ അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി അബൂദബി അറബിക് ലാംഗ്വേജ് സെന്റര്‍ സംഘടിപ്പിക്കുന്ന 33-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ച് വരെ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 90 രാജ്യങ്ങളില്‍ നിന്നായി 1,350 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. ഇതില്‍ 140 പ്രസാധകര്‍ ആദ്യമായാണ് അബൂദബി പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. പ്രസാധകര്‍, വിതരണക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 375 പ്രാദേശിക പ്രദര്‍ശകരും അവരുടെ ഏറ്റവും പുതിയ റിലീസുകള്‍ അവതരിപ്പിക്കും.

ലൂവ്രെ അബൂദബിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, എ എല്‍ സി ചെയര്‍മാന്‍ ഡോ. അലി ബിന്‍ തമീം, ഈജിപ്ഷ്യന്‍ ജനറല്‍ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ ഡോ. അഹമ്മദ് ബാഹി എല്‍ ദിന്‍, അറബിക് ലാംഗ്വേജ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും അബൂദബി അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടറുമായ സയീദ് ഹംദാന്‍ അല്‍ തുനൈജി പങ്കെടുത്തു. അറബിക് സംസ്‌കാരം പിന്തുടരുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ ഈ വര്‍ഷത്തെ പതിപ്പ് ഇന്നുവരെയുള്ളതില്‍ ഏറ്റവും മനോഹരമാണ്.

അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്താണ് ഈ വര്‍ഷം അതിഥി രാജ്യമെന്ന് ചെയര്‍മാന്‍ ഡോ. അലി ബിന്‍ തമീം അറിയിച്ചു. ഒരു പുസ്തകമേള സാംസ്്കാരികവും ബൗദ്ധികവുമായ കൈമാറ്റത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ അംഗങ്ങളും കാത്തിരിക്കുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകമേള സാംസ്‌കാരികവും സര്‍ഗാത്മകവുമായ കലണ്ടറിലെ പ്രധാന ഘടകമായിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള പ്രസാധകര്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും സാംസ്‌കാരിക രംഗത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരു സമ്മേളനമായി ഇത് മാറിയതായും സഈദ് ഹംദാന്‍ അല്‍ തുനൈജി വ്യക്തമാക്കി.

ഈ വര്‍ഷത്തെ വിവിധ സെഷനുകളിലും സെമിനാറുകളിലും വിവിധ മേഖലകളില്‍ നിന്നുള്ള രചയിതാക്കള്‍, ചിന്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക വിജ്ഞാന സംവാദങ്ങളും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും നടക്കുമെന്ന് തുനൈജി അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പവലിയനുകളില്‍ അവരുടേതായ പരിപാടികള്‍ ഉണ്ടാകും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേക പരിപാടികളും ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാക്കിസ്ഥാന്‍, സൈപ്രസ്, മൊസാംബിക്, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബ്രസീല്‍ എന്നിങ്ങനെ 12 രാജ്യങ്ങള്‍ ആദ്യമായാണ് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. മേള പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പരിപാടികളും വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഈ വര്‍ഷത്തെ പതിപ്പില്‍ മേളയുടെ ചരിത്രത്തില്‍ ആദ്യമായി നടപ്പിലാക്കിയ സമഗ്രമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവില്‍ വരും. ഒമ്പത് പവലിയനുകളുമായി ചൈന ഈ വര്‍ഷം പുസ്തകമേളയിലെ ഏറ്റവും വലിയ സാന്നിധ്യമായി മാറും. ഔദ്യോഗിക ചൈനീസ് പ്രതിനിധി സംഘത്തില്‍ 80 ചൈനീസ് പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 70 അതിഥികള്‍ പങ്കെടുക്കും. 23 പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഇന്ത്യ പങ്കെടുക്കും, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും വിവിധ ഇന്ത്യന്‍ വിഭവങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.

അറബ് സംസ്‌കാരത്തിനും അറബി നോവലുകള്‍ക്കും ദീര്‍ഘകാലമായി നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് പുസ്തക മേളയുടെ ഈ വര്‍ഷത്തെ ഫോക്കസ് പേഴ്‌സണാലിറ്റിയായി പ്രശസ്ത അറബ്, അന്തര്‍ദേശീയ നോവലിസ്റ്റായ നാഗിബ് മഹ്ഫൂസിനെ തിരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചു.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest