cover story
പതിതരിലേക്ക് പടരുകയാണീ പടയണി
നൊന്തുവെന്ത അവരുടെ മനസ്സകങ്ങളെ സ്നേഹത്തോടെ തലോടി ഒന്നാശ്വസിപ്പിക്കുന്നതിൽ പോലും വലിയ പുണ്യമുണ്ട്.മഴയെത്തേടുന്ന വേഴാമ്പലിനെ പോലെ, തീരം തേടുന്ന തിരയെപ്പോലെ ജീവിതത്തിന്റെ ഉമ്മറപ്പടിയിലേക്ക് ആരെങ്കിലും തങ്ങളെ ആശ്വസിപ്പിക്കാൻ കടന്നു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന മനുഷ്യരെത്രയാണ്..! അതെ, ആ പ്രത്യാശയുടെ സാക്ഷാത്കാരം ഒരു സാമൂഹിക ബാധ്യതയാണ്. വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഇടപെടൽ കൊണ്ടോ, നുറുങ്ങി നീറി കഴിയുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കഴിയുക എന്നത് കടലോളം പുണ്യമാണ്.
ഓരോ ജീവനും ഒരു ശരീരത്തിനുള്ളിൽ എന്നതുപോലെ ഓരോ ജീവിതവും അതിന്റെ സവിശേഷ പരിതസ്ഥിതിക്കുള്ളിലും തളച്ചിടപ്പെട്ടിരിക്കുന്നു
സുഭാഷ് ചന്ദ്രൻ
(മനുഷ്യന് ഒരു ആമുഖം)
വിധിയുടെ വീതംവെപ്പിൽ വേദനകൾ ഏറ്റുവാങ്ങി വിഷമതകളുടെ നാല് ചുമരുകളിൽ സ്വയം എരിഞ്ഞുതീരുന്ന അനേകം ആളുകളുണ്ട് നമുക്ക് ചുറ്റും. തങ്ങൾ അകപ്പെട്ട ആകുലതകളുടെ നാലുപാടുകളെ ക്ഷമയുടെയും സഹനത്തിന്റെയും ജീവിത പാഠങ്ങൾ കൊണ്ട് അതിരുകളില്ലാത്ത ആകാശമാക്കുകയാണ് അത്തരം ആളുകൾ. ജന്മനാ വൈകല്യം ബാധിച്ചവർ, ഒരു ഓർമത്തെറ്റെന്നപോലെ പാതിവഴിയിൽ വന്നുഭവിച്ച അപകടപ്പാടുകൾ ഉറക്കം കെടുത്തുന്നവർ, മരുന്നുകൾ പരീക്ഷണതാണ്ഡവമാടിയ വിറങ്ങലിച്ച മനുഷ്യക്കോലങ്ങൾ… ആ ആകാശങ്ങളിൽ മിന്നിമറയുന്ന കാഴ്ചകൾ ഇങ്ങനെയാണ്. നൊന്തുവെന്ത അവരുടെ മനസ്സകങ്ങളെ സ്നേഹത്തോടെ തലോടി ഒന്നാശ്വസിപ്പിക്കുന്നതിൽ പോലും വലിയ പുണ്യമുണ്ട്.
മഴയെത്തേടുന്ന വേഴാമ്പലിനെ പോലെ, തീരം തേടുന്ന തിരയെപ്പോലെ ജീവിതത്തിന്റെ ഉമ്മറപ്പടിയിലേക്ക് ആരെങ്കിലും തങ്ങളെ ആശ്വസിപ്പിക്കാൻ കടന്നുവരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന മനുഷ്യരെത്രയാണ്..! അതെ, ആ പ്രത്യാശയുടെ സാക്ഷാത്കാരം ഒരു സാമൂഹിക ബാധ്യതയാണ്. വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഇടപെടൽ കൊണ്ടോ, നുറുങ്ങി നീറിക്കഴിയുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കഴിയുക എന്നത് കടലോളം പുണ്യമാണ്. കാലമാവശ്യപ്പെടുന്ന ആ ദൗത്യ പൂർത്തീകരണത്തിന്റെ പര്യായമാണ് “സാന്ത്വനം.’
പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ ഒരിറ്റ് ആനന്ദം കൊതിക്കുന്ന അനേകായിരങ്ങളിലേക്ക് നിർവചനങ്ങൾക്കപ്പുറമുള്ള നിർവഹണങ്ങൾ കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുതിയ ഭൂപടം വരച്ചിരിക്കുകയാണ് എസ് വൈ എസ് “സാന്ത്വനം’.
നീലക്കുറിഞ്ഞിയും സീഗമരപ്പൂവും മഞ്ഞപ്പട്ടുടുപ്പിക്കുന്ന മാമലകളുടെ നാടായ തമിഴ്നാട് നീലഗിരിയിലെ പാടന്തറ മർകസിൽ “സ്പർശം’ എന്ന പേരിൽ നടന്ന 5000 ത്തിലധികം വരുന്ന സാന്ത്വനം വളണ്ടിയർമാർ പങ്കെടുത്ത മാസ് ഗാദറിംഗ് നാടിന്റെ സാമൂഹിക ചലനരംഗത്ത് സ്വർണവർണങ്ങളോടെ ഓർക്കപ്പെടുന്ന ഒരു ചരിത്ര സംഗമമായി മാറി.
തണുപ്പ് പെയ്യുന്ന പുലരിയിൽ മഞ്ഞുനനഞ്ഞ പുല്ലോലകളെ തൊട്ടുരുമ്മി നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് പാടന്തറയുടെ പ്രഭാതത്തിലേക്ക് വിരുന്നെത്തിയ മഞ്ഞപ്പട്ടാളത്തെ ഉൾക്കൊള്ളാൻ കഴിയാതെ അക്ഷരാർഥത്തിൽ ജനനിബിഡമായിരുന്നു പടന്തറ മർകസ് അങ്കണം.
സ്നേഹമസൃണമായ സ്വീകരണം, അത്യാകർഷകമായ ആവിഷ്കാരങ്ങൾ, വിശാലമായ പന്തൽ, 5000ത്തിലധികം ഇരിപ്പിടം, സുഭിക്ഷമായ ഭക്ഷണം, പഴുതടച്ച സംവിധാനങ്ങളോടെ സാങ്കേതിക മികവുള്ള രജിസ്ട്രേഷൻ, കേട്ടു മതിയാവാത്ത വിലപ്പെട്ട ക്ലാസുകൾ.. അവിസ്മരണീയം എന്ന് അലങ്കാരമേതുമില്ലാതെ പറയാൻ പാകത്തിൽ ഹൃദയത്തിൽ കൊത്തിവെച്ച ഐതിഹാസിക മുഹൂർത്തങ്ങളുടെ പകൽ. ഉച്ചവെയിൽ ക്ലാസ്സുകളുടെ മൂർധന്യതയിലും ഉശിരോടെ ഉണർവോടെ കണ്ണുമിഴിച്ചു നിറഞ്ഞിരുന്ന വേദിയിലേക്ക് ആവേശഭരിതമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വരവ്… പ്രൗഢമായ പ്രഭാഷണത്തിനു ശേഷം നാടിന് 5000 സന്നദ്ധ ഭടന്മാരെ ഉസ്താദ് സമർപ്പിച്ചു. ചരിത്രത്തിന്റെ സുവർണ രേഖകളിൽ അഭിമാനത്തിന്റെ അക്ഷരങ്ങൾ കൊണ്ട് തുന്നിച്ചേർത്ത അസുലഭ നിമിഷങ്ങൾ ആയിരുന്നു അത്. പാടന്തറ മർകസ് അധികൃതരുടെ സ്നേഹവും സൽക്കാരവും സമ്മാനങ്ങളും പരിപാടിയുടെ ഊഷ്മള സ്മരണകളിൽ ഒന്നായി ഇടം പിടിച്ചു.
“സ്പർശം’ എന്ന പേരിൽ ഹൃദയസ്പർശിയായ അനേകം അവഗാഹങ്ങളിലേക്ക് ഉള്ളുണർത്തുന്ന ഉള്ളടക്കങ്ങൾ നൽകി പ്രായോഗിക പരിശീലനങ്ങളും സന്നദ്ധ സേവന രംഗത്തെ മുൻകരുതലുകളും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള കരുത്താർന്ന പാഠമുദ്രകളും ഉൾപ്പെടുത്തി വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു പ്രസ്തുത സംഗമം. സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും വിവിധ പുറം സംസ്ഥാനങ്ങളിലും ഉൾപ്പെടെ നടന്നുവരുന്ന സാന്ത്വന പദ്ധതികളുടെ സേവന മുന്നേറ്റ പാതയിൽ ഒരു നാഴികക്കല്ലായിരുന്നു “സ്പർശം’ എന്ന മഹാസംഗമം.
സാന്ത്വനം എമർജൻസി ടീം (സെറ്റ്) എന്ന പേരിൽ സംസ്ഥാനത്തെ 120 സോണുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 50 വീതം അംഗങ്ങളുള്ള വളണ്ടിയർമാർക്ക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെയിനിംഗ് ഇതിനകം ആയിരക്കണക്കിന് വളണ്ടിയർമാർ പൂർത്തിയാക്കിക്കഴിഞ്ഞു. പദ്ധതിയുടെ തുടർ പരിശീലനങ്ങൾ വരും നാളുകളിൽ നടക്കും.
“സെറ്റ്’ ടീമിന് പുറമേ സർക്കിൾ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സാന്ത്വനം വളണ്ടിയേഴ്സ് താഴെ ഘടകങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.പ്രധാനമായും പാലിയേറ്റീവ് സേവനങ്ങൾ, ആശുപത്രി സേവനങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചാണ് സാന്ത്വനം വളണ്ടിയേഴ്സ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ആറായിരത്തിലധികം യൂനിറ്റ് കേന്ദ്രങ്ങൾ അടിസ്ഥാനപ്പെടുത്തി രൂപവത്കരിച്ച സാന്ത്വനം ക്ലബ് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്. അഞ്ചംഗ സാന്ത്വനം ക്ലബ് യൂനിറ്റുകളിൽ മയ്യിത്ത് പരിചരണം, രോഗീ സന്ദർശനം, അവശരെ കേൾക്കൽ തുടങ്ങി അടിസ്ഥാന ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
യൂനിറ്റ് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന സാന്ത്വന കേന്ദ്രം നിത്യരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കി വരുന്നതിനു പുറമേ വിദ്യാഭ്യാസ ആരോഗ്യ കാർഷിക വികസന തൊഴിൽ രംഗത്തെ സഹായങ്ങൾ, അവസരങ്ങൾ മുതലായവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ഏതു സമയവും സമീപിക്കാവുന്ന ആശ്രയകേന്ദ്രമായി മാറ്റുകയും ചെയ്യുന്നതിന്റെ ഭാഗമായി സാന്ത്വന ജനക്ഷേമ കേന്ദ്രം എന്ന അർഥത്തിൽ പുനർ ഏകീകരിച്ചു കഴിഞ്ഞു. വനിതകൾക്കായുള്ള ഷീ പാലിയേറ്റീവ് വളണ്ടിയേഴ്സ് സ്ത്രീ സമൂഹത്തിനിടയിലെ ആവശ്യമായ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. പ്രഥമഘട്ടത്തിൽ പ്രവർത്തകരുടെ ഭാര്യ, ഉമ്മ, സഹോദരിമാർ തുടങ്ങിയവരാണ് പാലിയേറ്റീവിൽ പ്രവർത്തിച്ചു വരുന്നത്.
അവർക്ക് ആവശ്യമായ പരിശീലനങ്ങൾ യഥാസമയം നൽകിവരുന്നു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ വ്യവസ്ഥാപിതമായ സാന്ത്വന പദ്ധതികൾക്ക് പുറമെ സ്ഥാപന കേന്ദ്രീകൃതമായ തിരുവനന്തപുരം സാന്ത്വനം കേന്ദ്രം, കോഴിക്കോട് സഹായി വാദീ സലാം, തൃശൂർ സാന്ത്വനം മഹൽ, തലക്കോട്ടുകര സാന്ത്വനം റിഹാബിലിറ്റേഷൻ സെന്റർ, തെന്നല പാലിയേറ്റീവ് ക്ലിനിക്, വയനാട് ജില്ലയിൽ ഉൾപ്പെടെയുള്ള വിവിധ ആതുരസേവനങ്ങൾ ഉൾപ്പെടുത്തിയുള്ള സാന്ത്വന കേന്ദ്രങ്ങൾ നിലവിൽ കേരള മുസ്്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു.
സാമ്പ്രദായിക സന്നദ്ധ പ്രവർത്തനങ്ങൾക്ക് പുറമേ ആകസ്മിക ദുരന്തമുഖങ്ങളിലും നാട് വിറങ്ങലിച്ചു നിൽക്കുന്ന ആപത് ഘട്ടങ്ങളിലും സാന്ത്വനത്തിന്റെ സേവന കരങ്ങൾ പരിഹാര പ്രവർത്തനങ്ങളുടെ ഗോദയിൽ സദാനിരതമാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാന പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറിയ വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ അനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ നന്മക്കാഴ്ചകൾ തെളിഞ്ഞു തന്നെ നമുക്കു മുന്നിലുണ്ട്. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥലത്ത് ആദ്യമായി പാഞ്ഞെത്തിയതും യുദ്ധകാലടിസ്ഥാനത്തിൽ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തതുമെല്ലാം സാന്ത്വനത്തിന്റെ പ്രിയങ്കരരായ വളണ്ടിയർമാരായിരുന്നു.
നിസ്വാർഥരായ സമൂഹ സേവന സമർപ്പിത യൗവനങ്ങൾ നാടിന്റെ വിവിധ ദിക്കുകളിൽ കൈമെയ് മറന്ന് രാപ്പകൽ ഭേദമന്യേ ആശ്വാസ പ്രവർത്തനങ്ങൾക്ക് അരയും തലയും മുറുക്കുമ്പോൾ ഈറനണിഞ്ഞ നയനങ്ങളോടെ മാത്രം ഓർത്തെടുക്കാവുന്ന അനേകം പച്ചയായ ജീവിതാനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരം ചിലത് നമുക്കും കേൾക്കാം.
ഹൃദയം തൊടുന്ന ചില അനുഭവങ്ങൾ
“നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞാനെന്റെ വയർ കുത്തിപ്പൊട്ടിക്കാൻ നിൽക്കുകയായിരുന്നു…’
അർബുദ രോഗത്തെ തുടർന്ന് വയറു നീര് വന്ന് വീർത്ത ഒരു സഹോദരി തന്നെ ശുശ്രൂഷിക്കാൻ വന്ന തെന്നല പാലിയേറ്റീവ് കെയർ പ്രവർത്തകരോട് ദയനീയമായി പറഞ്ഞ വാക്കുകളാണിത്. പ്രവർത്തകർ അവരുടെ വയറ്റിൽ നിന്ന് ഒമ്പത് ലിറ്റർ നീര് കുത്തിയെടുത്തു. അനേകം അനുഭവങ്ങളിൽ ഒന്നുമാത്രമാണിത്.
12 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ആദ്യ സംരംഭമായ പാലിയേറ്റീവ് കെയറിന് കീഴിൽ നിലവിൽ രോഗികൾക്ക് ഒ പിയും ഫിസിയോതെറാപ്പിയും ഹോം കെയർ വാഹനങ്ങളും മാനസികാസ്വാസ്ഥ്യം ഉള്ളവർക്ക് തൊഴിൽ പരിശീലനവും ഉൾപ്പെടെ വിവിധ പദ്ധതികൾ നടന്നുവരുന്നു. സ്ഥാപനത്തെ മാതൃകയാക്കി കേരളത്തിൽ വിവിധങ്ങളായ അഞ്ചോളം സ്ഥലങ്ങളിൽ സമാനമായ സംവിധാനം ആരംഭിച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വന്തമായുള്ള പതിമൂന്നര സെന്റ് സ്ഥലത്ത് മൂന്നുനില കെട്ടിടത്തിൽ അടുത്തതായി ഡയാലിസിസ് ആരംഭിക്കാനാണ് തങ്ങളുടെ ഒരുക്കങ്ങൾ എന്ന് തെന്നല പാലിയേറ്റീവ് കെയർ കാര്യദർശി മുഹമ്മദ് ഫാറൂഖ് നഈമി തെന്നല പറഞ്ഞു.
ദുരന്തം പൊട്ടിയൊലിച്ച ചൂരൽ മലയിൽ മനുഷ്യജീവന്റെ ശേഷിപ്പോ മിടിപ്പോ തേടി നടക്കുന്നതിനിടയിലാണ് ദയനീയമായ മറ്റൊരു ശബ്ദം കാതിൽ ഉടക്കിയത്.
രണ്ട് അരുമപ്പശുക്കിടാക്കളുടെ ദീനരോദനം. തകർന്ന ഒരു വീടിന്റെ സെന്റർ ഹാളിൽ നിന്നാണത്. വിലപ്പെട്ട ആ രണ്ട് ജീവനുകളെ വാരിയെടുത്ത് ഒരു വാഹനത്തിൽ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോയി. ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ അത് തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഞങ്ങളുടെ നമ്പർ ടെലിസ്ക്രീനിൽ കണ്ട് നൂറുകണക്കിനാളുകളാണ് വിളിച്ചത്, ആ പശുക്കിടാങ്ങളുടെ ക്ഷേമം അന്വേഷിച്ചു കൊണ്ട്. ഞങ്ങൾ അതിനാവശ്യമായ കാലിത്തീറ്റയുമായി പുറപ്പെട്ടു. ആവശ്യമായ വൈക്കോൽ ഞങ്ങൾ എത്തിക്കാം… അങ്ങനെ തുടങ്ങുന്നു മലയാളിയുടെ സ്നേഹത്തിന്റെ മഹാപ്രവാഹം.
വൈകാതെ അതേ വീടിന്റെ ടോയ്‌ലറ്റിൽ നിന്ന് മറ്റൊരു പശുവിനെയും രക്ഷിക്കാൻ കഴിഞ്ഞു. ജനവാസ മേഖലയിൽ അവകളെ വിടൂ എന്നായിരുന്നു ആദ്യം അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയ മറുപടി പറ്റില്ലെന്നും ഇവർ ഉൾപ്പെടെയുള്ള നിരവധി മൃഗങ്ങൾക്ക് ആവശ്യമായ ദുരിതാശ്വാസ സംവിധാനം ഏർപ്പെടുത്തണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. കോഴിയും ആടും നായയും പശുവും ഉൾപ്പെടെ 105 ഓളം മൃഗങ്ങൾക്ക് വേണ്ടി അങ്ങനെ പ്രത്യേകമായ ദുരിതാശ്വാസ കേന്ദ്രം ലഭ്യമായി.
സാന്ത്വന ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഇതെല്ലാം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ്. കണ്ണൂർ ജില്ലാ എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം & പരിയാരം മെഡിക്കൽ കോളജ് വളണ്ടിയേഴ്സുമായി ചൂരൽമലയിൽ സേവന നിരതനായ വളണ്ടിയർ ചീഫ് മുഹമ്മദ് റഫീഖ് അമാനി കണ്ണൂർ ചാരിതാർഥ്യത്തോടെ തന്റെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ചു. മോർച്ചറിയിലും ഖബർ കുഴിക്കുന്നിടത്തും ശരീരഭാഗങ്ങൾ തിരയുന്നിടത്തുമെല്ലാം വളണ്ടിയർമാർ സജീവമായിരുന്നു.
അലിവിന്റെ ആകാശങ്ങൾ
കൊവിഡ് കാലഘട്ടത്തിൽ വിദേശ രാഷ്ട്രങ്ങളിലെ 3000 ത്തോളം ആളുകളിലേക്ക് മരുന്ന് എത്തിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് മലപ്പുറം നിലമ്പൂരിലെ സഫുവാൻ അസ്ഹരി കൂറ്റമ്പാറ. ഗവൺമെന്റ് സംവിധാനങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ പൊതുരംഗങ്ങളിൽ ട്രെയിനിംഗ് ലഭിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൂരൽമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും ശുചീകരിക്കാനും ഇൻക്വസ്റ്റ് നടപടികൾക്ക് സഹായിക്കാനും പ്രത്യേകം സാന്ത്വനം വളണ്ടിയർമാർ സജ്ജമായിരുന്നു. കൊവിഡ് മയ്യിത്ത് പരിപാലന അവബോധ രംഗത്ത് 50 ലധികം ക്ലാസ്സുകൾ എടുത്തുകൊണ്ടും കൃത്യമായ പരിശീലന മുറകൾ ജനകീയമാക്കിയും സാന്ത്വന പ്രവർത്തനരംഗത്ത് പ്രവർത്തിച്ച ഇദ്ദേഹത്തിന് നമ്മുടെ നിലവിലെ ഡിസാസ്റ്റർ മാനേജ് സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും കൃത്യമായ നിരീക്ഷണമുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള കൂടുതൽ സുതാര്യമായ വഴികൾ ലഭ്യമാക്കുകയും ഇൻക്വസ്റ്റ് നടപടികളിലെ സമയനഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യുക ഉൾപ്പെടെ പ്രായോഗികമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂർ പഴയങ്ങാടിയിലെ ഒരു അഭ്യുദയകാംക്ഷി പാവപ്പെട്ട ഒരാൾക്ക് ഒരു സഹായംനൽകാൻ എന്നെ സമീപിച്ചു. അർഹതപ്പെട്ട ഒരാളെ മനസ്സിൽ ഉറപ്പിച്ച് അരികിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ആദരിക്കപ്പെടേണ്ട ഒരാൾ ഒറ്റപ്പെട്ട് പരിസരം മറന്ന് ജീവിതം താളം തെറ്റിയ നിലയിൽ കഴിയുന്നു. മനസ്സിൽ ഒരു കൊള്ളിമീൻ മിന്നി. നോക്കേണ്ടവർ തിരിഞ്ഞു നോക്കുന്നില്ല. ഒരു സാധാരണ അധ്യാപക ജോലി മാത്രമുണ്ടായിരിക്കെ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് വർഷത്തിലധികം പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാം സ്വന്തമായി ചെയ്തുകൊടുത്തു. മനസ്സിന് എന്തെന്നില്ലാത്ത ഒരു ഊർജം കൈ വന്നതുപോലെ.
ആ സേവനം തുടർന്നു, അദ്ദേഹം വേർപെടുമ്പോൾ 17 പേർ സമാനരായ ആളുകൾ അങ്ങനെ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. പ്രചോദനങ്ങളുടെ പിൻബലത്തിൽ മുന്നോട്ടു തന്നെ നടന്നു. അന്നത്തെ ആ മനക്കരുത്ത് ഇന്ന് ഹൃദയങ്ങൾ ഏറ്റെടുത്ത ഗാർഡിയൻ ഏഞ്ചൽസ് സ്നേഹ സദനത്തിലേക്ക് എത്തിച്ചു. സ്വന്തമായ കെട്ടിടവും ചികിത്സാ സൗകര്യവും ആംബുലൻസും ഉൾപ്പെടെയുള്ള നൂറിലേറെ ആളുകൾ ആശ്രയിച്ചു കഴിയുന്ന മഹത്തായ ഒരു സാന്ത്വന പ്രവർത്തന കേന്ദ്രം. കോഴിക്കോട് മർകസ് പഠനകാലത്ത് ഫീൽഡ് ജീവകാരുണ്യ പ്രവർത്തനത്തിന് പോയ നാളുകളിൽ ലഭിച്ച വലിയ ആത്മവിശ്വാസമാണ് ഇത്തരത്തിലുള്ള ശ്രമകരമായ സാന്ത്വന പ്രവർത്തന ദൗത്യങ്ങൾക്ക് പ്രേരകം എന്ന് വർഷങ്ങളായി ഈ സദുദ്യമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അബ്ദുർറശീദ് സഖാഫി പഴയങ്ങാടി ചാരിതാർഥ്യത്തോടെ പറയുന്നു
30 കൊല്ലം ദുബൈ കറാമ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത ഒരു പ്രവാസി… അബൂദബിയിലെ പ്രമുഖ സ്കൂളിൽ ജോലി ചെയ്തിരുന്ന ഒരാൾ.. ഷാർജ എയർപോർട്ടിൽ ഒരു ലക്ഷം രൂപ ശമ്പളത്തിൽ പണിയെടുത്ത മറ്റൊരാൾ.
ജീവിതത്തിന്റെ പ്രതാപകാലം കഴിയുമ്പോൾ ആർക്കും വേണ്ടാതെ ഉറ്റവർ കൈയൊഴിയുന്ന അനേകം ആളുകളിൽ മൂന്നുപേർ മാത്രമാണ് ഇവർ.തൃശൂർ തലക്കോട്ടുകര സാന്ത്വനം റിഹാബിലിറ്റേഷൻ സെന്ററിലെ ആരാരുമില്ലാത്ത അന്തേവാസികളുടെ കൂട്ടത്തിൽ ഒരുകാലത്ത് എല്ലാം ഉണ്ടായിരുന്നവർ പതിയെ കൈയൊഴിയുന്നതിന്റെ ദയനീയതയാണ് സെന്ററിന്റെ സാരഥി ബഷീർ അശ്റഫി ചേർപ്പ് ആശങ്കയോടെ പങ്കുവെച്ചത്.
പതിറ്റാണ്ട് നീണ്ട തൃശൂർ മെഡിക്കൽ കോളജ് സാന്ത്വനം മഹൽ സേവന കാലയളവിൽ രോഗപീഠകളാൽ പ്രയാസമനുഭവിക്കുന്ന നാനാതുറകളിലുള്ള അനേകം മനുഷ്യ ജീവനുകളെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്.
കാലിൽ നീര് വന്ന് സ്പോഞ്ച് പോലെയായി ദുർഗന്ധം വന്നു കാൽമുറിക്കാൻ സർജറിക്ക് മക്കൾ ഒപ്പിടാത്തതിന്റെ കദനകഥ പറയുന്ന ഒരു ഉമ്മയെ വഴിയിൽ വെച്ച് കണ്ടത് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. മക്കളെല്ലാത്തവർ ഒപ്പിടാൻ കഴിയില്ല നിയമ പ്രശ്നങ്ങളുണ്ട്. ആ നിസ്സഹായ സാഹചര്യത്തെ കുറിപ്പാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അത് കറങ്ങി ആ മക്കളുടെ മുന്നിലെത്തി. വൈകാതെ അവർ മനസ്സില്ലാ മനസ്സോടെ ആശുപത്രിയിൽ വന്നു വാപ്പയെ ഏറ്റെടുക്കാൻ അല്ല ഞങ്ങളെക്കുറിച്ച് എഴുതി നാറ്റിച്ചില്ലേ എന്ന് ചോദിക്കാൻ. സർജറി കഴിഞ്ഞു… ആ പിതാവ് വൈകാതെ യാത്രയായി. മൃതദേഹം പോലും അവർ ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചു.
മനുഷ്യൻ എന്ന നിലയിൽ നിർവികാരതയുടെ നിലം കാണാക്കയത്തിൽ മുങ്ങിത്താവുന്ന അതിദയനീയ സാഹചര്യങ്ങൾ. സാന്ത്വനം അത്തരക്കാർക്ക് നാട്യങ്ങളില്ലാതെ തണലും തുണയും ആവുകയാണ്. ഈ ശ്രമങ്ങൾക്ക് പ്രതിഫലങ്ങൾ ഏറെയുണ്ട്. ഇത്തരം കഥകൾ പറഞ്ഞാൽ തീരില്ല അദ്ദേഹം ചുരുക്കി.
വയനാടിന്റെ മുറിവുണക്കാൻ…
ഉരുൾ എല്ലാം തകർത്ത വെള്ളാർമലയിൽ ചെളിയിൽ പുതഞ്ഞ് ദേഹമാസകലം മുറിഞ്ഞ് ജീവൻ മാത്രം ബാക്കിയായി ലഭിച്ച അവ്യക്ത് എന്ന ഒന്പത് വയസ്സുകാരനെ നിങ്ങൾക്ക് ഓർമയുണ്ടോ? ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ മണ്ണ് കേറി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു മാസത്തെ ചികിത്സക്കു ശേഷം ഒറ്റ മുറി വാടകവീട്ടിലേക്ക് തിരുകെയെത്തിയ അവന് അമ്മയല്ലാത്ത എല്ലാവരും നഷ്ടപ്പെട്ടു.
ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ രാത്രി പ്രകൃതിയുടെ അതിഭീകര താണ്ഡവത്തിൽ മുഖത്തോളം മണ്ണിൽ മുങ്ങി വിരൽതലപ്പു മാത്രം പുറത്തുനിൽക്കുന്ന സാഹചര്യത്തിലാണ് സാന്ത്വനം വളണ്ടിയർമാർ അവനെ ജീവിതത്തിലേക്ക് വലിച്ചെടുത്തത്.
അവ്യക്തിന്റെ പോലെ വ്യക്തതയുള്ളതും അവ്യക്തമായതുമായ അനേകം രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൃതാർഥതയിലാണ് സാന്ത്വനം വളണ്ടിയേഴ്സ്.
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഒരു നാടാകെ ഒലിച്ചുപോയ വയനാട് ചൂരൽമല – മുണ്ടക്കൈ ദുരിത ഭൂമികളിൽ ദുരന്തത്തിന്റെ ഉത്ഭവസ്ഥാനത്ത് ആദ്യം തന്നെ അവർ ഓടിയെത്തി. ആ നിമിഷം മുതൽ പിന്നീടിങ്ങോട്ട് തങ്ങളാൽ കഴിയുന്ന ഒട്ടനേകം റെസ്ക്യൂ പ്രവർത്തനങ്ങളുമായി അവർ കർമ മണ്ണിൽ തന്നെ കഴിഞ്ഞു.
ദുരന്തത്തിൽ പെട്ടവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കുന്ന സുൽത്താൻബത്തേരി മേപ്പാടി വഴിയിൽ പാടിവയൽ എന്ന പ്രദേശത്ത് രാത്രി രണ്ട് മണിക്ക് മരം വീണ് ഗതാഗതം തടസ്സമായ ഘട്ടം വളരെ ദുഷ്കരമായിരുന്നു. അഞ്ചിലേറെ ആംബുലൻസുകൾ വഴിയിൽ തടസ്സപ്പെട്ട് കിടന്നു. നിസ്സഹായത തളംകെട്ടി നിന്ന നിമിഷങ്ങൾ… സാന്ത്വനം വളണ്ടിയർമാർ സർവ സംവിധാനങ്ങളോടുകൂടെ ആ രാത്രി അവിടെ ഓടിയെത്തി മരച്ചില്ലകൾ വെട്ടിയൊതുക്കി റോഡ് ഗതാഗത യോഗ്യമാക്കി.
വീടിന് നാല് അടി ഉയരെ ചെളിവെള്ളം നിറഞ്ഞ നിലയിലാണ് തമ്പി എന്ന വയോധികനും ഭാര്യയും ജീവനുവേണ്ടി കേണ് കൊണ്ടേയിരുന്നത്. സമയം രാത്രി മൂന്നര മണി കഴിഞ്ഞിട്ടുണ്ട്. നാല് അംഗങ്ങൾ അടങ്ങിയ സാന്ത്വനം സംഘം അവരെ കൈപ്പിടിച്ച് പൊടുന്നനെ രക്ഷപ്പെടുത്തി.
വന്യ ജീവി ഭീഷണി നിലനിൽക്കുന്ന മലമുകൾ ഭാഗത്തേക്ക് അവരെ അതിസാഹസികമായി കൊണ്ടുപോയി അധികൃതരെ ബന്ധപ്പെട്ട് പുനരധിവാസ കേന്ദ്രത്തിലേക്ക് നീക്കി.ഇതൊരു തമ്പിയുടെ മാത്രം കഥയല്ല, നൂറുകണക്കിന് ഇതുപോലുള്ള മനുഷ്യർക്ക് സാന്ത്വനം അഭയം ഒരുക്കി.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ട ഒരു പ്രദേശമായ പുതിയ വില്ലേജ് റോഡിലെ സർക്കിൾ ഭാഗത്തെ രക്ഷാപ്രവർത്തനം ഓർക്കുമ്പോൾ സാന്ത്വനം പ്രവർത്തകർക്ക് പറയാൻ വാക്കുകൾ ഏറെയാണ്.
ജെ സി ബിയും ഹിറ്റാച്ചിയും എത്താത്ത വൻമരങ്ങൾ അടിഞ്ഞുപോയ സ്ഥലം. കൈയിൽ കരുതിയ ഉപകരണങ്ങൾ കൊണ്ട് അവർ മൃതദേഹങ്ങൾ തിരഞ്ഞു. ഒരൊറ്റ ദിവസം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രാവിലെ 9.30ന് തുടങ്ങിയ ആ ഉദ്യമം ഉച്ചക്ക് 3 മണി വരെ നീണ്ടു. അതുവരെയും ഏതെങ്കിലും ചാനലുകളോ സർക്കാർ സംവിധാനങ്ങളോ അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. സ്ട്രക്ചറിൽ മൃതദേഹങ്ങൾ കയറ്റി കാൽനടയായി 800 മീറ്ററോളം അതിസാഹസികമായി അവർ നടന്നു. കുത്തിയൊലിക്കുന്ന പുഴയിൽ മുട്ടുവരെ വെള്ളത്തിൽ മൃതദേഹങ്ങൾ ഓരോന്നായി ഏറ്റിക്കൊണ്ട് അക്കര കടത്തി.
10 ദിവസം കഴിഞ്ഞിട്ടും തന്റെ മാതാവ് തിരികെ വരുമെന്ന പ്രത്യാശയിൽ വാവിട്ടു കരയുന്ന മകനെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. ആ മകന്റെ ഒരു സമാധാനത്തിനു വേണ്ടി രണ്ട് ഹിറ്റാച്ചി വെച്ച് മണ്ണു മാന്തി.
എന്റെ ഉമ്മ എവിടെയും പോയിട്ടില്ല ഞങ്ങളെ സുരക്ഷിതമാക്കുമ്പോഴേക്കും ഒരു വെള്ളത്തിൽ തെറിച്ചു പോയതാണ് ഇവിടെത്തന്നെ എന്റെ ഉമ്മ കാണും എന്ന് ആ മകൻ പരിസരം മറന്നു വാവിട്ടു കരഞ്ഞു പറഞ്ഞിരുന്നു.
പക്ഷേ മാസം മൂന്ന് കഴിഞ്ഞിട്ടും ആ ഉമ്മയുടെ ഒരു വിവരവുമില്ല. മനസ്സിൽ ഇപ്പോഴും തകർന്ന വീടിന്റെ പശ്ചാത്തലത്തിൽ ഉമ്മയെ ഓർത്തു വിതുമ്പുന്ന മകന്റെ മുഖമാണ്. വാക്കുകളുടെ നിഘണ്ടുകൾ ശൂന്യമാകുന്ന സന്ദർഭം. അവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ.. മുറിഞ്ഞ സ്വരത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ ശമീർ തോമാട്ടുചാൽ ആത്മഗതം ചെയ്തു.
ചൂരൽ മലയിലെ ഉരുൾപൊട്ടൽ അനന്തര അങ്ങാടിക്കാഴ്ച അതീവ ദയനീയമായിരുന്നു. കടകളും ഓഫീസുകളും ഉൾപ്പെടെ എല്ലാം അര ഉയരത്തിൽ ചെളിവെള്ളമാണ്. വ്യാപാരസ്ഥാപനങ്ങളും ഓഫീസും ക്ലീനിംഗ് ചെയ്ത് പൂർത്തിയാക്കാൻ 12 ദിവസം എടുത്തു. കൈമെയ് മറന്ന ആ പരിശ്രമങ്ങളെ ഏതു വേദിയിലും വ്യാപാരികൾ നന്ദിപൂർവമാണ് ഓർക്കുന്നത്.
അഞ്ചടി ഉയരത്തിൽ ചെളി വന്നടിഞ്ഞ വില്ലേജ് ഓഫീസ് ശുചീകരിക്കാൻ അധികൃതർ ഔദ്യോഗികമായി തന്നെ സാന്ത്വനം വളണ്ടിയർമാരെ ബന്ധപ്പെട്ടു. 48 വളണ്ടിയർമാർ കഠിന പരിശ്രമം നടത്തി ഓഫീസ് പൂർവസ്ഥിതിയിലാക്കി. ഫയലുകളും കമ്പ്യൂട്ടറുകളും വിവിധ ഫർണിച്ചറുകളും ഉൾപ്പെടെ ചെളിയിൽ പൂണ്ടു പോയിരുന്നു. കിണർ മുഴുവൻ ചെളിക്കുളമായി. എല്ലാം ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി.
താത്കാലിക വില്ലേജ് ഓഫീസ് ആയ വൃദ്ധ സദനത്തിലേക്ക് സാധനങ്ങൾ ഷിഫ്റ്റ് ചെയ്യൽ ഉൾപ്പെടെ സാന്ത്വനം വളണ്ടിർമാരാണ് അരയും തലയും മുറുക്കി പൂർത്തിയാക്കിയത്.
പ്രദേശത്ത് 25 ലേറെ കിണറുകൾ പൂർണമായും ഉപയോഗശൂന്യമായിരുന്നത് സാന്ത്വനം സഹോദരന്മാർ ശുചീകരിച്ചു കൊടുത്തു.
എല്ലാം തകർന്നെങ്കിലും പിന്നീട് കിട്ടുന്ന വിലപ്പെട്ട വസ്തുക്കൾ പിൽക്കാല ജീവിതത്തിലേക്ക് ഒരു ആശ്വാസത്തിന്റെ ഇളം കാറ്റാണ്.. അത്തരം ചില സന്തോഷങ്ങൾക്ക് കാരണമാകാനും സാന്ത്വനം വളണ്ടിയർമാർക്ക് കഴിഞ്ഞു. മുണ്ടക്കൈയിലെ ജോസും മറ്റു ചില സഹോദരിമാരും ആ സൗഭാഗ്യം അനുഭവിച്ചവരാണ്. തിരച്ചിലിനിടയിൽ കിട്ടിയ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപ്പെട്ട വസ്തുക്കൾ അവർ ഉടമകൾക്ക് ഉത്തരവാദിത്വത്തോടെ കൈമാറി.ദുരന്ത ഭൂമിയിലും കവർച്ചയുടെ കറുത്ത വാർത്തകൾ വന്നിരുന്ന നാളുകളിലാണ് അത് എന്നതാണ് ശ്രദ്ധേയം.
പരപ്പുംപാറ കടച്ചിറക്കുന്ന് കാടശ്ശേരിയിൽ നാല് കിലോമീറ്റർ കുത്തനെ ഇറങ്ങിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് സാന്ത്വനം വളണ്ടിയർമാർ മുന്നിട്ടിറങ്ങിയത്. ശരീരഭാഗങ്ങൾ മുകളിലേക്ക് കയറ്റാൻ യന്ത്ര സൗകര്യങ്ങൾ ഇല്ലാതായപ്പോൾ നാലരമണിക്കൂർ ചുമലിലേറ്റിയാണ് കൈകാലുകൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ അവർ മുകളിലേക്ക് കയറ്റിയത്.
മുണ്ടക്കൈയിലെ ജോയിയുടെ ശരീരഭാഗം പൊതുശ്മശാനത്തിൽ സംസ്കരിച്ചതിനുശേഷം ഡി എൻ എ ടെസ്റ്റ് വന്നപ്പോൾ അത് ക്രിസ്ത്യൻ പള്ളിയങ്കണത്തിലേക്ക് മറവ് ചെയ്യണം എന്നായി. ആദ്യം മറവ് ചെയ്ത ഭാഗത്ത് നിന്ന് ശരീരഭാഗം കുഴിച്ചെടുത്ത് നിർദിഷ്ട പള്ളിയങ്കണത്തിലേക്ക് സാന്ത്വനം വളണ്ടിയർമാർ വളരെ ഉത്തരവാദിത്വത്തോടെ എത്തിച്ചു. പന്ത്രണ്ടംഗ സംഘം ആവശ്യമായ ശുചീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തി അദ്ദേഹത്തിന്റെ മതാചാരപ്രകാരമുള്ള സംസ്കാരപ്രവർത്തനങ്ങൾക്ക് സഹായം ഒരുക്കി. സ്വർണാഭരണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സംശയിക്കുന്ന വീടുകൾ തിരയാൻ പ്രത്യേകം സാന്ത്വനം വളണ്ടിയർമാരെ വിളിച്ച് ഏർപ്പാടാക്കുന്നത് തങ്ങളിലുള്ള വിശ്വാസ്യതമൂലമാണ് എന്നതിൽ അഭിമാനിക്കുന്നു എന്ന് വളണ്ടിയർമാർ പറയുന്നു.
ദുരന്തത്തിൽ മരണപ്പെട്ട ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളിയുടെ ചിതാഭസ്മം ദഹിപ്പിക്കലിനു ശേഷം സംസ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാട്ടിലേക്ക് പോകാൻ സാന്ത്വനം പ്രവർത്തകരോട് സഹായം ആവശ്യപ്പെട്ടതും സാന്ത്വനം പ്രവർത്തകർ അത് ഭംഗിയായി നിർവഹിച്ചതും മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ള പ്രമുഖർ പ്രസ്തുത പ്രവർത്തനം പ്രശംസിച്ചതും സാന്ത്വന പ്രവർത്തനരംഗത്ത് ചാരിതാർഥ്യത്തോടെ അനുഭവിക്കുന്ന ഓർമകളാണ് എന്ന് വയനാട് ജില്ലാ സാന്ത്വനം സെക്രട്ടറി ഫള്്ലുൽ ആബിദ് പറഞ്ഞു.സാന്ത്വന സേവനങ്ങൾ ഒരു ആരാധനയായി കണാനാകുന്നത് കൊണ്ടാണ് ഈ യുവതക്ക് മണ്ണിനോടും മനുഷ്യരോടും ഇങ്ങനെ ഇഴുകി ച്ചേരാനാകുന്നത്. ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന കേരള യുവജന സമ്മേളന പ്രമേയവും പ്രാഘോഷിക്കുന്നത് ഈ വിശാല ആശയമാണ്.